റിയാദ്: മൊബൈൽ ഫോൺ നമ്പർ മോഷ്ടിച്ച് തട്ടിപ്പ് നടത്തുന്ന സൈബർ കള്ളന്റെ കെണിയിൽ കുരുങ്ങി മലയാളി. റിയാദിലുള്ള എടവണ്ണപ്പാറ സ്വദേശി അൻവർ സാദത്തിന്റെ നമ്പറാണ് ഉറങ്ങിക്കിടക്കുമ്പോൾ സൈബർ കള്ളൻ മോഷ്ടിച്ചത്. രാവിലെ എഴുന്നേറ്റപ്പോൾ മൊബൈൽ ലൈൻ പ്രവർത്തന രഹിതമായിരുന്നു.
ബില്ല് അടക്കാനുള്ള സന്ദേശം മെസേജ് ബോക്സിൽ വന്നുകിടപ്പുണ്ടായിരുന്നു. കൃത്യമായി ബില്ലടക്കുന്നതിനാൽ കുടിശ്ശിക ഒന്നുമില്ലാതിരിക്കെയാണ് സന്ദേശം വന്നത്. സാങ്കേതിക തകരാർ സംഭവിച്ച് ലൈൻ വിച്ഛേദിക്കപ്പെട്ടതാകുമെന്നാണ് ആദ്യം കരുതിയത്. സമയമേറെ കഴിഞ്ഞിട്ടും ലൈൻ പുനഃസ്ഥാപിക്കാതെ വന്നപ്പോൾ മൊബൈൽ കമ്പനിയുമായി ബന്ധപ്പെട്ടു.
നിലവിലെ പോസ്റ്റ് പെയ്ഡ് നമ്പർ മറ്റൊരു കമ്പനിയിലേക്ക് പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു എന്ന മറുപടിയാണ് ലഭിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് നമ്പർ മോഷ്ടിക്കപ്പെട്ടിരിക്കുകയാണെന്ന് മനസ്സിലായത്.ഐ.ടി കമ്പനി ജീവനക്കാരനായിരുന്നതിനാൽ സന്ദർഭത്തിനൊത്ത് ഉയർന്ന് അബ്ഷർ വഴി മൊബൈൽ നമ്പർ മാറ്റി സുരക്ഷിതനാകാൻ ശ്രമിച്ചു. എന്നാൽ, കള്ളൻ അവിടെയും എത്തിയിരുന്നു. അബ്ഷറിലെ സ്വന്തം അക്കൗണ്ടിൽ അൻവറിന് ഇടപെടാൻ കഴിയുന്നുണ്ടായിരുന്നില്ല.
ഒ.ടി.പി പോകുന്നത് പോർട്ട് ചെയ്ത നമ്പറിലേക്കാണ്. കള്ളൻ ചില്ലറക്കാരനല്ല എന്ന് മനസ്സിലായതോടെ ബാങ്കിലെ പണം പിൻവലിച്ച് സുരക്ഷിതനായി. അതിവേഗം പുതിയ നമ്പർ നേടി അബ്ഷർ കിയോസ്ക് വഴി ഫിംഗർ പ്രിൻറ് സ്കാൻ ചെയ്ത് സുരക്ഷ ഉറപ്പാക്കി. ഇഖാമയുടെ പേരിൽ എത്ര മൊബൈൽ നമ്പറുണ്ടെന്ന് പരിശോധിച്ചപ്പോൾ വേറെയും നമ്പറുകൾ കണ്ടെത്തി.
അതത് മൊബൈൽ കമ്പനികൾക്ക് പരാതി നൽകി അതെല്ലാം മരവിപ്പിച്ചു. കൃത്യസമയത്ത് കള്ളന്റെ നീക്കങ്ങളെല്ലാം പരാജയപ്പെടുത്തുംവിധം ഇടപെട്ടതുകൊണ്ട് പുതിയ സിം കാർഡുകൾക്കുള്ള പണമല്ലാതെ ഭാരിച്ച നഷ്ടങ്ങളൊന്നും സംഭവിച്ചില്ല. മൊബൈലിലേക്ക് ഇടക്ക് പുതിയ സിം കാർഡ് വാങ്ങിയതായി സന്ദേശം വരാറുണ്ടായിരുന്നു. അപ്പോൾതന്നെ അത് വ്യാജമാണെന്നും കാൻസൽ ചെയ്യണമെന്നും ആവശ്യപ്പെട്ട് പരാതി കൊടുക്കുകയും പതിവായിരുന്നു. എന്നാൽ, ഇതുപോലൊരു തട്ടിപ്പുണ്ടാവുമെന്ന് കരുതിയില്ലെന്ന് അൻവർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. പഴയ നമ്പർ തിരിച്ചുകിട്ടണമെന്നും മോഷണത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മൊബൈൽ കമ്പനിയിൽ പരാതി നൽകി. അഞ്ച് ദിവസം കഴിഞ്ഞിട്ടും ബന്ധപ്പെട്ട വിഷയത്തിൽ മറുപടിയോ നടപടിയോ കാണാതായപ്പോൾ സൗദി കമ്യൂണിക്കേഷൻ മന്ത്രാലയത്തിന് കീഴിലുള്ള സി.എസ്.ടിക്ക് പരാതി നൽകി കാത്തിരിക്കുകയാണിപ്പോൾ.
മൊബൈൽ ഫോൺ മോഷണം പോകുന്ന പോലെയല്ല, ബാങ്ക്, അബ്ഷർ ഉൾപ്പടെയുള്ള പ്രധാന രേഖകളുടെ താക്കോലായ മൊബൈൽ നമ്പർ മോഷ്ടിക്കപ്പെടുന്നത്. സാമ്പത്തിക നഷ്ടങ്ങളുണ്ടാകാനും നിയമക്കുരുക്കിൽ പെടാനും ഇത് കാരണമാകുമെന്നും ഇത്തരം മോഷണങ്ങൾക്ക് ഇരയായാൽ പരാതി നൽകുകയും അതിന്റെ മറുപടിക്ക് കാത്തുനിൽക്കാതെതന്നെ ആവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കണമെന്നും അൻവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.