യാംബു: കഷണ്ടിക്കാർക്കും കുടവയറുകാർക്കും മറ്റു പല രോഗങ്ങൾക്കും ‘ഒറ്റമൂലി’യുമായി തട്ടിപ്പിനിറങ്ങിയ സംഘത്തിലെ ചിലർ യാംബുവിൽ പൊലീസ് പിടിയിലായി. പൊലീസ് രഹസ്യാന്യോഷണ വിഭാഗമാണ് കസ്റ്റഡിയിലെടുത്തത്. വ്യാജമരുന്ന് വിതരണത്തിന് ഒത്താശ ചെയ്ത, ടൗണിലെ മലയാളി റസ്റ്റോറൻറിന് സമീപത്തുള്ള ഒരു ചെറിയ ഷോപ്പും സീൽ ചെയ്തിട്ടുണ്ട്.
മുടി വളരാനും കാഴ്ച ശക്തി തിരിച്ചുകിട്ടാനും പ്രമേഹ രോഗത്തിനും മാത്രമല്ല സാധാരണ അലട്ടുന്ന പ്രശ്നങ്ങൾക്കൊക്കെ ഒറ്റമൂലി മരുന്നുകളുണ്ടെന്ന വ്യാജേന ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘം യാംബുവിലും വിലസുന്ന വാർത്ത ഏപ്രിൽ ഒന്നിന് ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു.
ഇതോടെ ഇരകളായ മലയാളികളടക്കം നിരവധി പേർ രംഗത്തുവന്ന് കബളിപ്പിക്കപ്പെട്ടതിനെ കുറിച്ച് പറഞ്ഞു. എല്ലാവരും ജാഗ്രത പുലർത്താൻ തുടങ്ങി. ഇതോടെയാണ് തട്ടിപ്പുകാർ കുടുങ്ങാൻ തുടങ്ങിയത്.
സ്ഥിരമായി ഒലിവ് ഓയിൽ വാങ്ങുന്ന പാക്കിസ്താനി വ്യാജ മരുന്ന് ഉണ്ടാക്കാൻ ഇത് ഉപയോഗപ്പെടുത്തുന്നതായി നിരീക്ഷണത്തിൽ ടൗണിലെ ഒരു കടയിൽ സെയിൽസ്മാന് മനസ്സിലായി. ദിവസം പല തവണ ഓയിൽ വാങ്ങുന്നതും കാൻവാസിങ്ങിനെന്ന പോലെ ആളുകളുമായി ഇടപഴകുന്നതും കണ്ടപ്പോൾ ഇത് ഒറ്റമൂലി തട്ടിപ്പ് തന്നെയാകുമെന്ന് മനസിലായത് വാർത്ത വായിക്കാനിടയായത് കൊണ്ടാണെന്നും സെയിൽസ്മാനായ ഇദ്രീസ് തോട്ടത്തിൽ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഹിന്ദിയിലും ഉറുദുവിലും ഇംഗ്ലീഷിലുമൊക്കെ വശ്യമായ രീതിയിൽ സംസാരിച്ച് ആളുകളെ കൈയ്യിലെടുക്കുന്ന തട്ടിപ്പു സംഘത്തിെൻറ കെണിയിൽ സൗദിയിലെ വിവിധ ഭാഗങ്ങളിൽ മലയാളികളടക്കം പലരും വീണിരുന്നു.
ഇത്തരം ഒറ്റമൂലി തട്ടിപ്പുകാർ നേരത്തെ ദമ്മാമിലും റിയാദിലും അബഹയിലും മറ്റും നടത്തിയിരുന്നതിനെയും വ്യാജന്മാരിൽ ചിലരെങ്കിലും പൊലീസിെൻറ പിടിയിലായതും ‘ഗൾഫ് മാധ്യമം’ പല തവണ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തകൾ വായിച്ച ഒട്ടേറെ മലയാളികൾ കെണിയിൽനിന്ന് രക്ഷപ്പെട്ടിരുന്നു. തട്ടിപ്പു സംഘത്തിെൻറ വാക്കിൽ വീണുപോയ പലർക്കും നേരത്തെ പണം നഷ്ടപ്പെട്ടിരുന്നു.
പൊലീസ് തട്ടിപ്പു സംഘത്തെ വലയിലാക്കിയതും അതിെൻറ പിന്നിലുള്ള ആളുകളെ കുറിച്ച് അന്വേഷണം തുടരുന്നതും ഇത്തരം തട്ടിപ്പുകൾ പൂർണമായും ഇല്ലാതാക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.