ഇഖാമ മൂന്നുമാസത്തേക്ക് സൗജന്യമായി പുതുക്കി തുടങ്ങി

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് സാഹചര്യത്തിൽ വിദേശ തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം പ്രാബല്യത്തിലായി. ലെവിയോ മറ്റ് ഫീസുകളോ ഇല്ലാതെ ഇഖാമ (റെസിഡൻറ് പെർമിറ്റ്) മൂന്നുമാസത്തേക്ക് സൗജന്യമായി പുതുക്കി നൽകി തുടങ്ങി.

വെള്ളിയാഴ്ച പുലർച്ചെ മുതൽ ഇൗ നടപടിക്ക് തുടക്കമായി. വിദേശ തൊഴിലാളികൾക്ക് മാത്രമല്ല, അവരുടെ ആശ്രിതർക്കും ഇളവ് ലഭിച്ചു. ആശ്രിതരുടെയും ഇഖാമകൾ പുതുക്കുന്നു. സൗദി പാസ്പോർട്ട് വിഭാഗം (ജവാസത്ത്) സ്വയമേവയാണ് പുതുക്കുന്നത്. ഇതിനായി അപേക്ഷ നൽകുകയോ ജവാസത്തിനെ നേരിട്ട് സമീപിക്കുകയോ വേണ്ട.

വെള്ളിയാഴ്ച രാവിലെ എല്ലാവർക്കും എസ്.എം.എസ് ലഭിച്ചപ്പോഴാണ് തങ്ങളുടെ ഇഖാമകൾ പുതുക്കിയ വിവരം പ്രവാസികൾ അറിയുന്നത്. നാടുകളിൽ അവധിയിൽ കഴിയുന്നവരുടെ ഇഖാമകളും ഇതേപോലെ പുതുക്കിയിട്ടുണ്ട്. മാര്‍ച്ച് 18നും ജൂണ്‍ 30നും ഇടയില്‍ ഇഖാമയുടെ കാലാവധി കഴിയുന്നവരാണ് ഇൗ ആനുകൂല്യത്തി​​െൻറ പരിധിയിൽ വരുന്നത്. ഇൗ മൂന്നുമാസ കാലയളവും പൂർണമായും സൗജന്യമാണ്.
ഇഖാമ ഫീസ്, ലെവി, ആശ്രിത ലെവി തുടങ്ങി ഒരു സർക്കാർ ഫീസും ഇൗ മൂന്നുമാസത്തേക്ക് നൽകേണ്ട. ആശ്രിതരുമായി കഴിയുന്ന വിദേശികൾക്കും ഇത് ഇരട്ട നേട്ടമാണ്. ലെവി ഇനത്തിൽ വൻതുക ലാഭിക്കാൻ അവർക്ക് കഴിയുന്നു. നാട്ടിൽ അവധിയിൽ കഴിയുന്നവരുടെയും ഇഖാമ പുതുക്കുന്നതിനാൽ അവരുടെ എക്സിറ്റ്/എൻട്രി വിസയെ സംബന്ധിച്ച് ആശങ്ക വേണ്ട.

സൗദി വിദേശകാര്യ മന്ത്രാലയത്തി​​െൻറ പോർട്ടലിൽ നിന്ന് ആ വിസയുടെയും കാലാവധി നീട്ടിയെടുക്കാം. ചിലര്‍ ലെവി അടക്കുന്നതിനായി പണം അബ്ഷീറില്‍ അടച്ചിരുന്നെങ്കിലും ഈ തുക നഷ്ടമായിട്ടില്ല. നിലവില്‍ ഇഖാമ തുക അടച്ചവര്‍ക്കും മൂന്ന് മാസം അധികമായി കാലാവധി ലഭിച്ചിട്ടുണ്ട്, അതായത് 15 മാസ​ത്തേക്ക്​ പുതുക്കുന്നുണ്ട്. അല്ലാത്തവർക്ക് ഇപ്പോൾ സ്വയമേവ പുതുക്കിയ മൂന്നുമാസ കാലയളവിന് ശേഷം സാധാരണ രീതിയിൽ ലെവിയും ഫീസും അടച്ച് അടുത്ത ഒരു വർഷത്തേക്ക് ഇഖാമ പുതുക്കണം. അടുത്ത മാസം കാലാവധി കഴിയുന്നവരുടേത് വരെയാണ് ആദ്യഘട്ടത്തിൽ പുതുക്കിയത്. ജൂൺ 30 വരെ കാലാവധിയിലെ ബാക്കിയുള്ളവരുടെയും വരും മണിക്കൂറുകളിൽ പുതുക്കുമെന്നാണ് കരുതുന്നത്.

Tags:    
News Summary - Free Iqama Renewal Saudi Arabia -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.