റിയാദ്: ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ ഉടൻ നിലവിൽ വരുമെന്ന് സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ് സഇൗദ്. ഇത്തവണത്തെ ജി.സി.സി ഉച്ചകോടിയിൽ അതു ചർച്ചയായിട്ടുണ്ട്. കരാർ നടപ്പാക്കാനുള്ള ശ്രമങ്ങൾ അവസാന ഘട്ടത്തിലാണ്. നടപ്പായാൽ അതിെൻ ഗുണം ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രവാസികൾക്കടക്കം ലഭിക്കും. അതുപോലെ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ സംയുക്തമായി ചലച്ചിത്രോത്സവം നടത്താൻ ധാരണയായിട്ടുണ്ട്. സിനിമകളുടെ ചിത്രീകരണത്തിനായി രണ്ട് രാജ്യങ്ങളിലും അനുമതി, സൗകര്യമൊരുക്കൽ എന്നിവയും ധാരണയിലുണ്ട്.
പ്രവാസി ഭാരതീയ ദിവസിെൻറ ഭാഗമായി റിയാദിലെ എംബസിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അംബാസഡർ. സൗദിയും ഇന്ത്യയും സഹകരിച്ചുള്ള നിരവധി പദ്ധതികൾ നടപ്പാക്കാൻ ധാരണയായതായും അംബാസഡർ പറഞ്ഞു. അഴിമതിവിരുദ്ധ നടപടി സൗദിയിൽ ശക്തമാണെന്നും സംരംഭകർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അഴിമതിക്കെതിരെ സൗദി ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്. ഇന്ത്യൻ നിക്ഷേപകർ വളരെ ജാഗ്രത പാലിക്കണം. അസ്വാഭാവികമായതൊന്നും ചെയ്യാൻ പാടില്ല. സൗദിയിലെ അഴിമതിവിരുദ്ധ സമിതിയായ 'നസഹ' ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ വെബിനാർ സംഘടിപ്പിച്ച് ബോധവത്കരണവും നൽകും.
യാംബുവിൽ ഇന്ത്യൻ സ്കൂൾ
നിലവിൽ ഇന്ത്യൻ എംബസിയുടെ കീഴിൽ സ്കൂളില്ലാത്ത യാംബുവിൽ സ്കൂൾ സ്ഥാപിക്കാൻ എംബസി ശ്രമങ്ങൾ ആരംഭിച്ചതായും അംബാസഡർ പറഞ്ഞു. യാംബു റോയൽ കമീഷൻ ഏരിയയിൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളാണ് നിർമിക്കാൻ ആലോചിക്കുന്നത്. ഇതിനായി യാംബു ഡെപ്യൂട്ടി ഗവർണറുമായി ചർച്ച ചെയ്യുകയും അദ്ദേഹം പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
സൗദി അറേബ്യയിലെ പ്രധാനപ്പെട്ട രണ്ടു വ്യവസായ നഗരങ്ങളിലൊന്നായ യാംബുവിൽ വൈകാതെ ഇന്ത്യൻ സ്കൂൾ പ്രവർത്തനം ആരംഭിക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് സാഹചര്യത്തിൽ വന്ദേ ഭാരത് മിഷൻ വഴി നിരവധി പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യമൊരുക്കിയതായും അംബാസഡർ പറഞ്ഞു.
സൗദി ജയിലുകളിലും നാടുകടത്തൽ കേന്ദ്രങ്ങളിലുമുള്ള ഇന്ത്യൻ തടവുകാരെ നാട്ടിലെത്തിക്കുന്ന പ്രക്രിയ തുടരുകയും ചെയ്യുന്നു. സൗദിയിലെ മാധ്യമ-വിനോദ-സാമ്പത്തിക-ടൂറിസം മേഖലയിൽ ഇന്ത്യയുടെ സഹകരണം ശക്തമാക്കാൻ അതത് മന്ത്രിമാരുമായി ചർച്ച പൂർത്തിയാക്കിയതായും അംബാസഡർ അറിയിച്ചു. കോവിഡ് കാലത്ത് ഇന്ത്യൻ ലോകത്തിെൻറ ഒരു ഫാർമസിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് ഇന്ത്യയിൽനിന്ന് മരുന്നു കയറ്റിയയക്കുന്ന സാഹചര്യമാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.