ജിദ്ദ: 20ാമത് സിഫ് ഈസ് ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സിഫ് ഭാരവാഹികൾ ജിദ്ദയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ 29ന് വൈകീട്ട് 6.30 മുതൽ ജിദ്ദ വസീരിയ അൽ തആവൂൻ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. നടൻ ഹരീഷ് കണാരൻ, സിനിമ, ടിവി കലാകാരൻ അനിൽ ബേബി എന്നിവർ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിൽ പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ മുഖ്യാതിഥിയാകും.
5,000 ത്തോളം കാണികൾക്ക് ടൂർണമെൻറ് വീക്ഷിക്കാൻ സൗകര്യമുള്ള വിശാലമായ കാർ പാർക്കിങ് സൗകര്യമുള്ള അൽ തആവൂൻ സ്റ്റേഡിയത്തിൽ 11 ആഴ്ച നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ മൂന്ന് ഡിവിഷനുകളിലായി 23 ടീമുകൾ മാറ്റുരക്കും. ഡിസംബർ എട്ടിന് ഫൈനൽ നടക്കും. ഐ.എസ്.എൽ, ഐ ലീഗ്, സന്തോഷ് ട്രോഫി താരങ്ങളുടെ ഒരു വലിയ നിര തന്നെ ടൂർണമെന്റിലെ വിവിധ ടീമുകൾക്ക് വേണ്ടി അണി നിരക്കും. നിരവധി നാഷനൽ, ഇന്റർനാഷനൽ കളിക്കാർ ഇതിനോടകം ജിദ്ദയിലെത്തി ടീമുകൾക്കൊപ്പം പരിശീലനത്തിലേർപ്പെട്ടതായി ഭാരവാഹികൾ അറിയിച്ചു.
ഈസ് ടീ മുഖ്യ സ്പോൺസർമാരായ ടൂർണമെന്റിന് ജിദ്ദ നാഷനൽ ആശുപത്രി, അബീർ മെഡിക്കൽ ഗ്രൂപ്പ്, ആർ.കെ.ജി, ചാംസ്, അൽഹറബി സ്വീറ്റ്സ്, പ്രിൻറക്സ് തുടങ്ങിയ സംരംഭകർ സഹ സ്പോൺസർമാരായും രംഗത്തുണ്ട്. ഇത് മൂന്നാം തവണയാണ് ഈസ് ടീ സിഫിെൻറ പ്രധാന സ്പോൺസർമാരാകുന്നത്. മൂന്ന് പതിറ്റാണ്ടോളം പ്രായമുള്ള ആദ്യ പ്രവാസി ഫുട്ബാൾ ഭരണ സംവിധാനമായ സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) തികച്ചും പ്രഫഷനലായി അതിെൻറ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ എന്നും ശ്രമിച്ചിട്ടുണ്ടെന്നും ഈ സീസണിലും കുറ്റമറ്റ രീതിയിൽ ടൂർണമെൻറ് സംഘടിപ്പിക്കാനുള്ള എല്ലാ സന്നാഹങ്ങളും ക്രമീകരിച്ചിട്ടുണ്ടന്നും ഭാരവാഹികൾ അറിയിച്ചു.
ലൈസൻസുള്ള സൗദി റഫറിമാരായിരിക്കും ഓരോ കളികളും നിയന്ത്രിക്കുക. ജിദ്ദയിലെ ഫുട്ബാൾ പ്രേമികൾക്ക് നിലവാരമുള്ള മികച്ച മത്സരങ്ങൾ കാണുവാനുള്ള 11 ആഴ്ചകളാണ് തങ്ങൾ ഒരുക്കുന്നതെന്ന് സിഫ് ഭാരവാഹികൾ അറിയിച്ചു. സിഫ് പ്രസിഡൻറ് ബേബി നീലാമ്പ്ര, ജനറൽ സെക്രട്ടറി നിസാം മമ്പാട്, ട്രഷറർ നിസാം പാപ്പറ്റ, രക്ഷാധികാരി നാസർ ശാന്തപുരം, യാസർ അറഫാത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.