ജിദ്ദ: പരമാധികാരത്തിനുള്ള ഫലസ്തീൻ ജനതയുടെ അവകാശപോരാട്ടത്തോട് സമ്പൂർണ പ്രതിബദ്ധതയും പിന്തുണയുമുണ്ടാകുമെന്ന് ഇസ്ലാമിക രാജ്യങ്ങളുടെ സഹകരണ കൂട്ടായ്മ ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹീം ത്വാഹ പറഞ്ഞു. അൽഅഖ്സ പള്ളിക്ക് നേരെ നടക്കുന്ന ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ജിദ്ദയിൽ ഒ.ഐ.സി ആസ്ഥാനത്ത് ചേർന്ന സ്ഥിരം പ്രതിനിധിയോഗത്തിന്‍റെ ഉദ്ഘാടന സെഷനിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
അൽഅഖ്സ പള്ളിയുടെ താൽക്കാലികവും സ്ഥലപരവുമായ വിഭജനം അടിച്ചേൽപിക്കാനുള്ള ഇസ്രായേൽ അധിനിവേശശ്രമം ഒ.ഐ.സി തള്ളിക്കളയുകയും അപലപിക്കുകയും ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് നിരവധി അന്താരാഷ്ട്ര നേതാക്കൾക്കും സംഘടനകൾക്കും കത്തയച്ചു. വിശുദ്ധ സ്ഥലങ്ങൾക്കെതിരായ നിയമലംഘനം അവസാനിപ്പിക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് സംഘടനകളോടും അന്താരാഷ്ട്രസമൂഹത്തോടും ആവശ്യപ്പെട്ടതായും സെക്രട്ടറി ജനറൽ പറഞ്ഞു.
ഖുദ്സ് നഗരത്തെയും അവിടത്തെ പുണ്യസ്ഥലങ്ങളെയും സംരക്ഷിക്കണം. യഹൂദവത്കരിക്കാനുള്ള ഇസ്രായേൽ പദ്ധതികളെ നേരിടണം. ഇതോടൊപ്പം ഫലസ്തീനികളുടെ അവകാശം സംരക്ഷിക്കാനും കൂടുതൽ രാഷ്ട്രീയ, സാമ്പത്തിക, മാധ്യമശ്രമം ഉണ്ടാകണം. ഫലസ്തീൻ ജനതക്ക് ആവശ്യമായ പിന്തുണയും സഹായവും നൽകണം. ഇസ്രായേലിനെതിരെ രാഷ്ട്രീയവും നിയമപരവുമായ നടപടി സ്വീകരിക്കണം. ഇതിനായി അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി ആശയവിനിമയം നടത്തണം.
ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കാനും യു.എൻ പ്രമേയങ്ങൾക്കും അറബ് സമാധാന സംരംഭങ്ങൾക്കും അനുസൃതമായി സ്വതന്ത്ര ഫലസ്തീൻ സ്ഥാപിതമാക്കുന്നതിനും എല്ലാ അന്താരാഷ്ട്ര വിഭാഗങ്ങളും തങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഹുസൈൻ ഇബ്രാഹീം ത്വാഹ ആവശ്യപ്പെട്ടു.
ഇസ്രായേൽ അധിനിവേശസേനക്കെതിരെ നടപടിയെടുക്കാൻ അന്താരാഷ്ട്രസമൂഹത്തോട് ആവശ്യപ്പെടുന്നതായി ഒ.ഐ.സിയിലെ സൗദി സ്ഥിരം പ്രതിനിധി ഡോ. സ്വാലിഹ് ബിൻ ഹമദ് അൽസുഹൈബാനി പറഞ്ഞു. ഇസ്രായേലിന്‍റെ പ്രകോപനപരമായ പ്രവർത്തനം മേഖലയിൽ സംഘർഷത്തിനിടയാക്കും. അൽഅഖ്സ പള്ളിക്കും ആരാധനക്ക് എത്തിയവർക്കുമെതിരെയുള്ള ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചിട്ടുണ്ട്. ഫലസ്തീൻ പ്രശ്നം ഒന്നാമത്തെ പ്രശ്നമായാണ് സൗദി അറേബ്യ കാണുന്നതെന്നും അവർക്ക് നിയമാനുസൃതമായ എല്ലാ അവകാശങ്ങളും ലഭിക്കാൻ അവരോടൊപ്പം നിൽക്കുമെന്നും അതിൽ പ്രധാനം സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കലാണെന്നും ദഹ്റാനിൽ നടന്ന 19ാമത് അറബ് ഉച്ചകോടിയിൽ സൽമാൻ രാജാവ് പറഞ്ഞ വാക്കുകൾ സൗദി പ്രതിനിധി പ്രസംഗത്തിനിടെ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.