ദമ്മാം: കലാപ്രതിഭകളെ അണിനിരത്തി അരങ്ങേറുന്ന ‘ഗാല നൈറ്റി’ന്റെ ഒരുക്കം പുരോഗമിക്കുന്നതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സൗദി വിനോദവകുപ്പിന്റെ അനുമതിയോടെ സംഘടിപ്പിക്കപ്പെടുന്ന പരിപാടി ഈമാസം 17 അൽഖോബാറിലെ അൽഗുസൈബി ട്രൈലാൻഡിലാണ് അരങ്ങേറുന്നത്. പിന്നണി ഗായിക റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന ഗാനസന്ധ്യയാണ് ‘ഗാല’യുടെ പ്രധാന ആകർഷണം.
ഹിന്ദിഗായകൻ മുഹമ്മദ് അഫ്സൽ, നസീർ മിന്നലെ, വയലിനിസ്റ്റ് ബാലമുരളി, ഇൻസ്റ്റാലേഷൻ ആർട്ട് ക്രിയേറ്റർ ഡാവിഞ്ചി സുരേഷ്, കീബോർഡിസ്റ്റ് ബിലാൽ തുടങ്ങിയവരും പങ്കെടുക്കും.
സംഗീതോപകരണ പ്രകടനങ്ങൾ, നൃത്തനൃത്യങ്ങൾ, ഫ്യൂഷൻ വർക്കുകൾ എന്നിവയും അരങ്ങേറും. മലയാള ചലച്ചിത്രകാരൻ എം. പത്മകുമാർ മുഖ്യാതിഥിയായി പങ്കെടുക്കും. രഞ്ജിനി ഹരിദാസ് അവതാരകയായി എത്തും. ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ പരിപാടികൾക്ക് തുടക്കമാകും.
ഇന്ത്യയുടെ സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന വിവിധ സംസ്ഥാനങ്ങളുടെ സ്റ്റാളുകൾ, കരകൗശല വസ്തുക്കളുടെ പ്രദർശനം, രുചിപ്പെരുമ നിറയുന്ന ഫുഡ് കോർട്ടുകൾ, കുട്ടികൾക്കുള്ള വിനോദകേന്ദ്രങ്ങൾ, ഭക്ഷണത്തെരുവ് എന്നിവയുമുണ്ടാകും.
വാർത്തസമ്മേളനത്തിൽ സംഘാടകരായ ഹൈഫ മഹ്മൂദ് അൽ നാജി, ഫറാഹ് നാസ്, മമ്മുമാഷ്, ഷിഹാബ് കൊയിലാണ്ടി, സുനിൽ മുഹമ്മദ്, താജു അയ്യാരിൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.