ജിദ്ദ: ഗസ്സയിലെ സ്ഥിതിഗതികൾ ഗുരുതരവും അതിസങ്കീർണവുമായ സാഹചര്യത്തിൽ അടിയന്തര വെടിനിർത്തൽ അനിവാര്യമാണെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ആവർത്തിച്ച് ആഹ്വാനം ചെയ്തു. ഗസ്സയിലെ മാനുഷിക സാഹചര്യം വഷളായിക്കൊണ്ടിരിക്കുകയാണ്. അടിയന്തര വെടിനിർത്തലിന്റെയും ബന്ദികളെ മോചിപ്പിക്കുന്നതിന്റെയും ആവശ്യകതയിൽ അന്താരാഷ്ട്ര സമൂഹം യോജിക്കുന്ന സാഹചര്യമാണുള്ളതെന്നും പൂർണമായ വെടിനിർത്തൽ ഫലസ്തീനിൽ സാധ്യമാകുന്ന സാഹചര്യം ഉണ്ടാകണമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
നോർവേയുടെ വിദേശകാര്യ മന്ത്രി എസ്പെൻ ബാർത്ത് ഈഡെ, വിദേശകാര്യ, സുരക്ഷാ നയങ്ങൾക്കായുള്ള യൂറോപ്യൻ യൂനിയന്റെ ഉന്നത പ്രതിനിധി ജോസെപ് ബോറെൽ എന്നിവരുമായി കഴിഞ്ഞദിവസം യൂറോപ്യൻ യൂനിയനിലെ ബെൽജിയത്തിലെ ബ്രസൽസിൽ നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ സംസാരിക്കവെയാണ് സൗദി വിദേശകാര്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയിലെ ശാശ്വത സമാധാനത്തിനും സുരക്ഷിതത്വത്തിനുമുള്ള അടിത്തറയാണ് ദ്വിരാഷ്ട്ര പരിഹാരമെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു. ഏപ്രിൽ അവസാനം നടന്ന റിയാദ് യോഗത്തിലും ഞായറാഴ്ച ബ്രസൽസിൽ നടന്ന മന്ത്രിതല യോഗത്തിലും ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പ്രതിജ്ഞാബദ്ധത സൗദി അറേബ്യ ഊന്നിപ്പറഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഫലസ്തീൻ ജനതയുടെ അവകാശങ്ങളും സുരക്ഷിതത്വവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തിൽ സമവായത്തിന്റെ സൂചനകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗസ്സയിലെ സ്ഥിതിഗതികൾ അഭിസംബോധന ചെയ്യുന്നതിനും ഫലസ്തീന്റെ ആവശ്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുമാണ് സംയുക്ത അസാധാരണ അറബ്-ഇസ്ലാമിക് ഉച്ചകോടി രൂപീകരിച്ച മന്ത്രിതല സമിതി ലക്ഷ്യമിടുന്നതെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതിന് നോർവേ, സ്പെയിൻ, അയർലൻഡ് എന്നിവരെ ഫൈസൽ രാജകുമാരൻ വീണ്ടും പ്രശംസിച്ചു. മറ്റ് യൂറോപ്യൻ രാജ്യങ്ങളും സമാനമായ നടപടി സ്വീകരിക്കുന്നത് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. അയൽരാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതുൾപ്പെടെയുള്ള ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനുള്ള തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുന്നതിന് ഫലസ്തീൻ ഭരണകൂട സ്ഥാപനങ്ങളെ പിന്തുണക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു. അന്താരാഷ്ട്ര സമൂഹം മാനുഷിക നിയമങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുകയാണെങ്കിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
സ്പെയിൻ,അയർലൻഡ്, നോർവേ എന്നീ രാജ്യങ്ങൾ കഴിഞ്ഞ ആഴ്ച ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകിയത് ഫലസ്തീന് അനുകൂലമായി വളരുന്ന പൊതുബോധത്തിന്റെ ഒടുവിലെ ഉദാഹരണമാണ്. യു.എസിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും കാമ്പസുകളിൽ ഫലസ്തീന് അനുകൂലമായി ശബ്ദിക്കുന്ന സമരാവേശവും വെടിനിർത്തലിന് സമ്മർദം ഉണ്ടാക്കുന്നുണ്ട്. പൂർണമായ വെടിനിർത്തലും ഇസ്രായേൽ സേനയുടെ പിന്മാറ്റവും കൂടാതെ ബന്ധിമോചനം സാധ്യമാവില്ലെന്നാണ് ഹമാസ് നിലപാട്. ഇസ്രേയേൽ തുടരുന്ന ആക്രമണങ്ങൾ വെടിനിർത്തലിനും ബന്ദി മോചനത്തിനുമുള്ള മധ്യസ്ഥശ്രമങ്ങൾക്ക് തടസ്സമായി നിൽക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.