ജിദ്ദ: ഫലസ്തീനിൽ സിവിലിയന്മാർക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് ജി.സി.സിയും ആസിയാൻ അസോസിയേഷനും. വെള്ളിയാഴ്ച റിയാദിൽ നടന്ന ഗൾഫ് സഹകരണ കൗൺസിലിന്റെയും ആസിയാൻ രാജ്യങ്ങളുടെ കൂട്ടായ്മയുടെയും ഉച്ചകോടിയുടേതാണ് പ്രസ്താവന. സമ്മേളനത്തിൽ പങ്കെടുത്ത രാഷ്ട്രനേതാക്കളെല്ലാം ഒരേ സ്വരത്തിൽ അപലപിച്ചു. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെക്കുറിച്ച് അഗാധമായ ആശങ്ക പ്രകടിപ്പിച്ച പ്രസ്താവനയിലെ സുപ്രധാന വിവരങ്ങൾ ചുവടെ.
സിവിലിയന്മാർക്കെതിരായ എല്ലാ ആക്രമണങ്ങളെയും അപലപിക്കുന്നു. സ്ഥിരമായ വെടിനിർത്തലിന് ബന്ധപ്പെട്ട എല്ലാ കക്ഷികളെയും വിളിക്കണം. മാനുഷിക സഹായവും ദുരിതാശ്വാസ സാമഗ്രികളും മറ്റ് അവശ്യസാധനങ്ങളും സേവനങ്ങളും കഴിയുന്നത്ര ഫലപ്രദമായും കാര്യക്ഷമമായും എത്തിക്കുന്നത് ഉറപ്പാക്കണം. വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിക്കണം. ഗസ്സയുടെ എല്ലാ ഭാഗങ്ങളിലേക്കും ഇന്ധനവും ഭക്ഷണവും മരുന്നും തടസ്സമില്ലാതെ എത്തിക്കാൻ അനുവദിക്കണം.
സിവിലിയന്മാരെ സംരക്ഷിക്കാനും അവരെ ലക്ഷ്യംവെക്കുന്നതിൽനിന്ന് വിട്ടുനിൽക്കാനും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കാനും സംഘർഷത്തിലേക്ക് എല്ലാ കക്ഷികളോടും ആഹ്വാനം ചെയ്യുന്നു. പ്രത്യേകിച്ച്, 1949 ആഗസ്റ്റ് 12ലെ യുദ്ധസമയത്ത് സിവിലിയൻ വ്യക്തികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ജനീവ കൺവെൻഷന്റെ തത്ത്വങ്ങളും വ്യവസ്ഥകളും പാലിക്കണം.
ബന്ദികളെ, സിവിലിയൻ തടവുകാരെ, പ്രത്യേകിച്ച് സ്ത്രീകൾ, കുട്ടികൾ, രോഗികൾ, വൃദ്ധർ എന്നിവരെ ഉടനടി നിരുപാധികം മോചിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നു.
അന്താരാഷ്ട്ര നിയമങ്ങൾക്കും പ്രസക്തമായ സുരക്ഷ കൗൺസിൽ പ്രമേയങ്ങൾക്കും അനുസൃതമായി 1967 ജൂൺ നാലിനു മുമ്പുള്ള അതിർത്തികളെ അടിസ്ഥാനമാക്കിയുള്ള ദ്വിരാഷ്ട്ര പരിഹാരത്തിന് അനുസൃതമായി, സംഘർഷത്തിന് സമാധാനപരമായ ഒരു പരിഹാരത്തിൽ എത്തിച്ചേരാൻ ബന്ധപ്പെട്ട എല്ലാ കക്ഷികളോടും അഭ്യർഥിക്കുന്നു.
ഈജിപ്തും ജോർഡനുമായി സഹകരിച്ച് പശ്ചിമേഷ്യയിലെ സമാധാന പ്രക്രിയ പുനരുജ്ജീവിപ്പിക്കാനുള്ള സൗദി അറേബ്യ, യൂറോപ്യൻ യൂനിയൻ, അറബ് ലീഗ് എന്നിവയുടെ ശ്രമങ്ങളെ പിന്തുണക്കുന്നു. അന്താരാഷ്ട്ര നിയമങ്ങൾക്കും ഈ സംഘർഷവുമായി ബന്ധപ്പെട്ട എല്ലാ യു.എൻ പ്രമേയങ്ങൾക്കും അനുസൃതമായി പലസ്തീൻ-ഇസ്രായേൽ സംഘർഷം പരിഹരിക്കാൻ കൂട്ടായ ശ്രമമുണ്ടാവണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.