ജിദ്ദ: പൊതുതാൽപര്യങ്ങൾ നിറവേറ്റാൻ ഗൾഫുരാജ്യങ്ങളും ഇന്ത്യയും ബന്ധം ശക്തിപ്പെടുത്തുന്നതിന് പ്രാധാന്യമുണ്ടെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് അൽഹജ്റഫ്.
ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി റിയാദിലെ ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജി.സി.സി രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള സഹകരണ ബന്ധങ്ങൾ ഔദ്യോഗിക ചർച്ചക്കിടയിൽ വിലയിരുത്തി. പല മേഖലകളിലെ സംയുക്ത സഹകരണത്തിന്റെയും ഗൾഫ്-ഇന്ത്യ ബന്ധത്തിന്റെയും വിവിധ വശങ്ങളെക്കുറിച്ചും അവയെ പിന്തുണക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. തുടർന്ന് ജനറൽ സെക്രട്ടേറിയറ്റും ഇന്ത്യയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.
ജി.സി.സി രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങൾ ഏറ്റവും പ്രധാനപ്പെട്ടതും ചരിത്രപരവുമാണെന്നും സെക്രട്ടറി ജനറൽ പറഞ്ഞു. സഹകരണ കൗൺസിലിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ത്യ. വെല്ലുവിളികൾ നേരിടുന്നതിനും അവസരങ്ങൾ മുതലെടുക്കുന്നതിനും പ്രത്യേകിച്ച് നിക്ഷേപം, സമ്പദ്‌വ്യവസ്ഥ എന്നീ മേഖലകളിൽ ഉത്തമ മാതൃകയാണ്. 2004ൽ ജി.സി.സിയും ഇന്ത്യയും തമ്മിൽ ഒപ്പുവച്ച സാമ്പത്തിക സഹകരണ കരാറിന്റെ വെളിച്ചത്തിൽ ജി.സി.സി രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ സെക്രട്ടറി ജനറൽ അഭിനന്ദിച്ചു.
സ്വതന്ത്ര വ്യാപാര ചർച്ചകൾക്കായുള്ള സംയുക്ത വർക്കിങ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ജി.സി.സി രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള സാമ്പത്തികവും വാണിജ്യപരവുമായ എല്ലാ വശങ്ങളും പഠിക്കുന്നതുമായി ബന്ധപ്പെട്ട സംയുക്ത സംഘത്തിന്റെ ജോലി പൂർത്തിയാക്കേണ്ടതിന്റെ പ്രധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.