ജിദ്ദ: ആഗോള സൈബർ സുരക്ഷാ റാങ്കിങ്ങിൽ സൗദി അറേബ്യ ഒന്നാം സ്ഥാനത്ത്. സ്വിസ് ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് (ഐ.എം.ഡി) പ്രസിദ്ധീകരിച്ച ‘2024 വേൾഡ് കോംപറ്റിറ്റീവ്നെസ് ഇയർബുക്കി’ലാണ് ഈ വെളിപ്പെടുത്തൽ. സൈബർ സുരക്ഷാനിയമത്തിലെ കർക്കശ നിലപാടാണ് സൗദിയുടെ ഈ നേട്ടത്തിന് കാരണം.
സൗദി നാഷനൽ സൈബർ സെക്യൂരിറ്റി അതോറിറ്റി (എൻ.സി.എ) ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. മുസൈദ് അൽ ഐബാൻ ഈ നേട്ടത്തിൽ സൗദി ഭരണകൂടത്തെ അഭിനന്ദിച്ചു. ‘സൗദി വിഷൻ 2030’ ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിലെ പ്രതിബദ്ധതയുടെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ മാർഗനിർദേശവും നിരന്തരമായ ഫോളോ അപ്പുമാണ് ഈ വിജയത്തിലേക്ക് നയിച്ചതെന്നും ഡോ. അൽ ഐബാൻ ചൂണ്ടിക്കാട്ടി.
സൈബർ കുറ്റകൃത്യം തടയൽ നിയമം സൗദി പബ്ലിക് പ്രോസിക്യൂഷൻ വളരെ ശക്തമായാണ് രാജ്യത്ത് നടപ്പാക്കുന്നത്. ദേശീയ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാനും സൈബർ കുറ്റകൃത്യങ്ങൾ കുറക്കാനും ഈ കർശന നിയമസംഹിതയിലുടെ കഴിഞ്ഞു. ഇൻറർനെറ്റിന്റെയും വിവര സാങ്കേതിക ശൃംഖലകളുടെയും നിയമാനുസൃതമായ ഉപയോഗത്തിൽനിന്ന് ഉണ്ടാവുന്ന അവകാശങ്ങൾ വകവെച്ചുനൽകാൻ കഴിഞ്ഞതും നേട്ടമാണ്.
തന്ത്രപരമായ സൈബർ സുരക്ഷാ പ്രശ്നങ്ങളിൽ ആഗോള സംവാദത്തിനുള്ള പൊതുവേദിയായി മാറിയ ‘ഗ്ലോബൽ സൈബർ സെക്യൂരിറ്റി ഫോറം’ (ജി.സി.എഫ്) സൗദിയുടെ മുൻകൈയിലാണ് രൂപം കൊണ്ടത്. കൂടാതെ സൗദിയുടെ നേതൃത്വത്തിൽ ജി.സി.സി സൈബർ സുരക്ഷാ മന്ത്രിതല സമിതിയും അറബ് സൈബർ സുരക്ഷാ മന്ത്രിമാരുടെ കൗൺസിലും സ്ഥാപിക്കാനും കഴിഞ്ഞു.
അന്താരാഷ്ട്ര സഹകരണത്തോടുള്ള പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ട് 40 ലധികം രാജ്യങ്ങളുമായി എൻ.സി.എ സൈബർ സുരക്ഷാ പരിശീലനങ്ങളും നടത്തിയിയിരുന്നു. നേരത്തേ ഓക്സ്ഫോർഡ് ഇൻറർനാഷനൽ ബിസിനസ് ഗ്രൂപ്പ് നടത്തിയ സർവേ റിപ്പോർട്ടിലും സൈബർ സെക്യൂരിറ്റി കാര്യങ്ങളിൽ സൗദി ഭദ്രമാണെന്ന് വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.