ദമ്മാം: ഭക്ഷ്യസുരക്ഷ സംവിധാനത്തിന്‍റെ ഭാഗമായി ആഗോള വിലക്കയറ്റത്തിന്‍റെ പ്രത്യാഘാതം നേരിടാൻ ആയിരം കോടി റിയാലിെൻറ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് സൗദി അറേബ്യ. പരിസ്ഥിതി-ജലം-കൃഷി മന്ത്രിയും ഭക്ഷ്യസുരക്ഷ സമിതി ചെയർമാനുമായ അബ്ദുറഹ്മാൻ അബ്ദുൽ മുഹ്സിൻ അൽഫദ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്. ഭക്ഷ്യസുരക്ഷ സമിതിയുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗോതമ്പിന്റെയും ബാർലിയുടെയും ഇറക്കുമതിയെ പിന്തുണക്കുന്നതിനും അവരുടെ നഷ്ടം നികത്തുന്നതിനും സൗദി ഗ്രെയിൻസ് ഓർഗനൈസേഷന് സബ്സിഡി നൽകുന്നതിനുമായി 450 കോടി റിയാൽ ബജറ്റിൽ വകയിരുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ സൗദിയിലെ കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി കാർഷിക വികസന ഫണ്ടിലേക്ക് 420 കോടി റിയാൽ അനുവദിച്ചിട്ടുണ്ട്.
രാജ്യത്തിന്‍റെ ആറുമാസത്തെ ആവശ്യത്തിനുതകുന്ന തരത്തിൽ ധാന്യം ഉൾപ്പെടെ പ്രധാന ചരക്കുകൾ ശേഖരിക്കുന്നതിന് സ്വകാര്യമേഖലക്ക് വായ്പ നൽകാൻ 80 കോടി റിയാൽ മാറ്റിവെച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങൾ സമിതിയോഗം അവലോകനം ചെയ്തു. റഷ്യ-യുക്രെയ്ൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയിലെ സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ പ്രാദേശിക വിപണിയിലെ സമൃദ്ധമായ ഭക്ഷ്യചരക്കുകളും സ്റ്റോക്കുകളുടെ അളവും പ്രാദേശികവും ബാഹ്യവുമായ വിതരണ ശൃംഖലകളും സമിതി പരിശോധിച്ചു.സമൃദ്ധമായ വിതരണം ഉറപ്പാക്കാനും അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ പ്രാദേശികശേഖരം വർധിപ്പിക്കാനും സുരക്ഷിതവും ഉറപ്പുനൽകുന്നതുമായ സാഹചര്യങ്ങളുള്ള രാജ്യത്തിന്റെ വിപണികളിൽ അവയുടെ തുടർച്ചയെ പിന്തുണയ്ക്കുന്നതിനുമായി നേതൃത്വത്തിന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതിന് തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്ന് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ആഗോള പ്രതിസന്ധികളുടെ ഭാഗമായി സൗദിയിൽ അവശ്യ ഭക്ഷ്യവസ്തുക്കൾക്ക് വില വർധിക്കാതിരിക്കുന്നതിനുള്ള അതിജാഗ്രതയാണ് ഭരണനേതൃത്വത്തിൽനിന്ന് ഉണ്ടായിട്ടുള്ളത്. കൂടാതെ വിപണിയിലെ വിലകളെ ക്രമമായി നിരീക്ഷിക്കാനും അനാവശ്യ വിലവർധന തടയാനും സമിതി ജാഗ്രത പാലിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.