റിയാദ്: മാനസികാരോഗ്യം മുൻനിർത്തി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന ഐ.എ. ജി.സി (ഇന്റർനാഷനൽ അസോസിയേഷൻ ഫോർ ഗൈഡൻസ് ആൻഡ് കൗൺസലിങ്) സംഘടനയുടെ ഓവർസീസ് കൗൺസിലിന് ആഗോള സംഘടന നിലവിൽ വന്നു. ഓവർസീസ് പാട്രൺ പ്രഫ. ഹംസയുടെയും ഓവർസീസ് എക്സിക്യൂട്ടിവ് ഡയറക്ടർ നാസിയ കുന്നുമ്മലിന്റെയും ചെയർമാൻ ഡോ. റിയാസിന്റെയും നേതൃത്വത്തിൽ നടന്ന ജനറൽ ബോഡി യോഗമാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.
ഐ.എ.ജി.സി ഓവർസീസ് കൗൺസിൽ അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. ശാരീരികാരോഗ്യം പോലെയോ അതിന് മുകളിലോ പ്രാധാന്യമർഹിക്കുന്ന മാനസികാരോഗ്യത്തിന് ആവശ്യമായ കൗൺസലിങ് ഉൾപ്പടെയുള്ള പോസിറ്റിവ് പ്രവർത്തനങ്ങളുമായി സമൂഹത്തിൽ ഇടപെടുകയാണ് സംഘടന ലക്ഷ്യം വെക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
ഐ.എ.ജി.സി, ജി.സി.സി എന്ന നിലവിലെ സംഘടനയുടെ പേര് സംഘടന ആഗോള തലത്തിലായപ്പോൾ ഐ.എ.ജി.സി ഓവർസീസ് എന്നാക്കി പുതുക്കി. പുതിയ കമ്മിറ്റി രൂപവത്കരിക്കുകയും ഭാരവാഹികൾക്ക് പ്രത്യേക ചുമതലകൾ നൽകുകയും ചെയ്തു. ഐ.എ.ജി.സി വരും ദിവസങ്ങളിൽ നടത്തേണ്ട പ്രവർത്തങ്ങളെ കുറിച്ചുള്ള കൃത്യമായ മാർഗനിർദേശം അടങ്ങുന്ന പദ്ധതി യോഗം ചർച്ച ചെയ്ത് അംഗീകരിച്ചു. പുതിയ കാലത്ത് സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ ഐ.എ.ജി.സിക്ക് സുപ്രധാന സേവനങ്ങൾ നൽകാനുണ്ടെന്നും അതിനായി സാധ്യമായ ശ്രമങ്ങളെല്ലാം സംഘടന നടത്തണമെന്നും യോഗം തീരുമാനിച്ചു.
പ്രവാസികളുടെ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും ബന്ധപ്പെട്ട വിഷയത്തിൽ സംഘടന നൽകേണ്ട അവബോധത്തെക്കുറിച്ചും ചെയർമാൻ ഡോ. റിയാസ് സംസാരിച്ചു. സംഘടനയുടെ നേതൃത്വത്തിൽ ടെലിഫോണിക് കൗൺസലിങ് ഉൾപ്പെടെയുള്ള കോഴ്സുകൾ കൊണ്ടുവരുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. അഡ്വ. അബ്ദു റഹിം കുന്നുമ്മൽ, ഇബ്രാഹിം സുബ്ഹാൻ, ഡോ.ഹിംദി (ഫ്രാൻസ് ), അസ്മ (ബഹ്റൈൻ ), ഡോ. റബാബ് ഹസ്സാനിൻ (സൗദി അറേബ്യ), നീനു ജോസഫ് (ലണ്ടൻ ), ഡോ.റോബിൻ അഗസ്റ്റിൻ (സ്വീഡൻ ), മുംതാസ്, സഫ, ഇബ്രാഹിം, ഫാത്തിമ, റുമൈസ, റഷീദ്, ഡോ.യാസ്മിൻ, അമീർ ചെറുക്കോട്, റുബീന, ജുവൈരിയ എന്നിവരെ വിവിധ പദവിയിലേക്ക് യോഗം ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.