ജിദ്ദ: ഗുഡ് വില്‍ ഗ്ലോബല്‍ ഇനീഷ്യേറ്റിവും (ജി.ജി.ഐ) ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ടാലന്റ് ലാബ് സീസണ് രണ്ട് ഏകദിന ശില്പശാല ശനിയാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചു വരെ ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ബോയ്സ് വിഭാഗം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജി.ജി.ഐ ഭാരവാഹികള്‍ അറിയിച്ചു. സൗദിയുടെ പടിഞ്ഞാറന്‍ മേഖലയിലെ ഒരു ഡസനോളം ഇന്റർനാഷനൽ സ്കൂളുകളിൽനിന്നും തെരഞ്ഞെടുത്ത 250ലധികം ഇന്ത്യന്‍ വിദ്യാർഥികള്‍ക്കായി സംഘടിപ്പിക്കുന്ന ശില്പശാലയില് സർഗാത്മകവും വൈജ്ഞാനികവുമായ കഴിവുകളും ജീവിത നൈപുണ്യവും പരിപോഷിപ്പിക്കുന്നതിനുള്ള നാല് സെഷനുകള്‍ ഉണ്ടായിരിക്കുമെന്ന് ജി.ജി.ഐ പ്രസിഡന്റ് ഹസന് ചെറൂപ്പ, ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ട്രഷറര്‍ ഇബ്രാഹിം ശംനാട് എന്നിവര്‍ അറിയിച്ചു.
'സമഗ്ര മികവ്' ഊന്നിയുള്ള മുഴുദിന ശില്പശാലയില് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം മുഖ്യാതിഥിയും ജിദ്ദ ഇന്റർനാഷനൽ മെഡിക്കല്‍ സെന്റര്‍ സി.ഇ.ഒയും സൗദി ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ ഫോറം പ്രസിഡന്റുമായ ഡോ. അഷ്റഫ് അമീറും ഇഫത്ത് യൂനിവേഴ്സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ് ഡീന്‍ ഡോ. അകീല സരിറെറ്റെയും വിശിഷ്ടാതിഥികളുമായിരിക്കും. ഇന്ത്യൻ കോണ്‍സല്‍മാരായ ഹംന മറിയം, മുഹമ്മദ് ഹാഷിം, മുഹമ്മദ് അബ്ദുല്‍ ജലീല്‍, അബീര്‍ മെഡിക്കല്‍ ഗ്രൂപ് വൈസ് പ്രസിഡന്റ് ഡോ. ജംഷിത് അഹ്മദ്, ജി.ജി.ഐ മുന്‍ പ്രസിഡന്റ് ഡോ. ഇസ്മായില്‍ മരുതേരി, കവിയും ചിത്രകാരനുമായ അരുവി മോങ്ങം, ടെലിഫിലിം, നാടക സംവിധായകന് മുഹ്സിന് കാളികാവ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് വിദ്യാർഥികളുമായി സംവദിക്കും. ഡോ. സെയ്ന് ബാഫഖീഹ് (ഇഫത്ത് യൂനിവേഴ്സിറ്റി), കാസിം സയ്യിദ് ഇസ്മായില്‍ (ന്യൂ അല്‍വുറൂദ് ഇന്റർനാഷനൽ സ്കൂള്‍) എന്നിവരുടെ നേതൃത്വത്തിൽ റൊബോട്ടിക്സ്, നിര്‍മിത ബുദ്ധി തുടങ്ങിയവയെക്കുറിച്ച പഠനക്ലാസും ഡെമോൺസ്ട്രേഷനും പരിപാടിയിൽ ഉണ്ടായിരിക്കും.
സമാപന ചടങ്ങില്‍ ഇന്റർനാഷനൽ ഇന്ത്യന്‍ സ്കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്മാന് ഡോ. പ്രിന്‍സ് സിയാവുല്‍ ഹസന്, പ്രിന്‍സിപ്പല്‍ ഡോ. മുസഫര്‍ ഹസന്, സക്കരിയാ ബിലാദി, ജി.ജി.ഐ രക്ഷാധികാരികളായ അബീര്‍ മെഡിക്കല്‍ ഗ്രൂപ് പ്രസിഡന്റ് ആലുങ്ങല്‍ മുഹമ്മദ്, ജിദ്ദ നാഷനല്‍ ആശുപത്രി മാനേജിങ് ഡയറക്ടർ പി. മുഹമ്മദലി തുടങ്ങിയവര്‍ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.