ബുറൈദ: ഈത്തപ്പഴ ഉത്സവത്തിന്റെ ആരവങ്ങൾക്കിടെ കടന്നുവന്ന മുന്തിരിക്കാലം ഖസീം പ്രവിശ്യക്ക് സമ്മാനിച്ചത് ഇരട്ടിമധുരം. ബുറൈദ ഹാഇൽ റോഡിലെ സ്വൽബിയ ഗ്രാമത്തിന് സമീപം ഒരുക്കിയ നഗരിയിൽ നടക്കുന്ന മുന്തിരി ഉത്സവം കാണാനും വിവിധ നിറങ്ങളിലും രുചികളിലുമുള്ള മുന്തിരിയിനങ്ങൾ സ്വന്തമാക്കാനും നിരവധി കുടുംബങ്ങളാണ് ദിനേന എത്തിക്കൊണ്ടിരിക്കുന്നത്. വൈകീട്ട് അഞ്ച് മുതൽ രാത്രി 12 വരെയാണ് മേളയിലെ സന്ദർശനസമയം.
നിറത്തിലും വലുപ്പത്തിലും വ്യത്യസ്തമായ ആറിനം മുന്തിരികളാണ് സമീപത്തെ തോട്ടങ്ങളിൽനിന്ന് മണിക്കൂർ ഇടവിട്ട് ഉത്സവ നഗരിയിൽ എത്തിക്കൊണ്ടിരിക്കുന്നത്. ഈ മാസം 13ന് ഉത്സവം അവസാനിക്കുമെങ്കിലും മേഖലയിലെ മുന്തിരിതോട്ടങ്ങളിൽ ജൂൺ അവസാന ആഴ്‌ച ആരംഭിച്ച വിളവെടുപ്പ് ആഗസ്റ്റ് അവസാനം വരെ തുടരും.
പ്രതിവർഷം 20,000 ടൺ മുന്തിരിയാണ് സ്വൽബിയയിലെ തോട്ടങ്ങളിൽനിന്ന് വിപണിയിലെത്തുന്നത്. ദമ്മാം, റിയാദ്, താഇഫ്, മക്ക അടക്കമുള്ള മർക്കറ്റുകളിലേക്ക് ഈ സീസണിൽ ഇവിടെനിന്ന് മുന്തിരി കയറ്റിപോകുന്നുണ്ട്. ഫലഭൂയിഷ്ടമായ മണ്ണും ശുദ്ധജല ലഭ്യതയുമാണ് സമൃദ്ധമായ മുന്തിരി കൃഷിക്ക് അവസരമൊരുക്കുന്നതെന്ന് പ്രധാന മുന്തിരിത്തോട്ടത്തിന്റെ ഉടമയും മേളയുടെ സംഘാടകരിൽ പ്രധാനിയുമായ മുഹമ്മദ് അൽഫരീദി പറഞ്ഞു. വെള്ള, കറുപ്പ്, റോസ് നിറത്തിലുള്ള മുന്തിരികളാണ് ഇവിടെ പ്രധാനമായും ഉൽപാദിപ്പിക്കുന്നത്.
ലോകവിപണിയിലെ മറ്റ് മുന്തിരി ഉൽപന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നല്ല ഗുണമേന്മയുള്ളതാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. ചേരുവകളൊന്നുമില്ലാത്ത മുന്തിരി ജ്യൂസും നഗരിയിൽ സുലഭമാണ്. തങ്ങളുടെ കൃഷിയിടങ്ങളിൽ പരീക്ഷിക്കുന്നതിനായി മുന്തിരി തൈകളും സ്വദേശികൾ മേളനഗരിയിൽനിന്ന് വാങ്ങിപ്പോകുന്നുണ്ട്. പ്രദേശത്തെ മുന്തിരി കൃഷിക്ക് കൃഷി മന്ത്രാലയവും മേളയുടെ നടത്തിപ്പിന് ഗവർണറേറ്റും എല്ലാവിധ പ്രാത്സാഹനവും പിന്തുണയും നൽകുന്നുണ്ടെന്ന് സംഘാടകർ പറഞ്ഞു. ഒരാഴ്‌ച മുമ്പ് ഖസീം ഗവർണർ അമീർ ഡോ. ഫൈസൽ ബിൻ മിഷാൽ ബിൻ സൗദ് ഉത്സവനഗരി സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.