റിയാദ്: സൗദി എന്റർടൈൻമെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ ‘ഗൾഫ് മാധ്യമം’ സിൽവർ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവെൽ’ എന്ന ഇന്ത്യൻ സാംസ്കാരിക മഹോത്സവം അരങ്ങേറുന്ന നഗരിയുടെ ഒരുക്കം റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ ബോയ്സ് സ്കൂൾ അങ്കണത്തിൽ പൂർത്തിയാകുന്നു.
കൂറ്റൻ വേദിയും ലൈറ്റ്, സൗണ്ട് സംവിധാനങ്ങളും പൂർത്തിയായി സൗണ്ട് ടെസ്റ്റിലേക്ക് കടന്നു. താരങ്ങൾക്ക് വിശ്രമിക്കാനുള്ള കാരവൻ, വാണിജ്യ വ്യാപാര പ്രദർശനം നടക്കുന്ന എക്സിബിഷൻ സെന്റർ, ഫുഡ് സ്റ്റാളുകൾ എല്ലാം നിർമാണത്തിന്റെ അവസാന മിനുക്കു പണികളിലാണെന്ന് ഇവന്റ് കോഓഡിനേറ്റർ രതീഷ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഇന്ത്യാ ഗേറ്റിന്റെ ആകർഷകമായ കമാനവും നഗരിയിലുണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 5,000ലധികം ആളുകൾക്ക് സ്റ്റേജ്ഷോ ആസ്വദിക്കാനാവശ്യമായ ഇരിപ്പിട സൗകര്യങ്ങൾ, കുട്ടികൾക്കും മുതിർന്നവർക്കും വിവിധ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ഇടങ്ങൾ എന്നിവയുടെ ഒരുക്കം വെന്യൂ ഡിസൈനർ എൻജിനീയർ അബ്ദുറഹ്മാൻ കുട്ടിയുടെ നേതൃത്വത്തിൽ പൂർത്തിയാകുന്നു.
ജനറൽ കൺവീനർ സദ്റുദ്ദീൻ കീഴിശ്ശേരി, അസിസ്റ്റന്റ് കൺവീനർമാരായ ഷാനിദ് അലി, ഫൈസൽ കൊല്ലം എന്നിവരുടെ നേതൃത്വത്തിൽ മറ്റ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടവും വിവിധ വകുപ്പുകളുടെ ഏകോപനവും നടക്കുന്നു. സ്കൂൾ മാനേജ്മെന്റിന്റെയും പ്രിൻസിപ്പൽ മീര റഹ്മാന്റെയും നിർലോഭമായ സഹകരണവും ഈ പരിപാടിക്കുണ്ട്.
രണ്ട് വർഷം മുമ്പ് ഗൾഫ് മാധ്യമം സംഘടിപ്പിച്ച ‘മെമ്മറീസ് ഓഫ് ലജൻഡ്സ്’ എന്ന ഇന്ത്യൻ ഐഡോൾ ഫെയിം പവൻകുമാർ നയിച്ച മ്യൂസിക്കൽ നൈറ്റിന് വേദി ഒരുങ്ങിയതും ഇവിടെയാണ്.ഈ മാസം നാല്, അഞ്ച് (വെള്ളി, ശനി) തീയതികളിലാണ് പരിപാടി നടക്കുന്നത്.
വെള്ളിയാഴ്ച പാൻ ഇന്ത്യൻ പ്രേക്ഷകരെ ആകർഷിക്കുന്ന സംഗീത വിരുന്നായിരിക്കും വേദിയിൽ അരങ്ങേറുക. പ്രശസ്ത ബോളിവുഡ് ഗായകനും യുവാക്കളുടെ ഹരവുമായ സൽമാൻ അലിയുടെ ബാൻഡിനോടൊപ്പം പുതുതലമുറക്കാരായ ഭൂമിക, രചന ചോപ്ര, സൗരവ്, ഷെറിൻ തുടങ്ങിയ യുവതാരങ്ങളും ഇന്ത്യൻ സംഗീതത്തിന്റെ സപ്ത സ്വരങ്ങളുമായി അണിനിരക്കും.
‘കേരള വൈബ്’ എന്ന പേരിൽ ശനിയാഴ്ച നടക്കുന്ന കലാസായാഹ്നം കൈരളിയുടെ സർഗസൗന്ദര്യം വിളിച്ചോതുന്നതായിരിക്കും. മലയാള സിനിമ തറവാട്ടിൽനിന്നും കുഞ്ചാക്കോ ബോബൻ, മാന്ത്രിക വിരലുകൾ കൊണ്ട് സംഗീതപ്പെരുമഴ തീർക്കുന്ന സ്റ്റീഫൻ ദേവസ്സി, ഇന്ത്യൻ സിനിമ പിന്നണി ഗായിക നിത്യ മാമൻ, യുവഗായകരായ കെ.എസ്. ഹരിശങ്കർ, ക്രിസ്റ്റകല, അക്ബർ ഖാൻ, രാമു, നടനും നർത്തകനുമായ മുഹമ്മദ് റംസാൻ, അവതാരകനായ മിഥുൻ രമേശ് എന്നിവർ വിവിധ കലാപ്രകടനങ്ങൾ കൊണ്ട് വേദിയെ മനോഹരമാക്കും.
അനുഭവങ്ങളുടെ പുതിയ ജാലകങ്ങൾ തുറക്കുന്ന പ്രദർശനങ്ങളും നാവിൻ തുമ്പിലെ രുചിമുകുളങ്ങളെ സാന്ദ്രീകരിക്കുന്ന ഭക്ഷണവൈവിധ്യങ്ങളും കാത്തിരിക്കുന്ന ചരിത്ര സംഗമമായിരിക്കും ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.