ദമ്മാം: സൗദി അറേബ്യയെ ഹരിതവത്കരിക്കുന്ന പദ്ധതിയുടെ ലക്ഷ്യ പൂർത്തീകരണത്തിനായി ഊർജ മേഖലയിൽ നിക്ഷേപിക്കാനായി ബോണ്ടുകൾ വഴി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പി.ഐ.എഫ്) ആദ്യ ഘട്ടമായി മുന്നുറുകോടി റിയാൽ സമാഹരിച്ചു.
പുനരുപയോഗ ഊർജം, ഊർജത്തിന്‍റെ കാര്യക്ഷമത, സുസ്ഥിര ജല മാനേജ്‌മെന്റ്, മലിനീകരണം തടയലും നിയന്ത്രണവും, ഹരിത കെട്ടിടങ്ങൾ, വൃത്തിയുള്ള ഗതാഗതം തുടങ്ങിയ പദ്ധതികൾക്കാണ് പി.ഐ.എഫ് ഈ പണം ഉപയോഗിക്കുക. സൗദിയിലെ പബ്ലിക് ഇൻവസ്റ്റ്മെന്‍റ് ഫണ്ടിന് അന്താരാഷ്ട്ര മാർക്കറ്റിൽ വൻ ഡിമാൻഡാണ് ഉണ്ടായിരുന്നത്.
അതുകൊണ്ട് തന്നെ ആദ്യ ഘട്ടം പൂർത്തീകരിക്കാൻ എളുപ്പത്തിൽ സാധിച്ചതായും അധികൃതർ അറിയിച്ചു. ഈ വർഷം ഫെബ്രുവരിയിലാണ് ഗ്രീൻ ബോണ്ടുകൾ ഇഷ്യൂ ചെയ്ത് തുടങ്ങിയത്. ഇത് മാർക്കറ്റിന് അനുസൃതമായി സൃഷ്ടിക്കപ്പെട്ടതും ഇന്റർനാഷനൽ ക്യാപിറ്റൽ മാർക്കറ്റിന്‍റെ നിയമക്രമങ്ങൾ പൂർണമായും പാലിക്കുന്നതുമാണ്.
സൗദി അറേബ്യയുടെ ഹരിത അജണ്ടയെ പിന്തുണയ്‌ക്കുന്നതിനുള്ള ഫണ്ടിന്‍റെ സംരംഭങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ പണശേഖരണം.
കൂടാതെ മുൻ പ്രഖ്യാപനങ്ങളായ ഉത്തരാഫ്രിക്കൻ-മധ്യപൗരസ്ത്യ മേഖലയിൽ കാർബൺ രഹിത വ്യവസായ സംരംഭങ്ങളുടെ സമാരംഭം, സൗദി അറേബ്യക്ക് ആവശ്യമായ ഊർജ ഉൽപാദനത്തിന്‍റെ 70 ശതമാനം വികസിപ്പിക്കുന്നതിനുള്ള ഹരിതമാർഗങ്ങൾക്ക് പിന്തുണ നൽകുക എന്നതും ഇതിന്‍റെ ലക്ഷ്യമാണ്.
വിഷൻ 2030-ന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നുകൂടിയാണിത്. ഗ്രീൻ ബോണ്ട് വിതരണത്തിന്‍റെ പ്രഥമഘട്ട പൂർത്തീകരണം പി.ഐ.എഫിന്റെ ചരിത്രപരമായ നാഴികക്കല്ലാണ്, ഇത് അതിന്റെ അന്താരാഷ്ട്ര മൂലധന വിപണിയിൽ അതിനുള്ള സ്ഥാനം അടയാളപ്പെടുത്തുന്നു.
സൗദി അറേബ്യയിലും അന്തർദേശീയ തലത്തിലും സ്വാധീനം ചെലുത്തുന്ന നിക്ഷേപം വർദ്ധിപ്പിക്കുന്നതിന് പി.ഐ.എഫ് ഡേറ്റ് ഫണ്ടിങ്ങിന്റെ ഉറവിടങ്ങൾ കൂടുതൽ വൈവിധ്യവത്കരിക്കാനും ഇതിലൂടെ സാധിക്കുമെന്ന് പി.ഐ.എഫിന്റെ ഗ്ലോബൽ ക്യാപിറ്റൽ ഫിനാൻസ് ഡിവിഷൻ മേധാവി ഫഹദ് അൽസെയ്ഫ് പറഞ്ഞു.
പബ്ലിക് ഇൻവസ്റ്റ്മെന്‍റ് ഫണ്ടിന്‍റെ കഴിഞ്ഞകാല ചരിത്രവും പ്രവർത്തനങ്ങളും അത് മുന്നോട്ടുവെക്കുന്ന ഹരിത പദ്ധതികൾ, അവ നിക്ഷേപകർക്ക് നൽകുന്ന ലാഭം എന്നിവയിലെ ആകർഷണീയതയാണ് ഫണ്ടിനെ അന്താരാഷ്ട്ര വിപണിയിൽ ഇത്രയേറെ അംഗീകാരമുള്ളതാക്കിയത്. സുസ്ഥിരമായ നിക്ഷേപ സാധ്യതകൂടിയാണ് ഇത് മുന്നോട്ട് വെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.