റിയാദ്: രണ്ടര മാസത്തെ മരുഭൂമിയിലെ ദുരിതത്തിൽനിന്ന് ഗുജറാത്ത് സ്വദേശിയെ മലയാളി സാമൂഹിക പ്രവർത്തകർ രക്ഷപ്പെടുത്തി. റിയാദ് കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തോടെ യൂനുസ് ഭായി നബീജി (25) എന്ന യുവാവാണ് രക്ഷപ്പെട്ട് നാടണഞ്ഞത്. ആത്മഹത്യയെ കുറിച്ച് പല തവണ ചിന്തിച്ചിരുന്നു എന്നും മരുഭൂമിയിൽ നിന്ന് രക്ഷപ്പെട്ടപ്പോൾ സ്വർഗം ലഭിച്ചതുപോലെയാണ് തോന്നിയതെന്നുമായിരുന്നു യൂനുസിെൻറ പ്രതികരണം.
നാട്ടുകാരനിൽ നിന്ന് വാങ്ങിയ വിസയിൽ ആഗസ്റ്റ് എട്ടിനാണ് യൂനുസ് ഖത്തറിലേക്ക് പുറപ്പെട്ടത്. ഖത്തറിൽ ഒരാഴ്ചത്തെ ക്വാറൻറീന് ശേഷം ആ മാസം 17ന് ഖത്തർ പൗരനായ സ്പോൺസർ യൂനുസിനെ വിസിറ്റിങ് വിസയിൽ സൗദിയിലേക്ക് കടത്തുകയായിരുന്നു. കിഴക്കൻ പ്രവിശ്യയിലെ റഫഅക്ക് സമീപം മശല്ല എന്ന സ്ഥലത്തെ മരുഭൂമിയിൽ ഒട്ടകത്തെ മേക്കുന്ന ജോലി ഏൽപിച്ചു. തനിക്ക് ഒട്ടകങ്ങളെ പരിചരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ യൂനുസിനെ സ്പോൺസർ ശാരീരികമായി പലതവണ പീഡിപ്പിച്ചു. അതിെൻറ മുറിവുകൾ ശരീരത്തിൽ പലയിടത്തുമുണ്ട്. ആവശ്യമായ ഭക്ഷണമോ ശമ്പളമോ ലഭിച്ചിരുന്നില്ല.
ദയനീയാവസ്ഥ മനസിലാക്കിയ യൂനുസിെൻറ അമ്മാവെൻറ മകൻ സലീം സുഹൃത്ത് വഴി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫയെ വിവരം അറിയിക്കുകയും വെൽഫെയർ വിങ് വിഷയം ഏറ്റെടുക്കുകയുമായിരുന്നു. യൂനുസിെൻറ മാതാവ് സൗദിയിലെ ഇന്ത്യൻ എംബസിയിലേക്ക് സഹായം ആവശ്യപ്പെട്ടു പരാതി നൽകുകയും എംബസി കമ്യൂണിറ്റി വിങ് വളൻറിയറും റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാനുമായ സിദ്ദീഖ് തുവ്വൂരിനെ ചുമതലപ്പെടുത്തുകയുമായിരുന്നു.
റഫഅ പൊലീസിൽ വിവരം അറിയിക്കുകയും അവിടെ നിന്ന് മശല്ല പൊലീസിലേക്ക് കേസ് റഫർ ചെയ്യുകയും ചെയ്തതിെൻറ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുമായി സംസാരിച്ച് പൊലീസ് വാഹനത്തിൽ മരുഭൂമിയിൽ യൂനുസ് ഉള്ള സ്ഥലം അന്വേഷിച്ച് കണ്ടെത്തുകയുമായിരുന്നു. റിയാദിൽ നിന്ന് 350 കിലോമീറ്റർ അകലെ മരുഭൂമിയിൽ പൊലീസ് ഓഫിസറോടൊപ്പം സിദ്ദിഖ് തൂവൂർ യാത്ര ചെയ്തു. ഒട്ടകങ്ങളും ടെൻറുകളും കാണുന്ന സ്ഥലങ്ങളിൽ വാഹനം നിർത്തി വിവരങ്ങൾ അന്വേഷിച്ചു. ഒടുവിൽ യൂനുസിെൻറ സ്‌പോൺസറെ കണ്ടെത്തുകയും യൂനുസിനെ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെടുകയുമായിരുന്നു. രണ്ടു പേരും പരസ്പര വിദ്ധമായി സംസാരിച്ചത് കാരണം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി.
അറബി ഭാഷ പരിഞ്ജാനമില്ലാത്തതിനാൽ കാര്യങ്ങൾ സിദ്ദീഖ് തുവ്വൂർ യൂനുസിനെ ബോധ്യപ്പെടുത്തി. യൂനുസിെൻറ പരാതി പ്രകാരം 70 ദിവസത്തെ ശമ്പളവും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റും പാസ്പോർട്ടും സ്പോൺസർ നൽകി കേസ് പൊലീസ് സ്റ്റേഷനിൽ വെച്ച് ഒത്തുതീർപ്പാക്കി. നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച റിയാദിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള ഫ്ലൈ ദുബൈ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി.
കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, യൂനുസിെൻറ ബന്ധു സലീം, തോമസ് കോട്ടയം, വെൽഫെയർ വിങ് കൺവീനർമാരായ ദഖ്വാൻ വയനാട്, യൂസുഫ് പെരിന്തൽമണ്ണ, ഫിറോസ് ഖാൻ കൊട്ടിയം, ജമാൽ, ഇർഷാദ് തൂവൂർ എന്നിവർ സിദ്ദീഖ് തുവ്വൂരിനോടൊപ്പം സഹായത്തിനുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.