റിയാദ്: ഗൾഫ് മാധ്യമം രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിന് കൊടിയിറങ്ങി. റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ കോമ്പൗണ്ടിൽ വെള്ളിയാഴ്ച ബോളിവുഡ് ഗായകൻ സൽമാൻ അലി നയിച്ച ‘താൽ’ സംഗീതവിരുന്നോടെ തുടക്കം കുറിച്ച മഹോത്സവത്തിന് ശനിയാഴ്ച വൈകീട്ട് 7.30 മുതൽ മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബന്റെ നേതൃത്വത്തിൽ അരങ്ങേറിയ ‘വൈബ്സ് ഓഫ് കേരള’ മെഗാഷോയോടെയാണ് സമാപനമായത്.
ഗൾഫ് മാധ്യമത്തിലൂടെ കടൽകടന്ന മലയാള പെരുമയുടെ സാർഥകമായ 25 വർഷങ്ങളുടെ ലഘു വിഡിയോ ചിത്രം പ്രദർശിപ്പിച്ചാണ് സമാപന ദിവസ പരിപാടികൾ ആരംഭിച്ചത്. ഇന്ത്യ, സൗദി സൗഹൃദത്തിെൻറ ആശയം പ്രതിഫലിപ്പിക്കുന്ന വിഡിയോ ചിത്രം വേദിയിൽ തെളിഞ്ഞു.
തുടർന്ന് റിയാദിലെ പോൾ സ്റ്റാർ ഡാൻസ് ട്രൂപ്പിലെ കുട്ടികൾ അവതരിപ്പിച്ച ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിെൻറ നൃത്താവിഷ്കാരം അരങ്ങേറി. അവതരണ കലയിലെ മുടിചൂടാ മന്നൻ മിഥുൻ രമേശ് എത്തിയതോടെ വേദിയുടെ ഭാവം മാറി. മിഥുന്റെ ചടുലമായ അവതരണം സദസിനെ മുഴുവൻ കൈയിലെടുക്കുന്നതായിരുന്നു.
ഇന്ത്യ, സൗദി ദേശീയ ഗാനാലാപനത്തിന് ശേഷം സദസ്സിനിടയിൽനിന്ന് കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസി വേദിയിലേക്ക് കയറി അറബ് ഗാനം തന്ത്രികൾ മീട്ടി അന്തരീക്ഷത്തെ ഭാവസാന്ദ്രമാക്കി.
രാത്രി എട്ട് മണിയോടെ ഉത്സവനഗരിയിലെത്തിയ കുഞ്ചാക്കോ ബോബനെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സംഘാടകസമിതി സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു. ഉത്സവനഗരിയിൽ നിറഞ്ഞുകവിഞ്ഞ ആളുകളെ കേരളീയ വാദ്യകലയുടെ ഗൃഹാതുരതയിലേക്ക് കൂട്ടിക്കൊണ്ടുപോകും മേളപ്പെരുക്കം തീർത്തത് സാമൂഹിക സാംസ്കാരിക സംഘടനയായ റിയാദ് ടാക്കീസിന് കീഴിലെ മേളം വാദ്യസംഘമാണ്.
സിനിമാപ്രേമികൾക്ക് പ്രിയങ്കരനായ ചാക്കോച്ചൻ ആദ്യമായാണ് റിയാദിലെത്തുന്നത്. നിരവധി ഹിറ്റ് പ്രണയഗാനങ്ങൾ അഭ്രപാളിയിൽ അവതരിപ്പിച്ച ഈ ഭാവ നായകൻ അക്ഷരാർഥത്തിൽ റിയാദിലെ സഹൃദയരുടെ മനം കവർന്നു. നൂറുകണക്കിന് വേദികൾ മാന്ത്രിക വിരലുകളുടെ ചലനങ്ങളാൽ സംഗീത സാന്ദ്രമാക്കിയ സ്റ്റീഫൻ ദേവസ്സിയാണ് സദസ്സിന് ആസ്വാദനത്തിെൻറ പുത്തൻ വൈബ് പകർന്നത്.
ഒരുപിടി ഹിറ്റ് ഗാനങ്ങളിലൂടെ ആസ്വാദക വൃന്ദത്തിെൻറ ഹൃദയം കീഴടക്കിയ പിന്നണി ഗായികമാരായ നിത്യ മാമൻ, ക്രിസ്റ്റകല, യുവഗായകരായ കെ.എസ്. ഹരിശങ്കർ, അക്ബർ ഖാൻ എന്നിവരും സംഗീത പെരുമഴ പെയ്യിച്ചു. നടനും നർത്തകനുമായ മുഹമ്മദ് റംസാന്റെ ഡാൻസ് നമ്പറുകളും പ്രേക്ഷകരെ ഹരം കൊള്ളിച്ചു.
പ്രമുഖ പ്രവാസി വ്യവസായിയും മിഡിലീസ്റ്റിലെ പ്രശസ്ത കമ്പനിയായ എസ്.ബി ഗ്രൂപ്പിെൻറ എം.ഡിയും സി.ഇ.ഒയുമായ സാജു ജോർജിന് ഗൾഫ് മാധ്യമം ഏർപ്പെടുത്തിയ ‘അറേബ്യൻ ലഗേസി അച്ചീവ്മെന്റ് അവാർഡ്’ സമ്മാനിച്ചു. ഗൾഫ് മാധ്യമം ആൻഡ് മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് ചടങ്ങിൽ സംബന്ധിച്ചു.
ആയിരക്കണക്കിനാളുകൾക്ക് ഈ ശരത്കാല രാവിെൻറ സുഖശീതളിമയിൽ അനായസം ഇരുന്ന് പരിപാടികൾ ആസ്വദിക്കാനാവും വിധമായിരുന്നു ഇരിപ്പടങ്ങൾ ഒരുക്കിയിരുന്നത്. ശനിയാഴ്ച വൈകീട്ട് നാല് മുതൽ ഉത്സവനഗരിയിേലക്ക് ആളുകൾ എത്തിത്തുടങ്ങിയിരുന്നു.
ടേസ്റ്റീ ഇന്ത്യ ഫുഡ് കാർണിവൽ ഏരിയയിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ സെലിബ്രിറ്റി അവതാരകൻ രാജ് കലേഷ് മാജിക്കും മറ്റ് കലാപരിപാടികളുമായി ആളുകളെ വരവേറ്റു. റിയാദിലെ തെരഞ്ഞെടുക്കപ്പെട്ട ഗായകർക്ക് മാറ്റുരക്കാനുള്ള ‘സിങ് ആൻഡ് വിൻ’ മത്സരവും രാജ് കലേഷ് നയിച്ചു. റിയാദിലെ പ്രവാസി കുട്ടികൾക്കായി ‘ലിറ്റിൽ ആർട്ടിസ്റ്റ്’ എന്ന പേരിൽ ചിത്രരചനാമത്സരവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.