റിയാദ്: കാൽ നൂറ്റാണ്ട് മുമ്പ് പവിഴ ദ്വീപായ ബഹ്റൈനിൽ തുടക്കം കുറിച്ച് ജി.സി.സി രാജ്യങ്ങളിലാകെ പടർന്ന അക്ഷരജ്യോതിസ്സായ ‘ഗൾഫ് മാധ്യമം’ രജതജൂബിലി ആഘോഷങ്ങളുടെ നിറവിലാണ്. മലയാള മാധ്യമ ചരിത്രത്തിലെ അസാധാരണ അധ്യായവും പ്രവാസ ചരിത്രത്തിലെ അഭിമാന മുഹൂർത്തവുമായ ഈ വിജഗാഥ ആഘോഷമാക്കി മാറ്റുകയാണ് പ്രവാസലോകത്തെ ഇന്ത്യൻ സമൂഹം.
അസംഘടിതരായ പ്രവാസി സമൂഹത്തിന്റെ ആവശ്യങ്ങളും ശബ്ദവും ഉച്ചത്തിൽ വിളിച്ചുപറയുവാനും സമൂഹ മധ്യത്തിൽ ഉന്നയിക്കാനും ഒരു ജിഹ്വയില്ലാത്ത വിടവിലേക്കായിരുന്നു ഗൾഫ് മാധ്യമത്തിന്റെ പിറവി. വായിക്കാനും വിവരങ്ങളറിയാനുമുള്ള പ്രവാസികളായ കേരളീയ സമൂഹത്തിന്റെ തീക്ഷ്ണമായ അഭിവാഞ്ജയാണ് ഈ ദിനപത്രത്തിന്റെ ആവിർഭാവത്തിലൂടെ സാധ്യമായത്.
‘ഗൾഫ് മാധ്യമ’ത്തിന്റെ ശിൽപിയും ‘മാധ്യമ’ത്തിന്റെ സ്ഥാപക നേതാക്കളിലൊരാളുമായ വി.കെ. ഹംസ അബ്ബാസിന്റെ അക്ഷീണ പ്രയത്നമാണ് മലയാളത്തിന്റെ ഈ അഭിമാന ഗോപുരത്തിന്റെ ചാലകശക്തി. പത്രപ്രവർത്തനം അത്യുദാത്തമായ ബാധ്യതകളുടെ നിർവഹണമാണെന്ന് മനസ്സിലാക്കി, പുതിയ കാലത്തെ നേരിടാൻ പ്രവാസി സമൂഹത്തെ പ്രാപ്തമാക്കാൻ ധീരതയോടെ പ്രവർത്തിച്ച ഒരു അന്താരാഷ്ട്ര വ്യക്തിത്വം കൂടിയാണ് അദ്ദേഹം.
കാലവും ലോകവും അനുനിമിഷം പരിവർത്തനങ്ങൾക്ക് വിധേയമാവുമ്പോഴും ആ ദൗത്യവുമായി സമൂഹത്തിന്റെ എല്ലാ തുറകളിലും ആദ്യത്തെ അന്താരാഷ്ട്ര ഇന്ത്യൻ ദിനപത്രമെന്ന ടാഗ് ലൈനോടെ ‘ഗൾഫ് മാധ്യമം’ ജ്വലിച്ചു നിൽക്കുകയാണ്.
സൗദിയിൽ നാല് എഡിഷനടക്കം എല്ലാ ജി.സി.സി രാജ്യങ്ങളിലും പ്രസിദ്ധീകരിക്കുന്ന ഏക ഇന്ത്യൻ ദിനപത്രമെന്ന നിലയിൽ പ്രവാസി സമൂഹത്തിന്റെ ജിഹ്വയായി വളർന്ന് തണൽ വിരിച്ചുനിൽക്കുകയാണ്. അവരുടെ പ്രശ്നങ്ങളിലും പ്രയാസങ്ങളിലും കൂടെ നിന്നുകൊണ്ടുള്ള പ്രവർത്തനമാണ് പത്രം സ്വീകരിച്ചത്. പ്രവാസി ഇന്ത്യക്കാരുടെ നിരവധി വിഷയങ്ങളിൽ ഗൾഫ് മാധ്യമം ജനങ്ങളോടൊപ്പം നിലകൊണ്ടു.
യാത്രാപ്രശ്നങ്ങൾ, ചൂഷണം ചെയ്യപ്പെടുന്ന വിമാനക്കൂലി, വ്യാജ വിസക്കുരുക്കുകൾ, മക്കളുടെ തുടർ വിദ്യാഭ്യാസം, പ്രവാസികളുടെ പുനരധിവാസം, മരണം തുടങ്ങി പ്രവാസികളെ ബാധിക്കുന്ന പൊതുവായ ആവശ്യങ്ങളെ അധികൃതരുടെ ശ്രദ്ധയിൽകൊണ്ടുവരാനും പരിഹാരം തേടാനും ഒരു ജനപ്രിയ മാധ്യമമെന്ന നിലയിൽ മുന്നിലുണ്ടായിരുന്നു.
ഒപ്പം ഓരോ പ്രദേശത്തും പ്രതിസന്ധികളിലകപ്പെട്ട ഇന്ത്യക്കാർക്ക് സഹായഹസ്തം നീട്ടാൻ നാം നടത്തിയ ശ്രമങ്ങൾ എണ്ണിക്കണക്കാക്കാനാവില്ല. ഏറ്റവും ഒടുവിൽ സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിന് പിറകിലും ആ ഇടപെടൽ ശക്തമായിരുന്നു.
കാൽനൂറ്റാണ്ടുകാലത്തെ അഭിമാനകരമായ പ്രവർത്തന കാലയളവിൽ പ്രവാസ രാജ്യത്തിന്റെ വികസന നയങ്ങൾക്ക് എല്ലാ പിന്തുണയും നൽകാൻ ‘ഗൾഫ്മാധ്യമ’ത്തിനായി. മാതൃരാജ്യത്തിന്റെ വളർച്ചയിൽ കണ്ണിചേർന്നതോടൊപ്പം പ്രവാസി സമൂഹത്തിന്റെ അവകാശപോരാട്ടത്തിലും പത്രം മുന്നിൽനിന്നു.
സമാധാനപരമായ സഹവർത്തിത്വത്തിന്റേതും സഹിഷ്ണുതയുടേയും മഹത്തായ പാത പിന്തുടരുന്ന ഇവിടത്തെ ഭരണാധികാരികളുടെ സന്ദേശങ്ങൾ സമൂഹത്തിലെത്തിക്കാനും നിയമപരിഷ്കാരങ്ങളും മാറ്റങ്ങളും കുടിയേറ്റക്കാരിലെത്തിക്കുന്നതിലും ഗൾഫ് മാധ്യമത്തിന്റെ ശ്രമങ്ങൾ അഭംഗുരം തുടരുന്നു.
25 വർഷങ്ങൾ പിന്നിടുമ്പോൾ നവമാധ്യമങ്ങളിലും ഡിജിറ്റൽ മേഖലയിലും ശക്തമായ സാന്നിധ്യമായി ഗൾഫ്മാധ്യമം വളർന്നിരിക്കുന്നു. ഗൾഫ്മാധ്യമം ആ യാത്ര തുടരുകയാണ്. ഇരുരാജ്യങ്ങളുടെയും വികസനത്തോടൊപ്പം, പ്രവാസികളോടൊപ്പം എന്നും നിലകൊള്ളുമെന്ന പ്രതിജ്ഞയുമായി. ഒപ്പം ഈ ചരിത്രപ്പിറവിയുടെ രജതജൂബിലി ആഘോഷങ്ങൾ ഗൾഫിലാകെ പലരൂപത്തിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.