ദമ്മാം: മഞ്ഞുരുകും വഴിയരികെ പാട്ടൊഴുക്കാൻ സൂരജ് സന്തോഷും. ‘മഴയുടെ പശ്ചാത്തലത്തിൽ പാട്ടാസ്വാദനം’ എന്ന എന്ന തീമിൽ ഗൾഫ് മാധ്യമം ഒരുക്കുന്ന ‘റെയ്നി നൈറ്റ്’ സംഗീതനിശയിൽ ശ്രദ്ധേയനായ യുവ പ്രതിഭ സൂരജ് സന്തോഷ് പാടാനെത്തുന്നത്. ഫെബ്രുവരി ഒമ്പതിന് അൽഖോബാർ സിഗ്നേച്ചർ ഹോട്ടൽ ഹാളിൽ റെയ്നി നൈറ്റ് അരങ്ങേറുമ്പോൾ അപർണ ബാലമുരളിക്കും സ്റ്റീഫൻ ദേവസ്യക്കുമൊപ്പം ഉശിരൻ ആലാപനത്തിന്റെ ശക്തിയും സൗന്ദര്യവുമായി സൂരജ് നിറഞ്ഞു പെയ്യും.
മലയാള സിനിമയിലും സ്വതന്ത്ര സംഗീതരംഗത്തും ഒരു പതിറ്റാണ്ടിലധികമായി നിറഞ്ഞുനിൽക്കുന്ന ഗായകനാണ് അദ്ദേഹം. മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരമടക്കം ഒട്ടനവധി അംഗീകാരങ്ങള്‍ സൂരജിനെ തേടിയെത്തിയിട്ടുണ്ട്. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നട തുടങ്ങിയ ഭാഷകളില്‍ ഒട്ടേറെ ചിത്രങ്ങളിൽ സൂരജ് പിന്നണി ഗായകനായി. സിനിമാപാട്ടുകൾക്ക് പുറമെ സ്വതന്ത്രസംഗീതമാണ് സൂരജിന്റെ ഇഷ്ടരംഗം. തന്റെ രാഷ്ട്രീയവും ആശയവും അവതരിപ്പിക്കാൻ അതാണ് ഏറ്റവും നല്ല വേദിയെന്ന് സൂരജ് വിശ്വസിക്കുന്നു.
ദുല്‍ഖര്‍ സല്മാന് നായകനായ ‘സീതാരാമം’ എന്ന ചിത്രത്തില്‍ വിശാല്‍ ഒരുക്കി സൂരജ് ആലപിച്ച ഗാനം ഏറെ ജനപ്രിയമായിരുന്നു. 2010ല്‍ തുടങ്ങിയ ജൈത്രയാത്ര വിജയകരമായി ഇന്നും മുന്നേറുന്നു. ഒരു സിനിമഗായകന് എന്നതിനപ്പുറം സ്വതന്ത്രസംഗീതജ്ഞന് എന്ന് അറിയപ്പെടുകയാണ് സൂരജിന്റെ ജീവിതാഭിലാഷം. പാട്ട് വളരെ ചെറുപ്പം മുതല്‍ കൂടെയുണ്ടായിരുന്ന സൂരജ് സിനിമയില്‍ പാടുന്നതിന് മുമ്പ് തന്നെ സ്വതന്ത്രസംഗീതരംഗത്ത് സജീവമായിരുന്നു. സംഗീതം സിനിമയില്‍ മാത്രം ഒതുങ്ങി നില്ക്കുന്നതല്ല എന്ന് സൂരജ് വിശ്വസിക്കുന്നു. എല്ലാ ഗായകർക്കും സംഗീതജ്ഞര്‍ക്കും അവരവരുടേതായ ഇടമുണ്ടെന്നും സൂരജ് പറയുന്നു.
1987 സെപ്റ്റംബർ 19ന് കൊല്ലത്ത് ജനിച്ച സൂരജ് തിരുവനന്തപുരം ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. സംഗീത സംഘമായ ‘മസാല കോഫി’യിലെ അംഗമാണ്. മഹാത്മാഗാന്ധി കോളജിൽനിന്നും ബി.കോം ബിരുദവും മാർ ഇവാനിയോസ് കോളജിൽനിന്ന് എം.കോം ബിരുദവും നേടി. ‘കപ്പ ടി.വി’യിലെ മ്യൂസിക് മോജോ എന്ന സംഗീത പരിപാടിയിലൂടെ അരങ്ങേറ്റം കുറിച്ച മസാല കോഫിയുടെ പ്രധാന ഗായകനാണ് സൂരജ് സന്തോഷ്.
‘സെക്കൻഡ് ഷോ’ എന്ന സിനിമയിൽ ‘ഈ രാമായണക്കൂട്ടിൽ...’ എന്ന പാട്ടുപാടി മലയാളത്തിൽ തുടക്കം. അതിന് മുമ്പ് ‘ശ്രീധർ’ എന്ന തമിഴ് ചിത്രത്തിൽ ‘ഉയിരിൻ ചുവരിൽ നാനേ...’ എന്ന ഗാനം ആലപിച്ചു. നിരവധി ആൽബങ്ങളിലും പാടി അഭിനയിച്ചു.
കർണാടക സംഗീതജ്ഞനായ കുടമാളൂർ ജനാർദനനായിരുന്നു ഗുരു. 2004ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിലും 2004-2005ലെ സംസ്ഥാന ഹയർ സെക്കൻഡറി കലോത്സവത്തിലും വിജയിയായിരുന്നു. 2009, 2010, 2011 വർഷങ്ങളിൽ ദക്ഷിണേന്ത്യൻ അന്തർ സർവകലാശാല യുവജനോത്സവത്തിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. 2016ൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, മിർച്ചി മ്യൂസിക് അവാർഡ് സൗത്ത്, ജന്മഭൂമി ചലച്ചിത്ര പുരസ്കാരം തുടങ്ങിയവ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.