ദമ്മാം: കിഴക്കുദിക്കിന്റെ ആകാശത്ത് പെയ്തുവീഴാൻ വെമ്പുന്ന സംഗീതമഴയുടെ മേളപ്പെരുക്കങ്ങൾ നിറയുന്നു. മണിക്കൂറുകൾ കഴിഞ്ഞാൽ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ‘റെയ്നി നൈറ്റിന്റെ’ അതിമനോഹര നിമിഷാർധങ്ങളുടെ കുളിരിലലിയാൻ ആയിരങ്ങൾ കാത്തിരിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം മുതൽ അൽ ഖോബാറിലെ സിഗ്നേച്ചർ ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് ‘ഗൾഫ് മാധ്യമം’ ഒരുക്കുന്നു റെയ്നി നൈറ്റ് അരങ്ങേറുന്നത്. പ്രവാസത്തിന്റെ തിരക്കുപിടിച്ച സങ്കീർണതകളിൽനിന്ന് മോചിതരായി മഴപ്പാട്ടിന്റെ രാവിലലിഞ്ഞ് അപ്പൂപ്പൻ താടിപോലെ പറന്നുയരാനുള്ള അപൂർവ സാഹചര്യമാണ് ഗൾഫ് മാധ്യമം ഒരുക്കിയിരിക്കുന്നത്. അഭിനേത്രിയും ഗായികയുമായ പാനിന്ത്യൻ താരം അപർണ ബാലമുരളിയും വിരൽ മാന്ത്രികതകൊണ്ട് ഫ്യൂഷൻ സംഗീതത്തിന്റെ വിസ്മയം തീർക്കുന്ന സ്റ്റീഫൻ ദേവസ്സിയും സംഘവും റെയ്നി നൈറ്റിന്റെ പ്രധാന ആകർഷണങ്ങളാകും. ഒപ്പം പുതുകാലത്തെ അതിമനോഹര ഈണങ്ങൾ കൊണ്ട് വിസ്മയിപ്പിച്ച സൂരജ് സന്തോഷ്, നിത്യാ മാമൻ, അഖ്ബർ ഖാൻ, ക്രിസ്റ്റകല, ശ്രീജീഷ് എന്നിവർ മനമുണർത്തുന്ന ഈണങ്ങളുമായി വേദി നിറയും. അവതാരകനായി മിഥുൻ രമേശും ഒപ്പം കൂടും. ഏറ്റവും ആധുനിക സംവിധാനങ്ങളും മികച്ച ടെക്നീഷ്യന്മാരും സമന്വയിക്കുന്ന വേദി കിഴക്കൻ പ്രവിശ്യ ഇതുവരെ ദർശിച്ചിട്ടില്ലാത്ത അനുഭവങ്ങൾക്ക് സാക്ഷിയാകും. റെയ്നി നൈറ്റിന്റെ ഭാഗമാകാൻ ആസ്വാദകർ ഏറെ ആവേശത്തോടെയാണ് മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. പരിമിതമായ സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. സൗദിയിലെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങളും ഗൾഫ് മാധ്യമത്തിനൊപ്പം റെയ്നി നൈറ്റിന്റെ ഭാഗമാകുന്നുണ്ട്. റെയ്നി നൈറ്റിന്റെ പ്ലാറ്റിനം ഫാമിലി ടിക്കറ്റ് എടുക്കുന്നവർക്ക് വയനാട് മേപ്പിൽ ആഷ് റിസോർട്ടിൽ കുടുംബവുമൊത്ത് ഒരു രാത്രി കഴിയാനുള്ള അവസരം കുടുംബങ്ങളെ കൂടുതൽ ആകർഷിച്ചിട്ടുണ്ട്. എല്ലാ പ്രേക്ഷകർക്കും ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് വേദികൾ സംവിധാനിച്ചിരിക്കുന്നതെന്നും ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നും ‘ഗൾഫ് മാധ്യമം’ റസിഡൻറ് മാനേജർ സലീം മാഹി പറഞ്ഞു. കേവലം ഒരു സ്റ്റേജ് ഷോ എന്നതിലുപരി പ്രവാസ സമൂഹത്തിന് എന്നും ഓർത്തിരിക്കാനുള്ള അനുഭവങ്ങൾ സമ്മാനിക്കണമെന്ന ‘ഗൾഫ് മാധ്യമ’ത്തിന്റെ തീരുമാനമാണ് റെയ്നി നൈറ്റിന്റെ സംഘാടനത്തിന് പിന്നിലുള്ളതെന്ന് ഓപറേഷൻ ഹെഡ് ഹിലാൽ ഹുസൈൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.