ദമ്മാം: കാത്തിരിപ്പുകൾക്കൊടുവിൽ പെയ്തുനിറഞ്ഞ രാഗമഴയിൽ നനഞ്ഞുണർന്ന ദമ്മാമിന് മനസ്സുനിറഞ്ഞു. പെയ്തിട്ടും പെയ്തിട്ടും പോരാതെ പോരാതെ പ്രേക്ഷക ഹൃദയങ്ങളിൽ ആ രാഗമഴകൾ ചിണിങ്ങിക്കൊണ്ടേയിരുന്നു. ആയിരങ്ങൾ ഒത്തുചേർന്ന് ഹൃദയം കൊടുത്താസ്വദിച്ച ‘റെയ്നി നൈറ്റ്’ ദമ്മാമിന്റെ ചരിത്രത്തിലെ അപൂർവ സുന്ദരമായ ഒരു രാവ് അടയാളപ്പെടുത്തുകയായിരുന്നു.
മഴക്കൊടുവിൽ ഹൃദയാകാശത്ത് വിരിഞ്ഞ മഴവിൽ ചാരുതയിൽ മയങ്ങിയുണരുകയാണ് റെയ്നി നൈറ്റിന് സാക്ഷികളായവർ. മാസങ്ങൾ നീണ്ട ചിട്ടയായ പ്രവർത്തനങ്ങൾക്കൊടുവിലാണ് ‘ഗൾഫ് മാധ്യമം’ മഴക്കുളിരിന്റെ ചാരുതയുള്ള മെഗാ ഷോ ഒരുക്കിയത്. ദേശീയ ചലച്ചിത്ര പുരസ്കാര ജോതാവ് അപർണ ബാലമുരളിയും സ്റ്റീഫൻ ദേവസ്സിയും ഉൾപ്പടെയുള്ള 28 കലാകാരന്മാരാണ് ഇതിനായി നാട്ടിൽ നിന്നെത്തിയത്.
അവസാനക്കാഴ്ചചക്കാരനേയും പരിഗണിക്കുന്ന രീതിയിൽ വേദിയെ ഒരുക്കിവെക്കാൻ സംഘാടകർ ഏറെ ശ്രദ്ധിച്ചിരുന്നു. പരിപാടി ആസ്വദിക്കാൻ മലയാളികൾ മാത്രമല്ല, സൗദി പൗരന്മാരും ഫിലിപ്പീൻസ്, ജോർദാൻ, ഈജിപ്ത് തുടങ്ങിയ രാജ്യക്കാരും എത്തിയിരുന്നു. അങ്ങനെയൊരു അന്താരാഷ്ട്ര പ്രേക്ഷകസമൂഹമാണ് അൽഖോബാറിലെ സിഗ്നേച്ചർ ഹോട്ടലിൽ അരേങ്ങറിയ പരിപാടി ആസ്വദിക്കാൻ തിങ്ങിനിറഞ്ഞത്.
പ്രവിശ്യയിലെ മികച്ച സ്ഥാപനങ്ങൾ നൽകിയ പിന്തുണ കൂടിയാണ് ഈ അപൂർവ ചാരുതയുള്ള ഒരു രാത്രി ഒരുക്കാൻ ഗൾഫ് മാധ്യമത്തിനു പിന്തുണ നൽകിയത്. ഒപ്പം നിന്ന സ്ഥാപന പ്രതിനിധികളെ ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ലുലു ഗ്രൂപ്പിനുള്ള ഉപഹാരം റീജനൽ മാനേജർ അബ്ദുസ്സലാം ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റർ ഹംസ അബ്ബാസിൽ നിന്നു ഏറ്റുവാങ്ങി. എലൈറ്റ് ട്രാവൽ ഫിനാൻസ് മാനേജർ വിനോദ് നടരാജനും ഉപഹാരം ഏറ്റുവാങ്ങി.
ഫ്രണ്ടി പേയുടെ ഇന്ത്യൻ സെഗ്മെന്റ് മാനേജർ സലീം തലപ്പിൽ സ്റ്റീഫൻ ദേവസ്സിയിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി. മറ്റു പ്രധാന പ്രായോജകരായ ഇറാം ഗ്രൂപ് സി.ഇ.ഒ മധുകൃഷ്ണന് അപർണ ബാലമുരളി ഫലകം സമ്മാനിച്ചു.
നഹ്ല ഗ്രൂപ് മാനേജർ അലിമോൻ അബൂബക്കർ, റോയൽ മലബാർ റെസ്റ്റോറൻറ് ഗ്രൂപ് ഡയറക്ടർ ഷറഫുദ്ദീൻ, ബദർ ഗ്രൂപ് എം.ഡി നിഹാൽ, തഖ്വ മെഡിക്കൽ സെൻറർ ഡയറക്ടർമാരായ ഷാജഹാൻ റാവുത്തർ, സലീം ഇബ്രാഹിം, മേഴ്സി കോർപ് പ്രതിനിധി എ.ആർ. മാഹീൻ എന്നിവർക്ക് അപർണ ബാലമുരളി ഉപഹാരങ്ങൾ സമ്മാനിച്ചു. അപർണക്കുള്ള ‘ഗൾഫ് മാധ്യമ’ത്തിന്റെ പുരസ്കാരം മാർക്കറ്റിങ് മാനേജൻ ഹിലാൽ ഹുസൈൻ സമ്മാനിച്ചു.
മഴയുടെ വിവിധ ഭാവങ്ങൾ അവതരിപ്പിച്ചുകൊണ്ടുള്ള പാട്ടുകൾ പ്രേക്ഷകർക്ക് പുതിയ അനുഭവമാണ് സമ്മാനിച്ചത്. ആർത്തലച്ച് പെയ്യുന്ന മഴയെ ഗൃഹാതുര സ്മരണയായി മനസ്സിൽകൊണ്ടു നടക്കുന്ന പ്രവാസികൾക്ക് മഴയെ അനുഭവിച്ച പ്രതീതി നൽകാൻ ഷോയുടെ സാങ്കേതിക വിദഗ്ദർക്കു കഴിഞ്ഞു. മിഥുൻ രമേശിന്റെ ഹൃദ്യമായ അവതരണം ഷോയെ ആദ്യാവസാനം സജീവമാക്കി നിലനിർത്തി.
ആടിയും പാടിയും കൈത്താളമിട്ടും പ്രേക്ഷകരും ഓരോ പാട്ടിനും ഒപ്പം കൂടി. വൈകീട്ട് 7.30ഓടെ ആരംഭിച്ച പരിപാടി രാത്രി 11 ഓടെ അവസാനിച്ചപ്പോഴും സംഗീതത്തിന്റെ രാത്രി മഴ സമ്മാനിച്ച പ്രതീതിയനുഭവത്തിൽനിന്നു പുറത്തുകടക്കാനാവാത്ത അവസ്ഥയിലായിരുന്നു അൽഖോബാറിലെ സിഗ്നേച്ചർ ഹോട്ടൽ ഹാളിൽ തിങ്ങിനിറഞ്ഞ പ്രേക്ഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.