ജിദ്ദ: നഗരത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ മലയാളി ഫുട്ബാൾ പ്രേമികളുടെ വാരാന്ത്യ ഒഴിവ് ദിനരാത്രികൾ ആവേശത്തിന്റെ കൊടുമുടിയിലായിരുന്നു. ഗൾഫ് മാധ്യമം സോക്കർ കാർണിവൽ സീസൺ 2 ഫുട്ബാൾ ടൂർണമെന്റ് അത്യാവേശത്തോടെയാണ് അവർ ഏറ്റെടുത്തത്. വ്യാഴം, വെള്ളി ദിവസങ്ങളിലായി നടന്ന ടൂർണമെന്റിൽ സീനിയർ വിഭാഗത്തിൽ ന്യൂ കാസിൽ സെവൻസും ജൂനിയർ വിഭാഗത്തിൽ അമിഗോസ് ജിദ്ദയും കിരീടം ചൂടി. കേരളത്തിന്റെ നാട്ടിൻപുറങ്ങളിലെ സെവൻസ് ഫുട്ബാൾ ടൂർണമെന്റുകളെ അനുസ്മരിക്കും വിധം ജിദ്ദ ഖാലിദ് ബിൻ വലീദ് സ്റ്റേഡിയത്തിൽ നടന്ന ഗൾഫ് മാധ്യമം സോക്കർ കാർണിവൽ സീസൺ 2 ഫുട്ബാൾ മത്സരം വീക്ഷിക്കാൻ രണ്ടു ദിവസങ്ങളിലായി സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തോളം ഫുട്ബാൾപ്രേമികളാണ് ഒരുമിച്ചുകൂടിയത്.
ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ടൂർണമെന്റിൽ മുഖ്യാതിഥി ആയിരുന്നു. ഗൾഫ് മാധ്യമം സംഘടിപ്പിച്ച പ്രഥമ സോക്കർ കാർണിവൽ ഫുട്ബാൾ ടൂർണമെന്റിലും താൻ പങ്കെടുത്തിരുന്ന കാര്യം അനുസ്മരിച്ച കോൺസൽ ജനറൽ സീസൺ രണ്ടിലും പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പ്രകടിപ്പിച്ചു. ഫുട്ബാൾ കളിക്കാരെ പ്രോത്സാഹിപ്പിക്കാനായി ടൂർണമെന്റുകൾ സംഘടിപ്പിക്കാൻ മുന്നോട്ട് വന്ന ഗൾഫ് മാധ്യമം ടീമിനെ പ്രത്യേകം അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജിദ്ദ നാഷനൽ ആശുപത്രി മാനേജിങ് ഡയറക്ടർ വി.പി മുഹമ്മദലി, വിജയ് ഫുഡ് പ്രൊഡക്ട്സ് മൂലൻ ഗ്രൂപ് എം.ഡി ജോയ് മൂലൻ, സിഫ് ഭാരവാഹികൾ, ജിദ്ദയിലെ വിവിധ സാമൂഹിക, സാംസ്കാരിക സംഘടനാ നേതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.
ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 16 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. വീറും വാശിയും നിറഞ്ഞ ഓരോ മത്സരങ്ങളും നിറഞ്ഞ കൈയടിയോടെയാണ് ഫുട്ബാൾ പ്രേമികൾ സ്വീകരിച്ചത്. ജൂനിയർ വിഭാഗം ജെ.എസ്.സി, അമിഗോസ് ജിദ്ദ ടീമുകൾ തമ്മിലുള്ള ആവേശകരമായ ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും നന്നായി കളിച്ചെങ്കിലും വിജയം അമിഗോസ് ജിദ്ദക്കായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അമിഗോസ് ജിദ്ദ, ജെ.എസ്.സിയെ പരാജയപ്പെടുത്തിയത്. മാൻ ഓഫ് ദ മാച്ചായി അമിഗോസ് ജിദ്ദ ടീമിലെ ഷഹാം തെരഞ്ഞെടുക്കപ്പെട്ടു. സിഫ് ജനറൽ സെക്രട്ടറി നിസാം മമ്പാട് ട്രോഫി കൈമാറി. ജൂനിയർ വിഭാഗത്തിൽ ഏറ്റവും നല്ല ഗോൾ കീപ്പറായി അമിഗോസ് ജിദ്ദ ടീമിലെ അഷ്ലിനെയും ഏറ്റവും മികച്ച സ്ട്രൈക്കറായി അതേ ടീമിലെ ലാസിനേയും ഏറ്റവും നല്ല ഡിഫൻഡറായി ജെ.എസ്.സി ടീമിലെ മുആസിനെയും തെരഞ്ഞെടുത്തു.
ഇവർക്കുള്ള ട്രോഫികൾ യഥാക്രമം വി.പി മുഹമ്മദലി, ജോയ് മൂലൻ, പി.ടി ഉസ്മാൻ അൽഹാസ്മി എന്നിവർ വിതരണം ചെയ്തു. ജൂനിയർ ജേതാക്കളായ അമിഗോസ് ജിദ്ദ ടീമിനുള്ള ട്രോഫി ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലവും കാഷ് പ്രൈസ് ജോയ് മൂലനും കൈമാറി. ജെ.എസ്.സിക്കുള്ള റണ്ണേഴ്സ് ട്രോഫി ജിദ്ദ നാഷനൽ ആശുപത്രി മാനേജിങ് ഡയറക്ടർ വി.പി മുഹമ്മദലിയും കാഷ് പ്രൈസ് ഫ്രണ്ടി പേ ഇന്ത്യ സെഗ്മെന്റ് മാനേജർ സലീം തളപ്പിലും കൈമാറി. ഫൈസലിയ എഫ്.സി, ന്യൂ കാസിൽ സെവൻസ് എന്നീ ടീമുകൾ ഏറ്റുമുട്ടിയ സീനിയർ ഫൈനൽ മത്സരത്തിൽ മുഴുവൻ സമയവും ഗോളുകളൊന്നും നേടാതെ മത്സരം സമനിലയിലായി. ശേഷം പെനാൽറ്റി ഷൂട്ടൗട്ടിലും സമനില ആയതോടെ നറുക്കെടുപ്പിലൂടെയാണ് ന്യൂകാസിൽ സെവൻസ് കപ്പ് നേടിയത്. ന്യൂകാസിൽ സെവൻസ് താരം ഷറഫുവിനെ മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുത്തു.
എൻകൺഫെട്ട് സാരഥി മുഹ്സിൻ ട്രോഫി കൈമാറി. സീനിയർ വിഭാഗത്തിൽ ഏറ്റവും നല്ല ഗോൾകീപ്പറായി ഫൈസലിയ എഫ്.സിയിലെ ഫസലുവിനെയും മികച്ച സ്ട്രൈക്കറായി അതേ ടീമിലെ നിബിലിനെയും ഡിഫൻഡറായി അൻസിലെയും തെരഞ്ഞെടുത്തു. ഏറ്റവും നല്ല ഗോൾ കീപ്പർക്കുള്ള ട്രോഫി ആദം കബീർ, ഇസ്ഹാഖ് എന്നിവരും മികച്ച സ്ട്രൈക്കർക്കുള്ള ട്രോഫി അഷ്ഫർ, അബ്ദുൽ ഫത്താഹ് എന്നിവരും മികച്ച ഡിഫൻഡർക്കുള്ള ട്രോഫി നിഷാദ്, ഹാരിസ് ബാബു എന്നിവരും കൈമാറി. സീനിയർ ജേതാക്കളായ ന്യൂകാസിൽ സെവൻസിനുള്ള ട്രോഫി വിജയ് ഫുഡ് പ്രൊഡക്ട്സ് മൂലൻ ഗ്രൂപ് എം.ഡി ജോയ് മൂലനും കാശ് പ്രൈസ് ഗൾഫ് മാധ്യമം, മീഡിയവൺ കോഓഡിനേഷൻ കമ്മിറ്റി കൺവീനർ സി.എച്ച് ബഷീറും വിതരണം ചെയ്തു. രണ്ടാം സ്ഥാനക്കാരായ ഫൈസലിയ എഫ്.സി ടീമിനുള്ള റണ്ണേഴ്സ് ട്രോഫി, കാഷ് പ്രൈസ് എന്നിവ യഥാക്രമം ഫ്രണ്ടി പേ ഇന്ത്യ സെഗ്മെന്റ് മാനേജർ സലീം തലാപ്പിൽ, ടൂർണമെൻറ് കമ്മിറ്റി കൺവീനർ എം.പി അഷ്റഫ് എന്നിവരും വിതരണം ചെയ്തു.
മുഹമ്മദ് ഖൈസി (ജിയോർഡാനോ), ഇമ്രാൻ (ജിയോർഡാനോ), മുഹമ്മദ് തമാനൂർ (ഫ്രെണ്ടി പേ), മുസ്തഫ (വിജയ് ഫുഡ് പ്രൊഡക്ട്സ്), ബെയ്സിൽ, യാസർ (ശിഫ ജിദ്ദ പോളിക്ലിനിക്), അബ്ദു പൊന്നേത്ത് (ബദർ തമാം പോളിക്ലിനിക്), ബാവ (മെഗാമാക്സ്), ഉസ്മാൻ വയനാട് (അൽ ഹാസ്മി), അയ്യൂബ് മാസ്റ്റർ (ഗുഡ്ഹോപ് അക്കാദമി), നിസാം പാപ്പറ്റ, നാസർ ശാന്തപുരം, സലീം മമ്പാട് (സിഫ്), ബീരാൻ കോയിസ്സൻ, ജലീൽ കണ്ണമംഗലം, റാഫി ബീമാപ്പള്ളി, യൂസുഫ് ഹാജി, അസ്ഹബ് വർക്കല, മൻസൂർ വയനാട്, മൻസൂർ ഫറൂഖ്, നാസർ കോഴിത്തൊടി, ഫസൽ കൊച്ചി തുടങ്ങിയവർ കളിക്കാരുമായി പരിചയപ്പെട്ടു. മുനീർ ഇബ്രാഹിം, അബ്ദുസ്സുബ്ഹാൻ, എൻ.കെ അഷ്റഫ്, തമീം അബ്ദുല്ല, സാദിഖലി തുവ്വൂർ, യൂസഫലി കൂട്ടിൽ, ഇസ്മായിൽ കല്ലായി, റഹീം ഒതുക്കുങ്ങൽ, നിസാർ ബേപ്പൂർ, കുട്ടി മുഹമ്മദ്, മുഹമ്മദ് അബ്ഷീർ, ഇ.കെ നൗഷാദ്, സൈനുൽ ആബിദീൻ, അബ്ദുൽ മുനീർ, ഫാസിൽ തയ്യിൽ, മുഹമ്മദ് അൽത്താഫ്, പി.കെ സിറാജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.