ജിദ്ദ: ‘ഗൾഫ് മാധ്യമ’വും ‘മീഫ്രൻഡ് ആപും’ ചേർന്നു സംഘടിപ്പിക്കുന്ന ‘സോക്കർ കാർണിവൽ സീസൺ രണ്ട്’ സെവൻസ് ഫുട്ബാൾ ടൂർണമെൻറ് ഈ മാസം 28, 29 തീയതികളിലായി ജിദ്ദയിൽ നടക്കും. ജിദ്ദ ഖാലിദ് ബിൻ വലീദ് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച രാത്രി 8.30 മുതൽ ആരംഭിക്കുന്ന ടൂർണമെൻറിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി 16 പ്രമുഖ ടീമുകൾ മാറ്റുരക്കും. മുൻ സന്തോഷ് ട്രോഫി താരങ്ങളുൾപ്പെടെ മുൻനിര കളിക്കാർ വിവിധ ടീമുകൾക്ക് വേണ്ടി ബൂട്ടണിയും. വെള്ളിയാഴ്ചയിലെ മത്സരങ്ങൾ വൈകീട്ട് 6.15 മുതൽ ആരംഭിക്കും.
‘സോക്കർ കാർണിവൽ സീസൺ രണ്ട്’ സെവൻസ് ഫുട്ബാൾ ടൂർണമെൻറ് ഫിക്സ്ചർ, ട്രോഫി പ്രകാശന കർമം കഴിഞ്ഞ ദിവസം നടന്നു. സീസൺസ് റസ്റ്റാറൻറ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) ജനറൽ സെക്രട്ടറി നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു. രണ്ടര മാസം ജിദ്ദയിലെ ഫുട്ബാൾ പ്രേമികളുടെ വാരാന്ത്യങ്ങളെ ആവേശഭരിതമാക്കി സിഫ് സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിന്റെ ആരവങ്ങൾ ഒടുങ്ങും മുമ്പേ വീണ്ടും മറ്റൊരു ഫുട്ബാൾ മാമാങ്കം സമ്മാനിക്കുന്ന ‘ഗൾഫ് മാധ്യമം’ മാനേജ്മെന്റിനെ അദ്ദേഹം പ്രശംസിച്ചു.
ടൂർണമെന്റുകൾ നടത്താൻ മുന്നോട്ടുവരുന്ന സംഘാടകർ ആരായാലും അവർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള പെരുമാറ്റമോ അനാവശ്യ പ്രശ്നങ്ങളോ ഉണ്ടാക്കാതെ പൂർണമായും സഹകരിച്ചുകൊണ്ട് മുന്നോട്ടു പോകാൻ ടൂർണമെന്റിൽ പങ്കെടുക്കുന്ന മുഴുവൻ ക്ലബ് ഭാരവാഹികളോടും നിസാം മമ്പാട് ആവശ്യപ്പെട്ടു.
ടൂർണമെന്റിന്റെ മുഖ്യപ്രായോജകരായ വിജയ് ഫുഡ് പ്രൊഡക്ട്സ് മാനേജിങ് ഡയറക്ടർ ജോയ് മൂലൻ, സിഫ് രക്ഷാധികാരി നാസർ ശാന്തപുരം, ഗൾഫ് മാധ്യമം-മീഡിയവൺ കോഓഡിനേഷൻ കമ്മിറ്റി വെസ്റ്റേൺ പ്രൊവിൻസ് രക്ഷാധികാരി എ. നജ്മുദ്ദീൻ, കൺവീനർ സി.എച്ച്. ബഷീർ എന്നിവർ ട്രോഫികൾ പ്രകാശനം ചെയ്തു. താഹിർ (നസീം ജിദ്ദ പോളിക്ലിനിക്), അബ്ദുല്ലത്തീഫ് പാട്ടുപ്പാറ (ബദർ തമാം പോളിക്ലിനിക്), മുസ്തഫ (വിജയ് ഫുഡ് പ്രൊഡക്ട്സ്), ഗൾഫ് മാധ്യമം ജിദ്ദ ബ്യൂറോ ഹെഡ് സാദിഖലി തുവ്വൂർ, സീനിയർ റിപ്പോർട്ടർ അബ്ദുറഹ്മാൻ തുറക്കൽ, മാർക്കറ്റിങ് എക്സിക്യൂട്ടിവ് പി.കെ. സിറാജ്, കെ.എം. അബ്ദുറഹീം, ഇസ്മാഈൽ കല്ലായി, തമീം മമ്പാട്, കെ.സി. ശരീഫ് തുടങ്ങിയവർ ഫിക്സ്ചർ നറുക്കെടുപ്പ് നടത്തി.
ടൂർണമെൻറ് ടെക്നിക്കൽ വിഭാഗം ഹെഡ് യൂസഫലി കൂട്ടിൽ നിർദേശങ്ങൾ നൽകി. ചടങ്ങിൽ ടൂർണമെൻറ് കമ്മിറ്റി അസിസ്റ്റൻറ് കൺവീനർ അബ്ദുസ്സുബ്ഹാൻ ആമുഖ പ്രഭാഷണം നടത്തി. സി.എച്ച്. ബഷീർ നന്ദി പറഞ്ഞു. ഫായിസ് ഇസ്മാഈൽ ഖിറാഅത്ത് നിർവഹിച്ചു. മുനീർ ഇബ്രാഹിം അവതാരകനായിരുന്നു. ഫാസിൽ, സാബിത്ത് മഞ്ചേരി എന്നിവർ സാങ്കേതിക സഹായം നൽകി. ആവേശകരമായ ഫുട്ബാൾ മത്സരങ്ങൾ വീക്ഷിക്കുന്നതിനായി മുഴുവൻ കളിപ്രേമികളെയും പ്രത്യേകം ക്ഷണിക്കുന്നതായി ‘ഗൾഫ് മാധ്യമം’ മാനേജ്മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.