ജിദ്ദ: 2017ലെ ഹജ്ജ് സീസണ് വ്യാഴാഴ്ച അവസാനിക്കും. ഇന്ത്യയിലേക്കുള്ള അവസാന ഹജ്ജ് വിമാനം ഇന്ന് മുംബൈയിലേക്ക് സര്‍വിസ് നടത്തും. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ തീർഥാടകരുടെ അവസാന സംഘം വ്യാഴാഴ്ച പുലര്‍ച്ചെ മദീനയില്‍നിന്ന് കൊച്ചിയിലേക്ക് തിരിച്ചു. പുലര്‍ച്ചെ നാല് മണിക്ക് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ 450 മലയാളി ഹാജിമാരാണ് അവസാനം പ്രവാചക നഗരിയോട് വിടപറഞ്ഞത്. ഇതോടെ കേരളത്തിൽനിന്ന് ഇത്തവണ ഹജ്ജിനെത്തിയ മുഴുവൻ തീർഥാടകസംഘവും നാടണഞ്ഞു.
അതേസമയം, കേരളത്തിൽനിന്നുള്ള പത്തോളം ഹാജിമാര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആരോഗ്യസ്ഥിതി അനുസരിച്ച് ഇവരെ പിന്നീട് സാധാരണ യാത്രാവിമാനങ്ങളില്‍ നാട്ടിലേക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയിൽനിന്നെത്തിയ 215ഒാളം ഹാജിമാരാണ് മരിച്ചത്.വിദേശ രാജ്യങ്ങളില്‍നിന്ന് ഹജ്ജിനെത്തിയ തീര്‍ഥാടകരില്‍ അവശേഷിക്കുന്ന മുഴുവന്‍ പേരും ഒക്ടോബർ ആറിന് മുമ്പ് സൗദി വിടണമെന്നാണ് നിയമം. ഇനിയും സൗദിയിൽ തുടർന്നാൽ പിഴയുൾപ്പെടെ ശിക്ഷ ലഭിക്കും.
വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മുംബൈയിലേക്കാണ് ഇന്ത്യയിലേക്കുള്ള അവസാന വിമാനം. ബുധനാഴ്ച എട്ട് വിമാനങ്ങൾ ഇന്ത്യയിലേക്ക് സര്‍വിസ് നടത്തി. ഗയയിലേക്ക് നാലും ഔറംഗാബാദിലേക്ക് രണ്ടും കൊച്ചിയിലേക്കും ബംഗളൂരുവിലേക്കും ഓരോ വിമാനങ്ങളുമാണ് ഇന്നലെ യാത്ര തിരിച്ചത്. അതിനിടെ, മദീനയില്‍ മര്കസിയ്യ ഭാഗത്ത് താമസത്തിന് അവസരം ലഭിക്കാതിരുന്ന ഹാജിമാര്‍ക്ക് അക്കൗണ്ട് വഴി പണം തിരികെ നല്‍കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. 350 റിയാലാണ് (ഏകദേശം 5800 രൂപ) ഇവര്‍ക്ക് ലഭിക്കുക. മദീനയിലെ താമസം സംബന്ധിച്ച് ഹാജിമാർ പരാതി ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.