മക്ക: ഹജ്ജ് വേളയിൽ ഹറമിലെത്തുന്ന വർധിച്ച തീർഥാടക പ്രവാഹം കണക്കിലെടുത്ത് ബാങ്കിനും ഇഖാമത്തിനുമിടയിലുള്ള കാത്തിരിപ്പ് സമയവും നമസ്കാരത്തിലെ ഖുർആൻ പാരായണ ദൈർഘ്യവും കുറക്കാൻ ഇരുഹറമുകളിലെ ഇമാമുകൾക്ക് ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നിർദേശം നൽകി. ഹറമിലെത്തിയ ആരാധകർക്കുള്ള പ്രയാസങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണിത്. ജനത്തിരക്കിന് പുറമെ തീർഥാടകരിൽ ബലഹീനരും പ്രായമായവരുമുണ്ട്. അവർക്ക് ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ ഇത് ആവശ്യമാണ്. ശരീഅത്തിന്റെയും അതിന്റെ സ്ഥാപിത ലക്ഷ്യങ്ങളുടെയും തേട്ടമാണിതെന്നും അൽ സുദൈസ് പറഞ്ഞു.
നടപ്പാതകളിലും ഇടനാഴികളിലും ഇരുന്ന് ഫോണുകളിലും ഫോട്ടോഗ്രാഫിയിലും വ്യാപൃതരായി തിരക്ക് സൃഷ്ടിക്കരുതെന്നും തീർഥാടകരോട് അൽസുദൈസ് ആവശ്യപ്പെട്ടു. ആരാധനയിലും ദൈവപ്രീതിയും പാപമോചനവും ക്ഷമയും തേടുന്നതിലും സമയം ചെലവഴിക്കുക. സുരക്ഷിതവും ശാന്തവുമായ അന്തരീക്ഷത്തിൽ ആരാധനകൾ അനുഷ്ഠിച്ചും ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയും വീടുകളിലേക്ക് മടങ്ങുന്നതിന് എല്ലാവരും നിയമങ്ങളും മര്യാദകളും പാലിക്കുകയും ഹറമിന്റെയും സമയത്തിന്റെയും പവിത്രതയെ മാനിക്കുകയും പരസ്പരം സഹകരിക്കുകയും വേണമെന്നും അൽസുദൈസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.