ജിദ്ദ: ഹജ്ജിന്റെ പ്രധാന നാളുകൾക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മക്കയിലേക്ക് തീർഥാടകർ ഒഴുകിയെത്തുകയാണ്. പരിശുദ്ധ മക്കയിലെ ദൈവ മന്ദിരമായ കഅ്ബയിലേക്കുള്ള പുണ്യ തീർഥാടനവും അതോടനുബന്ധിച്ചുള്ള അനുഷ്ഠാനങ്ങളുമായ ഹജ്ജ് നിർവഹിക്കാൻ വിവിധ രാജ്യങ്ങളിൽനിന്ന് വ്യോമ, കടൽ, കര മാർഗങ്ങളിലൂടെ വിശ്വാസി സമൂഹത്തിന്റെ വർധിച്ച പ്രവാഹത്തിനാണ് മക്ക നഗരം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.
മുസ്ലിം ലോകത്തിലെ ആത്മീയകേന്ദ്രത്തിൽ ചേരുന്ന വാർഷിക സംഗമത്തിൽ പങ്കുകൊള്ളാൻ എത്തുന്ന വിശ്വാസികളെല്ലാം ദേശ-ഭാഷാ-വർഗ-വർണ- ഭിന്നതകൾ മറന്ന് ഇവിടെ ഒരേ വസ്ത്രം ധരിച്ച് ഒരേ ദൈവത്തിന്റെ മുന്നിൽ കൈയുയർത്തി പ്രാർഥിക്കുന്നു. ആത്മീയ ഔന്നത്യം,സമത്വം,സാഹോദര്യം എന്നിവ വളർത്തുന്ന ആരാധനയാണ് ഹജ്ജ്. ആരോഗ്യവും ആവശ്യമായ സാമ്പത്തികശേഷിയും യാത്രാ സൗകര്യവുമുള്ള ലക്ഷങ്ങളാണ് ഓരോ വർഷവും ഹജ്ജ് നിർവഹിക്കാൻ പുണ്യഭൂമിയിലെത്തുന്നത്.
വിവിധ രാജ്യങ്ങളിൽനിന്ന് ഹജ്ജ് നിർവഹിക്കാനെത്തുന്ന തീർഥാടകർക്ക് വിവിധ സുരക്ഷ വിഭാഗങ്ങളും സന്നദ്ധ സേവകരും ‘മക്ക റൂട്ട് ഇനിഷ്യേറ്റിവ്’ വിഭാഗവുമൊക്കെ വർധിച്ച സേവനങ്ങളാണ് രാപ്പകലില്ലാതെ ചെയ്യുന്നത്. കുറ്റമറ്റ സേവനങ്ങൾ നൽകുന്ന രാജ്യത്തെ വിവിധ വകുപ്പുകളെ തീർഥാടകർ പ്രശംസിച്ചു. ഐവറി കോസ്റ്റിലെ തീർഥാടക സംഘത്തോടൊപ്പമെത്തിയ അവിടത്തെ സുപ്പീരിയർ കൗൺസിൽ ഓഫ് ഇമാംസ് ഓഫ് മോസ്ക് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് പ്രസിഡന്റ് ശൈഖ് ഐമ ദിയാക്കൈറ്റ്, മക്ക റൂട്ട് ഇനിഷ്യേറ്റിവ് നൽകുന്ന മഹത്തായ സേവനത്തെ അഭിനന്ദിച്ചു. മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, പാകിസ്താൻ, ബംഗ്ലാദേശ്, തുർക്കിയ, ഐവറി കോസ്റ്റ് എന്നീ ഏഴ് രാജ്യങ്ങളിൽനിന്നുള്ള ഹജ്ജ് തീർഥാടകരെ അവരുടെ വിസ, കസ്റ്റംസ്, പാസ്പോർട്ട് എന്നീ കാര്യങ്ങളിൽ പ്രത്യേകം സഹായിക്കാൻ സൗദി 2019ൽ സംവിധാനിച്ച ‘മക്ക റൂട്ട് ഇനിഷ്യേറ്റിവ്’ വഴി തീർഥാടകർക്ക് കാര്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുന്നു.
ഇറാഖിൽനിന്ന് 20,000 ത്തിലധികം തീർഥാടകർ രാജ്യത്തിന്റെ വടക്കൻ അതിർത്തി മേഖലയിലെ ജദിദത്ത് അറാർ ബോർഡർ ക്രോസിങ് വഴി കഴിഞ്ഞ ദിവസം മക്കയിലെത്തിയിട്ടുണ്ട്. ജോർഡൻ,ഫലസ്തീൻ എന്നിവിടങ്ങളിൽ നിന്ന് ധാരാളം തീർഥാടകരും കഴിഞ്ഞ ദിവസമെത്തി. 194 സന്നദ്ധപ്രവർത്തകർ സുരക്ഷ, ആരോഗ്യം, മാർഗനിർദേശ സേവനങ്ങൾ നൽകി സംഘത്തെ സ്വീകരിച്ചു. മദീനയിലെ മസ്ജിദുന്നബവിയിൽ 78,08,112 തീർഥാടകർ കഴിഞ്ഞയാഴ്ച ദിനേനയുള്ള പ്രാർഥനകളിൽ പങ്കുകൊണ്ടതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.