മക്ക: വിശ്വാസികളുടെ വിശുദ്ധ സംഗമമായ ഹജ്ജിന്റെ നാളുകൾ അടുക്കാറായപ്പോൾ മക്കയിലും പരിസര പ്രദേശങ്ങളിലും ഒരുക്കങ്ങൾ തകൃതിയായി പുരോഗമിക്കുന്നു. വിശുദ്ധ കഅ്ബയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് ഹജ്ജ് കർമങ്ങൾ നടക്കുന്നത്. ദൈവത്തിന്റെ ഏകതയുടെ പ്രതീകമാണ് കഅ്ബ. ഭൂമിയിൽ തീർത്തും നിർഭയമായ ഈ ഇടം സന്ദർശിക്കുന്നവരെല്ലാം ദൈവത്തിന്റെ അതിഥികളാണ്. ഈ അതിഥികളെ സ്വീകരിക്കാൻ ഹജ്ജ് സീസണിൽ കൂടുതൽ മികവുറ്റ ഒരുക്കങ്ങളാണ് സൗദി ഭരണകൂടം ഓരോവർഷവും പൂർത്തിയാക്കാറുള്ളത്. ഹിജ്റ കലണ്ടറിലെ പന്ത്രണ്ടാമത്തെ മാസമായ ഹജ്ജ് മാസത്തിലെ എട്ടാം തീയതിയാണ് ഹജ്ജ് കർമങ്ങൾ ആരംഭിക്കുക. മക്കയിൽനിന്ന് ഏകദേശം അഞ്ചര കിലോമീറ്റർ ദൂരെയുള്ള മിനയിലേക്ക് തീർഥാടകർ പോകുന്നതോടെ ഹജ്ജ് കർമങ്ങൾക്ക് തുടക്കം കുറിക്കുന്നു. തീർഥാടകർ കൂടുതൽ ദിനങ്ങൾ താമസിക്കുന്ന മിനായിൽ പതിനായിരക്കണക്കിന് തമ്പുകളാണ് നിർമിച്ചിരിക്കുന്നത്. ഹജ്ജിലെ ഏറ്റവും പ്രധാനപ്പെട്ട ദിനം ഹജ്ജ് മാസത്തിലെ ഒമ്പതാം ദിനമാണ്. ഹജ്ജിലെ ഏറ്റവും പ്രധാന അനുഷ്ഠാനം അറഫയിൽ ഒരുമിച്ചുകൂടി അവിടെ ചെലവഴിക്കലാണ്. പിന്നീട് ഒമ്പതിന് സൂര്യാസ്തമയത്തോടെ തീർഥാടകർ അറഫയോട് വിടപറയുന്നു. അന്ന് രാത്രി കഴിച്ചുകൂട്ടേണ്ടത് അറഫക്കും മിനക്കും ഇടയിലുള്ള മുസ്ദലിഫയിലാണ്. ശേഷം ജംറകളിൽ (സ്തൂപങ്ങളിൽ) കല്ലെറിയാൻ ഹാജിമാർ പുറപ്പെടുന്നു. ഹജ്ജിന്റെ പ്രധാന കർമങ്ങൾ നടക്കുന്ന മിന, അറഫ, മുസ്ദലിഫ, ജംറ തുടങ്ങിയ പുണ്യ പ്രദേശങ്ങളിലേക്ക് തീർഥാടകരെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. തീർഥാടകരുടെ സുഗമമായ സഞ്ചാരവും താമസവും നിറവേറ്റുന്നതിനും സുഖകരവും സമാധാനപരവുമായ രീതിയിൽ ഹജ്ജ് കർമങ്ങൾ നിർവഹിക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായിവരുന്നു.
തീർഥാടകർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്രമായ പ്രവർത്തന പദ്ധതികളുമായി പൊതു, സ്വകാര്യ മേഖലകൾ സഹകരിച്ച് പ്രവർത്തിച്ചാണ് ഓരോ പ്രവൃത്തികളും തകൃതിയായി പൂർത്തിയാക്കിവരുന്നത്. മക്ക മുനിസിപ്പാലിറ്റിയിലെ റോഡുകൾ, ലൈറ്റിങ് സംവിധാനങ്ങൾ, നടപ്പാതകൾ, പൊതു സൗകര്യങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണികൾ ഇതിനകം ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. മിനായിലെ തമ്പുകളിൽ അവസാനവട്ട ഒരുക്കങ്ങളും തകൃതിയായി നടക്കുകയാണ്. വിവിധ സംവിധാനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ വിദഗ്ധ എൻജിനീയർമാരും സാങ്കേതിക സംഘങ്ങളും റോഡ് റൂട്ടുകളിൽ സമഗ്രമായ പരിശോധന നടത്തി. പുണ്യസ്ഥലങ്ങളിൽ 4,767 ലൈറ്റ് പോസ്റ്റുകളുടെയും ടവറുകളുടെയും കാര്യക്ഷമത മുനിസിപ്പാലിറ്റി അധികൃതർ പരിശോധിക്കുന്നുണ്ട്. മക്കയിൽ ആകെ 123 പാലങ്ങളും മറ്റ് പുണ്യസ്ഥലങ്ങളിലെ 20 പാലങ്ങളും അറ്റകുറ്റപ്പപണികൾക്ക് വിധേയമായി. 34 കിലോമീറ്റർ ദൈർഘ്യമുള്ള 58 തുരങ്കങ്ങളാണ് ഹജ്ജ് പ്രദേശങ്ങളിലുള്ളത്. ഇവയിൽ വാഹനങ്ങൾക്ക് മാത്രം 48 എണ്ണവും കാൽനടയാത്രക്കാർക്കായി 10 എണ്ണവുമാണുള്ളത്. ഇവയുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയായാതായി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
പുണ്യസ്ഥലങ്ങളിൽ കാര്യക്ഷമമായ പൊതുഗതാഗതം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. മക്കയിലെ 'ജനറൽ സിൻഡിക്കേറ്റ് ഓഫ് കാർസ്' നിശ്ചയിച്ചിട്ടുള്ള ഗതാഗത പദ്ധതികളും ഷെഡ്യൂളുകളും പാലിക്കുന്നതിനായി കമ്പനികൾക്ക് നിർദേശം നൽകി. വരാനിരിക്കുന്ന ഹജ്ജ് സീസണിൽ ആരോഗ്യ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ മക്ക ബ്രാഞ്ച് അറവുശാലകളിൽ പരിശോധന നടത്തുന്നുണ്ട്. വിവിധ രംഗങ്ങളിൽ സമഗ്രമായ പ്രവർത്തന പദ്ധതികൾ നടപ്പാക്കി വരികയാണ്. ഹജ്ജിനെത്തുന്ന വിശ്വാസികൾക്ക് സുഗമമായ രീതിയിൽ എല്ലാ അനുഷ്ഠാന കർമങ്ങളും പൂർത്തിയാക്കാൻ കഴിയുന്ന ബൃഹത്തായ ഒരുക്കങ്ങളാണ് ഹജ്ജ് പ്രദേശങ്ങളിലെങ്ങും അധികൃതർ പൂർത്തിയാക്കിവരുന്നത്. ഇത്തവണ ഹജ്ജ് കർമങ്ങൾ നടക്കുന്ന ദിനങ്ങളിൽ 45 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. അതിതാപം മൂലമുണ്ടാവുന്ന അടിയന്തര സാഹചര്യങ്ങളെ നേരിടാൻ അധികൃതർ മുന്നൊരുക്കം നടത്തുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളേക്കാൾ മികച്ച ആതുര സേവന വിഭാഗവും സംവിധാനങ്ങളും ഇത്തവണ ഒരുക്കുന്നുണ്ട്. സുരക്ഷയുടെ കാര്യത്തിലും വൻ സന്നാഹമാണ് ഹജ്ജ് പ്രദേശങ്ങളിൽ കാണാൻ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.