മക്ക: ഈ വർഷത്തെ ഹജ്ജിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായും ഇതുവരെ വിവിധ രാജ്യങ്ങളിൽ നിന്ന് 12 ലക്ഷം തീർഥാടകരെത്തിയതായും ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. ഹജ്ജ് ഒരുക്കത്തെക്കുറിച്ച് നടത്തിയ വാർത്തസമ്മേളനത്തിലാണ് മന്ത്രി വ്യക്തമാക്കിയത്. തീർഥാടകരുടെ ആരോഗ്യസ്ഥിതിയിൽ ഉയർന്ന സംതൃപ്തിയാണുള്ളത്. ഹജ്ജ് സീസണിന്റെ തയാറെടുപ്പുകൾ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
നിരവധി നടപടികളിലൂടെ ഹജ്ജ് സീസണിന്റെ ഒരുക്കം മന്ത്രാലയം മുൻകൂട്ടി ആരംഭിച്ചിട്ടുണ്ട്. 126 രാജ്യങ്ങളിൽനിന്നുള്ള തീർഥാടകർക്ക് ഇടനിലക്കാരോ ടൂറിസ്റ്റ് ഏജൻസികളോ ഇല്ലാതെ ഓൺലൈൻ വഴി ഹജ്ജിന് അപേക്ഷിക്കാം. ഈ രംഗത്തെ തട്ടിപ്പ് തടയാൻ ഇത് സഹായിക്കുന്നുണ്ട്. ഇത് തീർഥാടകർക്കിടയിൽ വ്യാപകഅംഗീകാരം നേടുകയുണ്ടായെന്നും മന്ത്രി പറഞ്ഞു.
ഈ വർഷത്തെ ഹജ്ജ് സംവിധാനത്തിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ചും മന്ത്രി പരാമർശിച്ചു. തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി പുണ്യസ്ഥലങ്ങളിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും വികസിപ്പിക്കുന്നതിനും ഭരണകൂടം വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. മിനായിൽ 37,000 തീർഥാടകർക്ക് സൗകര്യമുള്ള 11പുതിയ കെട്ടിടങ്ങൾ, അന്തരീക്ഷം തണുപ്പിക്കാൻ ലോകത്തിലെ ഏറ്റവും വലിയ എയർ കൂളിങ് സ്റ്റേഷൻ സജ്ജീകരിക്കൽ, ജംറകളിൽ ഒരുക്കം പൂർത്തീകരിക്കൽ, താപനില കുറക്കുന്നതിന് തണുത്ത വെള്ളമുപയോഗിച്ച് വായു നേർപ്പിക്കൽ എന്നിവ ഇതിലുൾപ്പെടും.
ഹജ്ജ് ഉംറ മന്ത്രാലയവും നിരവധി സംരംഭങ്ങളും പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. ഹജ്ജ് ചട്ടങ്ങൾ ലംഘിക്കുന്നതിന്റെ അപകടത്തെക്കുറിച്ചും വ്യാജ പ്രചാരണങ്ങളെ കുറിച്ചും ബോധവൽകരണത്തിനായി അന്താരാഷ്ട്ര കാമ്പയിൻ ആരംഭിച്ചതും 50 ലധികം സർക്കാർ ഏജൻസികളെ ഏകോപിപ്പിച്ച് ഹജ്ജ് പ്രോജക്ട് ഓഫിസ് സ്ഥാപിച്ചതും അവയിൽ ഉൾപ്പെടുന്നു. ‘മക്ക റോഡ് ഇനീഷ്യേറ്റിവിൽ’നിന്ന് ഈ വർഷം 2,50,000 തീർഥാടകർക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുണ്യസ്ഥലങ്ങളിലേക്കുള്ള തീർഥാടകരുടെ വരവ് സുഗമമാക്കുന്നതിനും അവരുടെ ലഗേജുകൾ സ്വന്തം വസതികളിലേക്ക് നേരിട്ടെത്തിക്കാനും ഇത് വഴിയൊരുക്കും. തീർഥാടകർക്ക് സൗകര്യമൊരുക്കുന്നതിനുള്ള ‘മക്ക റൂട്ടി’െൻറ എല്ലാ ചെലവുകളും രാജ്യം വഹിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഹജ്ജ്, ഉംറ സംവിധാനത്തിൽ പതിനായിരത്തിലധികം സ്ത്രീ-പുരുഷ വളൻറിയർമാർ ജോലി ചെയ്യുന്നുണ്ട്. തീർഥാടകരെ സേവിക്കാൻ 1,20,000 തൊഴിലാളികൾക്ക് പരിശീലനം നൽകി. തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനായി വിവിധ ഭാഷകളിലായി 2,500-ലധികം പരിശീലന ശിൽപശാലകൾ നടത്തിയതായും മന്ത്രി സൂചിപ്പിച്ചു.
ആഭ്യന്തര ഹജ്ജ് തീർഥാടനചെലവ് കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ്. തീർഥാടകരെ സേവിക്കാനും ആചാരാനുഷ്ഠാനങ്ങൾ സുഗമമാക്കാനും ഭരണകൂടം അത്യധികം പ്രാധാന്യം നൽകുന്നുണ്ടെന്നും ഹജ്ജ് മന്ത്രി പറഞ്ഞു. തീർഥാടകർ ഹജ്ജ് ചട്ടങ്ങളും നിർദേശങ്ങളും പാലിക്കേണ്ടതിന്റെയും എല്ലാ കക്ഷികളുമായും സഹകരിക്കേണ്ടതിന്റെയും ആവശ്യകത മന്ത്രി ഊന്നിപ്പറഞ്ഞു. ഹജ്ജ് ആരാധനക്ക് മാത്രമുള്ളതാണെന്നും രാഷ്ട്രീയ മുദ്രാവാക്യങ്ങൾക്കല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.