മക്ക: ഹജ്ജ് സുരക്ഷ നിർദേശങ്ങൾ പാലിക്കാൻ എല്ലാ തീർഥാടകരോടും ആഹ്വാനം ചെയ്ത് സൗദി ഗ്രാൻഡ് മുഫ്തിയും മുതിർന്ന പണ്ഡിത കൗൺസിൽ അധ്യക്ഷനുമായ ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ്. ഹജ്ജ് പെർമിറ്റ് നേടുക, ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കുക എന്നിവ ഇതിൽ പ്രധാനമാണ്. പെർമിറ്റ് ഇല്ലാതെ ഹജ്ജ് ചെയ്യുന്നത് പാപമാണെന്നും അനുമതിയില്ലാതെ ഹജ്ജിന് പോകുന്നത് അനുവദനീയമല്ലെന്നും ഗ്രാൻറ് മുഫ്തി പറഞ്ഞു.
പെർമിറ്റ് നേടുകയെന്ന് ശരീഅത്തിന്റെ താൽപര്യവും നേട്ടവുമാണ്. നന്മകൾ സംരക്ഷിക്കുകയും തിന്മകൾ തടയലുമാണത്. തീർഥാടകരുടെ സ്വീകരണം സുഗമമാക്കാനും ക്രമീകരിക്കാനും അവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാനും ആചാരങ്ങൾ എളുപ്പത്തിൽ നിർവഹിക്കാൻ സഹായിക്കാനുമാണ് ഈ നിയന്ത്രണങ്ങളിലൂടെയും നിർദേശങ്ങളിലൂടെയും ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് ഗ്രാൻറ് മുഫ്തി വിശദീകരിച്ചു. ഇസ്ലാമിനെയും മുസ്ലിംകളെയും ഇരുഹറമുകളിലെത്തുന്നവരെയും സേവിക്കുന്നതിനായി പണം ചെലവഴിക്കുന്നതിന് ഭരണകൂടം ഒരു അലംഭാവവും കാണിക്കുന്നില്ലെന്ന് ഗ്രാൻറ് മുഫ്തി പറഞ്ഞു. ഹജ്ജിന്റെ എണ്ണപ്പെട്ട ദിവസങ്ങൾ പ്രാർഥനകളിലും ആരാധനകളിലും മുഴുകി ദൈവത്തിലേക്ക് കൂടുതൽ അടുക്കാൻ ശ്രമിക്കണമെന്നും തീർഥാടകരോട് ഗ്രാൻറ് മുഫ്തി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.