മക്ക: ഹജ്ജ് വേളയിൽ തീർഥാടകർക്കായി മിനായിൽ 1,60,000 തമ്പുകൾ സജ്ജമായതായി സിവിൽ ഡിഫൻസ് അറിയിച്ചു. തമ്പുകളിലെ ഫീൽഡ് സന്ദർശനം വഴി സുരക്ഷക്കുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. അപകടസാധ്യതകളുടെ കാരണങ്ങളും ഹജ്ജുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നത് നിരീക്ഷിക്കാനാവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. മഴയും കാറ്റും പോലുള്ള കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് മിനായിലെ തമ്പുകൾ. ഭാഗങ്ങൾ വേഗത്തിൽ അഴിക്കാനും പുനഃസ്ഥാപിക്കാനും സാധിക്കുന്നതാണ്. ഓരോ തമ്പിനുള്ളിലും ഫയർ ഹോസ് ഘടിപ്പിച്ചിട്ടുണ്ട്. തമ്പുകളുടെ ഇടയിലുള്ള പാതകൾ വെള്ളം കെട്ടിനിൽക്കാതെ സമീപത്തെ റോഡുകളിലേക്ക് തള്ളാൻ കഴിയുന്ന വിധത്തിലുള്ളതാണെന്നും സിവിൽ ഡിഫൻസ് പറഞ്ഞു.
കഴിഞ്ഞ വർഷം ഹജ്ജ് സീസൺ അവസാനിച്ചത് മുതൽ മിനായിലെ തീർഥാടക ക്യാമ്പുകൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ അറ്റകുറ്റപ്പണികൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. താമസ മുറികളും ഭക്ഷണമുണ്ടാക്കുന്നതിനുള്ള കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ സേവനങ്ങളും തമ്പുകൾക്കുള്ളിൽ ഒരുക്കിയിട്ടുണ്ടെന്നും സിവിൽ ഡിഫൻസ് പറഞ്ഞു.
സുരക്ഷ, അഗ്നി പ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി പുണ്യസ്ഥലങ്ങളിലെ തമ്പുകളിലും മറ്റ് താമസ, ഓഫിസ് സ്ഥലങ്ങളിലും ഫീൽഡ് സന്ദർശനം ശക്തമാക്കിയിട്ടുണ്ട്. പുണ്യസ്ഥലങ്ങളിലെ പ്രതിരോധ സുരക്ഷ പരിശോധനകൾ തുടരും. സിവിൽ ഡിഫൻസിന്റെ സുരക്ഷ നിർദേശങ്ങളും ആവശ്യകതകളും തമ്പുടമകളും സേവനങ്ങൾ നൽകുന്ന കമ്പനികളും പാലിക്കേണ്ടതുണ്ടെന്നും സിവിൽ ഡിഫൻസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.