ജിദ്ദ: ഈ വർഷത്തെ ഹജ്ജിനായി സൽമാൻ രാജാവിന്റെ അതിഥികളുടെ വരവ് തുടങ്ങി. ‘ഖാദിമുൽ ഹറമൈൻ ഹജ്ജ് പദ്ധതി’ക്ക് കീഴിൽ ജിദ്ദ വിമാനത്താവളത്തിലെത്തിയ ആദ്യസംഘത്തെ മതകാര്യവകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിച്ചു. ഉസ്ബകിസ്താൻ, വിയറ്റ്നാം, റുമേനിയ, മോണ്ടിനെഗ്രോ എന്നീ രാജ്യങ്ങളിൽനിന്നുള്ള 34 തീർഥാടകരാണ് ആദ്യ പ്രതിനിധി സംഘത്തിലുള്ളത്. വിമാനത്താവളത്തിലെത്തിയ അതിഥികളെ യാത്രാനടപടികൾ പൂർത്തിയാക്കിയ ശേഷം മക്കയിലെത്തിച്ചു. മക്കയിലെ ഹോളിഡേ ഇൻ ഹോട്ടലിലാണ് അതിഥികൾക്ക് താമസസൗകര്യമൊരുക്കിയിരിക്കുന്നത്.
വരുംദിവസങ്ങളിൽ കൂടുതൽ സംഘങ്ങൾ പുണ്യഭൂമിലെത്തും. ലോകത്തെ വിവിധ ഭൂഖണ്ഡങ്ങളിൽനിന്നുള്ള 88ലധികം രാജ്യങ്ങളിൽനിന്നുള്ള 2,322 സ്ത്രീപുരുഷ തീർഥാടകർക്ക് ഹജ്ജിന് ആതിഥ്യമരുളാൻ സൽമാൻ രാജാവ് അടുത്തിടെയാണ് ഉത്തരവിട്ടത്. ഒരോ വർഷവും ഖാദിമുൽ ഹറമൈൻ ഹജ്ജ് ഉംറ പദ്ധതിക്ക് കീഴിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള നിരവധി പേരാണ് ഹജ്ജിനെത്താറ്. ഇവരുടെ മുഴുവൻ ചെലവുകളും സൗദി ഭരണകൂടമാണ് വഹിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതും മേൽനോട്ടം വഹിക്കുന്നതും സൗദി മതകാര്യ മന്ത്രാലയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.