മക്ക: ഹജ്ജിന്റെ ദിവസങ്ങൾ അടുത്തതോടെ മക്കയിലേക്കുള്ള തീർഥാടക പ്രവാഹം മൂർധന്യതയിലെത്തി. വിവിധ രാജ്യങ്ങളിൽനിന്ന് മക്കയെ ലക്ഷ്യമിട്ടുള്ള തീർഥാടകരുടെ പ്രവാഹം അവസാനഘട്ടത്തിലെത്തി. കര, വ്യോമ പ്രവേശന കവാടങ്ങളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. 180 ഓളം രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരിൽ അധികപേരും പുണ്യഭൂമിയിലെത്തിക്കഴിഞ്ഞു. അവശേഷിക്കുന്നവർ ബുധാഴ്ചയും വ്യാഴാഴ്ചയുമായി മക്കയിലെത്തും. വിദേശത്തു നിന്ന് ഇതുവരെ 13.5 ലക്ഷത്തിലധികം തീർഥാടകർ എത്തിയതായാണ് കണക്ക്.
മദീനയിലുള്ള മുഴുവൻ തീർഥാടകർ ചൊവ്വാഴ്ച മുതൽ മക്കയിലേക്ക് പുറപ്പെട്ടുതുടങ്ങി. 1,700 ബസുകളാണ് ഇതിനായി ഒരുക്കിയത്. എല്ലാ ബസുകളും പരിശോധിക്കാൻ പ്രത്യേക സാങ്കേതിക സംഘങ്ങളെ നിയോഗിച്ചിരുന്നു. തീർഥാടകരുടെ സുഗമമായ സഞ്ചാരത്തിന് സപ്പോർട്ട് സെൻററുകൾക്ക് പുറമെ മദീനയെയും മക്കയെയും ബന്ധിപ്പിക്കുന്ന ഹിജ്റ റോഡിൽ ഫീൽഡ് ടീമുകളും മൊബൈൽ മെയിൻറനൻസ് വർക്ക്ഷോപ്പുകളും ഒരുക്കിയിരുന്നു. ദൂരെ ദിക്കുകളിൽ നിന്നുള്ള ആഭ്യന്തര തീർഥാടകരുടെ വരവ് ബുധനാഴ്ച മുതൽ ആരംഭിക്കും. മീഖാത്തുകളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
മീഖാത്തുകളിൽ തീർഥാടകർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും മതകാര്യ വകുപ്പ് നേരത്തെ പൂർത്തിയാക്കിയിട്ടുണ്ട്. യാത്ര സുഗമമാക്കുന്നതിനും മക്കയിലേക്ക് എത്തുന്ന റോഡുകളിൽ ആവശ്യമായ സേവനങ്ങൾ നൽകുന്നതിന് അതത് ഗവർണറേറ്റുകളും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രധാന റോഡുകളിൽ റോഡ് സുരക്ഷാവിഭാഗം നിരീക്ഷണത്തിനായി കുടുതൽ പേരെ നിയോഗിച്ചിട്ടുണ്ട്. പുണ്യസ്ഥലങ്ങളായ മിനായും മുസ്ദലിഫയും അറഫയും തീർഥാടകരെ സ്വീകരിക്കാൻ ഒരുങ്ങികഴിഞ്ഞു.
മിനയിൽ ഏകദേശം 1,60,000 തമ്പുകളാണുള്ളത്. ഇവിടങ്ങളിൽ തീർഥാടകർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും മുത്വവ്വഫ് സ്ഥാപനങ്ങൾ ഒരുക്കിക്കഴിഞ്ഞു. താപനില ഉയരുമെന്ന അറിയിപ്പിനെ തുടർന്ന് ചൂടിൽനിന്ന് പൂർണമായും സംരക്ഷണം നൽകുന്നതിനാവശ്യമായ സംവിധാനങ്ങൾ തമ്പുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. കിദാന അൽവാദി റെസിഡൻസ് ടവർ, അറഫയിലെ നൂതന തമ്പുകൾ ഉൾപ്പെടെ പുതിയ നിരവധി പാർപ്പിട വികസന പദ്ധതികളാണ് ഇൗ വർഷം നടപ്പാക്കിയത്.
എല്ലാ സംവിധാനങ്ങളും സജ്ജീകരണങ്ങളും അതത് വകുപ്പുകൾ പരിശോധിച്ചു ഉറപ്പുവരുത്തിക്കഴിഞ്ഞു. ആഭ്യന്തര മന്ത്രി, മേഖല ഗവർണർ, വകുപ്പ് മന്ത്രിമാർ, മേധാവികൾ എന്നിവർ പുണ്യസ്ഥലങ്ങളിലെ അവസാനഘട്ട ഒരുക്കം അവിടം സന്ദർശിച്ചു വിലയിരുത്തി. സുരക്ഷ ട്രാഫിക് രംഗത്ത് പഴുതടച്ച സംവിധാനങ്ങളാണ് പൊതുസുരക്ഷ വിഭാഗം ഒരുക്കിയിരിക്കുന്നത്. വിവിധ വകുപ്പുകൾ സ്ഥിരവും താൽക്കാലികവുമായ ആയിരക്കണക്കിന് ജീവനക്കാരെ സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ സ്കൗട്ട്, സന്നദ്ധ പ്രവർത്തകരുമടങ്ങുന്ന വലിയൊരു വിഭാഗം സേവന രംഗത്തുണ്ട്.
ആരോഗ്യ സേവന രംഗത്ത് വിപുലമായ ഒരുക്കമാണ് ഇത്തവണയും പുണ്യസ്ഥലങ്ങളിൽ പൂർത്തിയാക്കിയിരിക്കുന്നത്. പരിസ്ഥിതി, ആരോഗ്യ ശുചിത്വം നിലനിർത്തുന്നതിനും ശുചീകരണ ജോലികൾക്കും മക്ക മുനിസിപ്പാലിറ്റിക്ക് കീഴിൽ നിരവധി ഫീൽഡ് സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. ഹജ്ജ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളുണ്ടാകുമെന്ന് സുരക്ഷാവിഭാഗം പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നൂതന സാേങ്കതിക സംവിധാനങ്ങളൊരുക്കി ചെക്ക്പോസ്റ്റുകളിൽ പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. ഹജ്ജ് പെർമിറ്റ് ഇല്ലാത്തവർ പുണ്യസ്ഥലങ്ങളിലേക്ക് കടക്കുന്നത് നിരീക്ഷിക്കാനും വാഹന പരിശോധനക്കും മുൻവർഷത്തേക്കാൾ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഹജ്ജ് പെർമിറ്റ് ഇല്ലാതെ ഹജ്ജിനെത്തിയ നിരവധിപേരെ ഇതിനകം പ്രവേശന കവാടങ്ങളിൽ നിന്ന് തിരിച്ചയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.