മക്ക: കര മാർഗമുള്ള ഹജ്ജ് തീർഥാടകരുടെ വരവ് ആരംഭിച്ചു. ഇറാഖിൽ നിന്നുള്ള 1,348 തീർഥാടകരുടെ സംഘമാണ് ജദീദത് അറാർ അതിർത്തി കവാടം വഴി ആദ്യമായി സൗദിയിലെത്തിയത്. തീർഥാടകരെ പാസ്പോർട്ട്, കസ്റ്റംസ് ഉദ്യോഗസ്ഥർ ചേർന്നു സ്വീകരിച്ചു. യാത്രാനടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും ആരോഗ്യ സേവനങ്ങൾക്കും വിപുല സംവിധാനങ്ങളാണ് ബന്ധപ്പെട്ട വകുപ്പുകൾ പ്രവേശന കവാടങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ഊഷ്മളമായ സ്വീകരണത്തിന് തീർഥാടകർ നന്ദി പറയുകയും നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനൊരുക്കിയ തയാറെടുപ്പുകളെയും ആരോഗ്യ, മെഡിക്കൽ സേവനങ്ങളെയും പ്രശംസിക്കുകയും ചെയ്തു. ഇറാഖിൽനിന്ന് വരുന്നവർക്ക് ഹജ്ജ് റൂട്ടിലെ പ്രധാന സ്റ്റോപ്പാണ് ജദീദത് അറാർ നഗരം. തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ജദീദത് അറാർ തുറമുഖത്ത് നേരത്തെ പൂർത്തിയാക്കിയിരുന്നതായി സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി വക്താവ് ഹമൂദ് അൽ ഹർബി വിശദീകരിച്ചു. 9,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഹജ്ജ് ഹാളിൽ പ്രതിദിനം 20,000 തീർഥാടകരെ സ്വീകരിക്കാനാകും. പരിശോധനക്ക് ആറ് പ്രത്യേക ഏരിയകളും 68 പാസ്പോർട്ട് കൗണ്ടറുകളും ഹാളിലുണ്ടെന്ന് അതോറിറ്റി വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.