മക്ക: ഹജ്ജ് ഏറ്റവും മഹത്തായ ആരാധനകളിലൊന്നാണെന്നും അതിനിടയിൽ രാഷ്ട്രീയമോ കക്ഷിപരമോ വിഭാഗീയമോ ആയ മുദ്രാവാക്യങ്ങൾക്ക് സ്ഥാനമില്ലെന്നും ഇരുഹറം മതകാര്യ മേധാവിയും മസ്ജിദുൽ ഹറാം ഖതീബുമായ ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. ഇൗ വർഷത്തെ ഹജ്ജിനായി വിവിധ രാജ്യങ്ങളിൽനിന്നെത്തിയ തീർഥാടകരും രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ വിശ്വാസികളും പെങ്കടുത്ത ജുമുഅയിൽ നടത്തിയ പ്രസംഗത്തിലാണ് ഹറം ഇമാം ഇക്കാര്യം വ്യക്തമാക്കിയത്.
ഇരുഹറമുകളുടെ സുരക്ഷക്കാണ് എല്ലാറ്റിനും മുകളിൽ സ്ഥാനമെന്നും അതൊരു ചുവന്ന രേഖയാണെന്നും ഇമാം ഊന്നിപ്പറഞ്ഞു. ഈ പുണ്യ നാളുകളിൽ ഇബ്രാഹിം നബിയുടെ വിളിയുടെയും ഇസ്ലാമിലെ അഞ്ചാമത്തെ സ്തംഭമായ ഹജ്ജിന്റെ നേട്ടം മനസ്സിലാക്കി പുണ്യം നേടിയെടുക്കാൻ ഹജ്ജ് തീർഥാടകരോട് ഇമാം ആവശ്യപ്പെട്ടു. ഫലസ്തീൻ വിഷയത്തിൽ സൗദിയുടെ നിലപാടുകൾ ഉറച്ചതും മാന്യവുമാണ്. ആ നിലപാട് തുടരും. ഫലസ്തീനിലും അൽഅഖ്സ മസ്ജിദിലും സ്ഥിരതക്കും വിജയത്തിനും വേണ്ടി ഫലസ്തീനികൾക്കുവേണ്ടി പ്രാർഥിക്കാൻ ഇമാം ആഹ്വാനം ചെയ്തു. സയണിസ്റ്റുകളുടെ ആക്രമണത്തിലും അനീതിയിലുംനിന്ന് അൽഅഖ്സ പള്ളിയെ രക്ഷിക്കട്ടെയെന്നും ഇമാം പ്രാർഥിച്ചു. സൽമാൻ രാജാവിന്റെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയും ഇമാം ഖുതുബക്കിടയിൽ പ്രാർഥിച്ചു.
ഇരുഹറമുകളുടെ ഈ ഭൂമിയെ മഹത്തായ പുണ്യങ്ങളും നിരവധി സവിശേഷതകളും ദൈവം നൽകി അനുഗ്രഹിച്ചിട്ടുണ്ട്. ആ പുണ്യഭൂമിയിലേക്കാണ് നിങ്ങൾ സ്വാഗതം ചെയ്യപ്പെട്ടിരിക്കുന്നത്. ദൈവത്തിന്റെ ഭൂമിയിലെ ഏറ്റവും മികച്ചതും പ്രിയപ്പെട്ടതുമായ പുരാതന ഭവനത്തിന്റെ വിശാലതയിലാണ് നിങ്ങളിപ്പോൾ. അതിനാൽ ആ സ്ഥലത്തിന്റെ മഹത്വം, പവിത്രത, വിശുദ്ധി എന്നിവ എപ്പോഴും ഓർക്കണമെന്നും ഹറം ഇമാം തീർഥാടകരെ ഉദ്ബോധിപ്പിച്ചു. പെർമിറ്റ് ഇല്ലാതെ ഹജ്ജില്ല. ഹജ്ജിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഹജ്ജ് വേളയിൽ തിന്മകൾ ഒഴിവാക്കുന്നതിനും കുറക്കുന്നതിനുമാണിത്. നിരോധിത കാര്യങ്ങൾ ഉപേക്ഷിക്കണമെന്നും പുണ്യസ്ഥലങ്ങളിൽ തിരക്ക് കൂട്ടരുതെന്നും തീർഥാടകരോട് ഇമാം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.