മക്ക: ഭരണ നേതൃത്വത്തിന്റെ മഹത്തായ പരിശ്രമങ്ങളും വിശിഷ്ടവും ശ്രദ്ധേയവുമായ പ്രവർത്തനങ്ങളും ദൈവകൃപയാൽ ഈ വർഷവും ഹജ്ജ് സീസണിൽ മികച്ച വിജയത്തിന് കാരണമായതായി മക്ക മസ്ജിദുൽ ഹറാം ഇമാമും ഖത്തീബുമായ ഡോ. യാസിർ അൽദോസരി പറഞ്ഞു. ഹജ്ജിനുശേഷം മസ്ജിദുൽ ഹറാമിൽ നടന്ന ജുമുഅ ഖുത്തുബയിലാണ് തീർഥാടക ലക്ഷങ്ങളെ സാക്ഷിയാക്കി ഹറം ഇമാം ഇക്കാര്യം പറഞ്ഞത്. സൗദി സ്ഥാപിതമായത് മുതൽ ഹജ്ജ്- ഉംറ തീർഥാടകർ, സന്ദർശകർ എന്നിവരുൾപ്പെടെ ഇരുഹറമിലെത്തുന്നവർക്ക് സേവനം നൽകുന്നതിൽ രാജ്യം വ്യതിരിക്തമാണ്.
അതിനാൽ കാര്യങ്ങളുടെ ചുമതലയുള്ളവർക്ക് ഏറ്റവും വലിയ പ്രതിഫലവും സമൃദ്ധമായ പ്രതിഫലവും ദൈവം നൽകട്ടെ. അതെല്ലാം അവരുടെ സൽകർമങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെയെന്നും ഇമാം പറഞ്ഞു. ഹജ്ജിന്റെ നാളുകളും അതിന്റെ മഹത്തായ ചടങ്ങുകളും കഴിഞ്ഞു. ഹജ്ജിന്റെ ഏറ്റവും നല്ല ദിവസങ്ങളിൽ തീർഥാടകർ കഴിഞ്ഞുകൂടി. സമർപ്പണത്തിന്റെയും അനുസരണത്തിന്റെയും വികാരങ്ങളിൽ നിന്നുകൊണ്ട് കൈകൾ ഉയർത്തി അവർ പ്രാർഥിച്ചു. പാപങ്ങളിൽനിന്നും നിന്മകളിൽനിന്നും ശുദ്ധീകരിക്കപ്പെട്ടു. ഹജ്ജ് പൂർത്തീകരിച്ച മുഴുവൻ തീർഥാടകർക്കും അഭിനന്ദനങ്ങൾ നേരുന്നു. അത് ദൈവം അവർക്ക് നൽകിയ അനുഗ്രഹമാണ്. അതിനാൽ ദൈവത്തിന്റെ അനുഗ്രഹത്തിനും കരുതലിനും നന്ദി പറയാൻ വിശ്വാസികളോട് ഇമാം ആഹ്വാനം ചെയ്തു.
ഹജ്ജിന്റെ ലക്ഷ്യങ്ങൾ ഇതാ നിങ്ങൾ കൈവരിച്ചിരിക്കുന്നു. ജീവിതം ഒരു ശുദ്ധമായ വെള്ളക്കടലാസായി തുറന്നിരിക്കുന്നു. ഹജ്ജിന് ശേഷം പരിശുദ്ധിയുള്ള വസ്ത്രങ്ങൾ ധരിച്ച് മടങ്ങിയിരിക്കുന്നു. അതിനാൽ നന്മകൾ ചെയ്യുന്നവരായി മാറുക, നിലനിൽക്കുന്നിടത്തോളം സൽകർമങ്ങൾ നിലനിർത്താനും ജീവിക്കുന്നിടത്തോളം പാപങ്ങളിൽ നിന്ന് അകന്നുനിൽക്കാനും ദൃഢനിശ്ചയം ചെയ്യുക. കാരണം ദൈവാനുഗ്രഹം കൊണ്ടാണ് നിങ്ങൾ ഹജ്ജ് കഴിഞ്ഞ് നിങ്ങൾ ശുദ്ധമായ ഏകദൈവ വിശ്വാസത്തോടെ മടങ്ങുന്നത്. അവനാണ് ഹൃദയം ശുദ്ധീകരിച്ചത്. വിശ്വാസം വർധിപ്പിച്ചത്. അവസ്ഥകൾ നേരെ ചൊവ്വെയാക്കിയതെന്നും സ്വഭാവം മെച്ചപ്പെടുത്തിയതെന്നും ദൈവഭക്തി വർധിപ്പിച്ചതെന്നും ഹജ്ജ് തീർഥാടകരെ ഹറം ഇമാം ഉദ്ബോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.