മക്ക: സൽമാൻ രാജാവിന്റെ അതിഥികളായി ഈ വർഷത്തെ ഹജ്ജിനെത്തിയ ഫലസ്തീൻ തീർഥാടകർ കർമങ്ങൾ പൂർത്തീകരിച്ച നിർവൃതിയിലാണ്. 2,000 തീർഥാടകർക്കാണ് ഇത്തവണ ഫലസ്തീനിൽനിന്ന് അനുമതി ലഭിച്ചത്. ഇസ്രായേൽ ആക്രമണങ്ങളിൽ ദുസ്സഹമായ ജീവിത സന്ദർഭത്തിനിടയിലും അല്ലാഹുവിന്റെ അതിഥികളായെത്തി ജീവിതത്തിലെ ഏറ്റവും വലിയ തീർഥാടന പുണ്യം നേടാനായ അവർ സൗദി അധികൃതർക്ക് നന്ദി പ്രകടിപ്പിക്കുകയാണ്.
ദുരിതങ്ങളും പ്രതിസന്ധിയും നിറഞ്ഞ ഗസ്സയിലെ ജനങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളും പ്രദാനം ചെയ്യുന്നതിലും സഹായങ്ങൾ എത്തിക്കുന്നതിലും സൗദിയോടുള്ള കടപ്പാട് പ്രകടിപ്പിക്കുന്നതോടൊപ്പം പ്രാർഥനകൾ നേരുന്നതായും ഫലസ്തീൻ തീർഥാടക സംഘാംഗം എൻജി. ഉമർ അൽ ഹസ്സനി പറഞ്ഞു. ‘ഗസ്സയിൽനിന്നുള്ള രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളിലെ തീർഥാടകർക്ക് ഹജ്ജിന് ആതിഥ്യമരുളാനുള്ള സംരംഭം’ എന്ന പേരിലാണ് സൽമാൻ രാജാവിന്റെ പ്രത്യേക ഉത്തരവുപ്രകാരം ഹജ്ജിനുള്ള പദ്ധതി നടപ്പാക്കിയത്.
സൗദിയുടെ ഈ ആതിഥേയത്വം ഗസ്സയിലെ ജനത അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ആശ്വാസമേകുമെന്നും രാജ്യത്തിന്റെ കരുതലും കാരുണ്യപ്രവർത്തനങ്ങളും ഏറെ വിലമതിക്കുന്നതാണെന്നും തീർഥാടകർ പറഞ്ഞു. ഹജ്ജ് നിർവഹിക്കാനും മദീനയിലെ മസ്ജിദുന്നബവി സന്ദർശിക്കാനും സൗദി ഭരണകൂടം അവസരം നൽകിയതിലൂടെ ജീവിതത്തിലെ സ്വപ്നസാക്ഷാത്കാരമാണ് പൂർത്തിയായതെന്ന് ഫലസ്തീൻ തീർഥാടകൻ ഡോ. മലക് അൽ അക്കാവി പറഞ്ഞു.
സൗദി അറേബ്യ ഞങ്ങളുടെ വേദന ലഘൂകരിക്കുകയും മുറിവുകൾ സുഖപ്പെടുത്തുകയും ചെയ്തു, ദൈവത്തിന്റെ പ്രാർഥനയും സമാധാനവും ഉണ്ടാകട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി സ്ഥാപിതമായത് മുതൽ ഫലസ്തീൻ ജനതക്കൊപ്പം നിൽക്കുന്ന നയമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഫലസ്തീൻ പ്രശ്നങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും വലിയ താൽപര്യമാണ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും സൗദി ഇസ്ലാമികകാര്യ മന്ത്രി അബദുല്ലത്തീഫ് ആലു ശൈഖ് പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.