മക്ക: ഈ വർഷത്തെ ഹജ്ജ് സീസണിൽ ഹറമൈൻ എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്തത് 10 ലക്ഷത്തിലധികം തീർഥാടകരാണെന്ന് സൗദി റയിൽവേസ് കമ്പനി (എസ്.എ.ആർ) അറിയിച്ചു. കഴിഞ്ഞ വർഷത്തെ ഹജ്ജ് സീസണുമായി താരതമ്യം ചെയ്യുമ്പോൾ 42 ശതമാനം വർധനയാണിത്. ഹജ്ജ് സീസണിലെ ഹറമൈൻ എക്സ്പ്രസ് ട്രെയിൻ സംവിധാനം വൻ വിജയത്തിെൻറ പ്രഖ്യാപനം കൂടിയാണ് ഈ വർഷമെന്ന് റെയിൽവേ ചൂണ്ടിക്കാട്ടി.
ഈ വർഷത്തെ ഹജ്ജ് സീസണിൽ 3,895 യാത്രകൾ റെയിൽവേ പൂർത്തിയാക്കിയതായും ബൃഹത്തായ പദ്ധതികൾക്കു സാക്ഷ്യം വഹിച്ചതായും അധികൃതർ വ്യക്തമാക്കി. ഈ സീസണിൽ ജിദ്ദ മെയിൻ സ്റ്റേഷൻ, ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് എയർപോർട്ട് സ്റ്റേഷൻ, കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി സ്റ്റേഷൻ എന്നിവയിലൂടെ മക്കയിലേക്കും മദീനയിലേക്കുമുള്ള തീർഥാടകർ വർധിച്ച തോതിൽ യാത്ര ചെയ്തു. ദുൽഹജ്ജ് 13ാം തീയതി ഹറമൈൻ എക്സ്പ്രസ് ട്രെയിൻ 131 ട്രിപ്പുകൾ സർവിസ് നടത്തി. മക്ക സ്റ്റേഷനിലാണ് ഏറ്റവും വലിയ തിരക്ക് അനുഭവപ്പെട്ടത്. ഓരോ 15 മിനിറ്റിലും വിവിധ സ്റ്റേഷനുകളിലേക്ക് ഒരു ട്രെയിൻ എന്ന രീതിയിൽ സർവിസ് ഷെഡ്യൂൾ ചെയ്തിരുന്നു. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് എയർപോർട്ട് സ്റ്റേഷനിൽ നിന്ന് പതിനായിരക്കണക്കിന് തീർഥാടകർക്കായി മക്ക അൽമുകറമ സ്റ്റേഷനിലേക്ക് ലഗേജില്ലാതെ തീർഥാടകരെ എത്തിക്കുന്നതിനുള്ള സംരംഭം എസ്.എ.ആർ ഈ വർഷം സജീവമാക്കിയിരുന്നു. തീർഥാടകരുടെ ലഗേജുകൾ അവരുടെ താമസസ്ഥലത്തേക്ക് എത്തിക്കാനുള്ള സംവിധാനവും ഈ വർഷം വിജയം കണ്ടു.ഹജ്ജ് സീസണിലെ ഹറമൈൻ ഹൈ സ്പീഡ് റെയിൽ ഓപ്പറേഷൻ പ്ലാൻ വൻ വിജയമായിരുന്നുവെന്ന് വിലയിരുത്തുന്നു. അറബ് മേഖലയിലെ ഏറ്റവും വേഗതയേറിയ റയിൽവേ പദ്ധതിയാണ് ഹറമൈൻ എക്സ്പ്രസ് ട്രെയിൻ. മക്ക, മദീന ഹറമുകളെ ബന്ധിപ്പിക്കുന്ന ഹറമൈൻ ആവശ്യമായ എല്ലാവിധ സുരക്ഷാനടപടികളും പൂർത്തിയാക്കിയാണ് മണിക്കൂറിൽ മൂന്നൂറ് കിലോമീറ്റർ വേഗതയിൽ സർവിസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.