മക്ക: ഈ വർഷത്തെ ഹജ്ജിന് എത്തിയ മുഴുവൻ ഇന്ത്യൻ തീർഥാടകരും മക്കയോട് വിടപറഞ്ഞു. ഭൂരിപക്ഷം പേരും ഇന്ത്യയിലേക്ക് മടങ്ങി. ചിലർ മദീന സന്ദർശനത്തിന് പുറപ്പെട്ടു. അവിടെനിന്ന് നാട്ടിലേക്ക് മടങ്ങും. ഹജ്ജിനെത്തിയവരിൽ ഇന്ത്യക്കാരായി ആരും ഇപ്പോൾ മക്കയിൽ ശേഷിക്കുന്നില്ല. ഹജ്ജ് കഴിഞ്ഞ് അധികം വൈകാതെ ജൂൺ 22 മുതൽ ജിദ്ദ വഴി ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചിരുന്നു. ജൂലൈ ഒന്നുമുതൽ മദീന വഴിയും ഹാജിമാർ മടങ്ങി തുടങ്ങി. ഇതുവരെ ഒരു ഒരു ലക്ഷം ഹാജിമാരാണ് സ്വദേശങ്ങളിൽ തിരിച്ചെത്തിയത്.
ജിദ്ദ വഴിയുള്ള ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര ശനിയാഴ്ചയോടെ അവസാനിച്ചു. ശനിയാഴ്ച രാവിലെ ഏഴിന് 160 തീർഥാടകരുമായി ഗയയിലേക്കാണ് ഈ വർഷത്തെ അവസാന ഇന്ത്യൻ ഹജ്ജ് വിമാനമായ സ്പൈസ് ജെറ്റ് (എസ്.ജി 5320) പുറപ്പെട്ടത്. ഇനി മദീന വിമാനത്താവളം വഴിയാണ് അവിടെയുള്ള ഇന്ത്യൻ ഹാജിമാർ മടങ്ങുക. മദീന സന്ദർശനം നടത്താൻ ബാക്കിയുള്ള മക്കയിൽ അവശേഷിച്ചിരുന്ന മുഴുവൻ ഇന്ത്യൻ തീർഥാടകരും ശനിയാഴ്ച രാവിലെ എട്ടോടെ പുറപ്പെട്ടിരുന്നു. ഇതോടെ മക്കയിൽ ഈ വർഷം ഹജ്ജിനെത്തിയ മുഴുവൻ ഇന്ത്യൻ തീർഥാടകരും യാത്രയായി.
ബിൽഡിങ് 185ലെ 121 പേരാണ് അവസാനമായി മദീനയിലേക്ക് പുറപ്പെട്ട മലയാളി തീർഥാടകർ. മക്കയിലെ അവസാന ഹാജിമാരെ യാത്രയാക്കാൻ സന്നദ്ധ പ്രവർത്തകർ എത്തിയിരുന്നു. മൂന്നു മലയാളി തീർഥാടകർ മക്കയിൽ ചിത്സയിലുണ്ട്. ഇവരെ അടുത്ത ദിവസം മദീനയിലേക്ക് കൊണ്ടുപോകും. മലയാളി ഹാജിമാരുടെ മദീന സന്ദർശനം തുടരുകയാണ്. റൗദാ സന്ദർശനത്തിനായി സർവിസ് കമ്പനി പെർമിറ്റ് എടുക്കുന്നുണ്ട്. അതിനാൽ ഹാജിമാർക്ക് ഒന്നിച്ച് റൗദയിൽ സന്ദർശിക്കാനാവും. മദീനയിലെ ചരിത്രസ്ഥലങ്ങളും ഹാജിമാർ സന്ദർശിക്കും. കരിപ്പൂർ, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽനിന്നുള്ള 6,000ത്തിലേറെ ഹാജിമാർ നാടുകളിൽ മടങ്ങിയെത്തി. ഈ മാസം 22നാണ് മദീനയിൽനിന്നുള്ള ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര പൂർണമാവുക. അന്ന് പുലർച്ചെ 2.30ന് കരിപ്പൂരിലേക്ക് അവസാന വിമാനം ഹാജിമാരുമായി മടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.