ഹജ്ജ് സേവന ദാതാക്കളുടെ കരാർ ലംഘനം; കഴിഞ്ഞ വർഷത്തെ തീർഥാടകർക്ക് 1.6 കോടി റിയാൽ തിരികെ നൽകിയതായി ഹജ്ജ് കാര്യ മന്ത്രി

റിയാദ്: ഹജ്ജ് സേവനങ്ങൾ നൽകുന്ന കമ്പനികളുടെ കരാർ ലംഘനത്തെ തുടർന്ന് കഴിഞ്ഞ ഹജ്ജ് സീസണിൽ തീർഥാടകർക്ക് 16 കോടിയിലധികം റിയാൽ മടക്കി നൽകിയതായി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ പറഞ്ഞു. ഹജ്ജ് കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന ഏത് കമ്പനിക്കെതിരെയും പിഴ ചുമത്താൻ മന്ത്രാലയം മടിക്കില്ലെന്ന് വാർത്താ സമ്മേളനത്തിൽ അൽ റബീഅ പറഞ്ഞു.

കരാറിലുള്ള പാക്കേജുകൾ കമ്പനികൾ നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ മന്ത്രാലയത്തിന് നിരവധി സംവിധാനങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞു. വ്യവസ്ഥകൾ പാലിക്കാത്ത ഏതൊരു കമ്പനിക്കും പിഴ ചുമത്തുമെന്നതിൽ സംശയമില്ല. എന്നാൽ അതിൽ മാത്രമല്ല തങ്ങൾ ശ്രദ്ധിക്കുക. മികച്ച സേവനങ്ങൾ നൽകുന്ന ഏതൊരു കമ്പനിയെയും പ്രോത്സാഹിപ്പിക്കുകയും അവരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യും. സേവനത്തി​െൻറ മികവ് അളക്കുന്നതിനുള്ള സംവിധാനങ്ങളും മന്ത്രാലയത്തിനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ വർഷത്തെ ഹജ്ജി​െൻറ മുന്നൊരുക്കങ്ങളും ആസൂത്രണവും തീർഥാടകരുടെ കർമങ്ങളും യാത്രയും സുഗമമാക്കുന്നതിനുള്ള ഇലക്ട്രോണിക് സേവനങ്ങൾ, ഹജ്ജ് സംഘാടനത്തിലെ പുതിയ സംഭവവികാസങ്ങൾ, തീർഥാടകർക്ക് വേണ്ടി പുതുതായി ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ മന്ത്രി വിശദീകരിച്ചു.

കോവിഡിന് മുമ്പുള്ള കാലഘട്ടത്തിലേക്ക് തീർഥാടകരുടെ എണ്ണം തിരിച്ചെത്തുന്നതിന് ഈ ഹജ്ജ് സാക്ഷ്യം വഹിക്കുമെന്നും ഇക്കൊല്ലം പ്രായ നിയന്ത്രണങ്ങളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹജ്ജ് സേവനങ്ങളുടെ നിരക്കിൽ 39 ശതമാനം കുറവുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കോണമി പാക്കേജിൽ 14 ലക്ഷം തീർഥാടകർക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് സേവന സ്ഥാപനങ്ങൾക്കിടയിലെ ആരോഗ്യകരമായ മത്സരം ഗുണനിലവാരം വർധിക്കുന്നതിനും നിരക്കുകൾ കുറയുന്നതിനും കാരണമായിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കുറഞ്ഞ നിരക്കി​െൻറ ആനുകൂല്യത്തോടെ ഉചിതമായ പാക്കേജ് തെരഞ്ഞെടുക്കാനുള്ള അവസരം തീർഥാടകർക്ക് ലഭിച്ചിട്ടുണ്ട്.

നിലവിലുള്ള സേവനങ്ങളും കവറേജും മാറ്റാതെ സമഗ്ര ഇൻഷുറൻസ് ചെലവ് 235 റിയാലിൽ നിന്ന് 88 റിയാലായി കുറഞ്ഞത് മന്ത്രി ചൂണ്ടിക്കാട്ടി. തീർഥാടകരുടെ വരവ് സുഗമമാക്കുന്നതിന് നടത്തിയ പരിഷ്‌കാരങ്ങൾ നിമിത്തം തീർഥാടകരുടെ എണ്ണത്തിൽ 30 ശതമാനം വർധനവുണ്ടായെന്ന് അദ്ദേഹം മന്ത്രി പറഞ്ഞു. ഉംറ വിസ കാലാവധി 30ൽ നിന്ന് 90 ദിവസമായി ഉയർത്തിയതും തീർഥാടകർക്ക് രാജ്യത്തി​െൻറ വിവിധ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയതും തീർഥാടകരുടെ വരവ് ഇനിയും വർധിക്കാൻ ഇടയാക്കും. ദൈവത്തി​െൻറ അതിഥികളെ സേവിക്കുന്നതിനായി രാജ്യം നൂറുകണക്കിന് ശതകോടി റിയാൽ ചെലവഴിച്ചതായി അൽ റബീഅ വ്യക്തമാക്കി.

Tags:    
News Summary - Hajj Affairs Minister said that 1.6 crore Riyals have been returned to last year's pilgrims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.