റിയാദ്: ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം പൂവണിഞ്ഞതിെൻറ സന്തോഷത്തിലാണ് ഇൗ വർഷം ഹജ്ജ് തീർഥാടകരിലൊരാളായ ഈജിപ്ഷ്യൻ വനിത. ഹജ്ജിനു തന്നെ തെരഞ്ഞെടുത്ത ദൈവത്തിനും അതിന് വഴിയൊരുക്കിയ സൗദി ഭരണാധികാരി സൽമാൻ രാജാവിനും നന്ദി പറഞ്ഞ് പുണ്യനഗരിയോട് വിടപറയുകയായിരുന്നു അവർ.
ഭർത്താവിെൻറ റെസിഡൻസ് പെർമിറ്റിെൻറ (ഇഖാമ) കാലാവധി കഴിഞ്ഞത് കാരണം എക്സിറ്റിൽ രാജ്യംവിടാൻ നിർബന്ധിതയായപ്പോൾ ഹജ്ജ് ചെയ്യണമെന്ന തെൻറ ചിരകാല സ്വപ്നം ഒരിക്കലും പൂവണിയില്ല എന്ന ദുഃഖത്തിലായിരുന്നു അവർ. പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുമ്പോഴാണ് ഈ വർഷം ഹജ്ജ് നിർവഹിക്കാൻ സഹായകമാകുന്ന വിധത്തിൽ ഇഖാമയുടെയും വിസിറ്റ് വിസയുടെയും കാലാവധിനീട്ടാൻ സൽമാൻ രാജാവിെൻറ ഉത്തരവുണ്ടായത്.
ഇൗ രാജകാരുണ്യമാണ് തനിക്ക് ഹജ്ജ് നിർവഹിക്കാൻ വഴി തുറന്നുതന്നതെന്ന് തീർഥാടക അൽ-അഖ്ബാരിയ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ദീർഘകാല ആത്മീയ ആഗ്രഹം നിറവേറ്റാനുള്ള അവസരം ലഭിച്ചത് എനിക്ക് തികച്ചും അവിശ്വസനീയവും അത്ഭുതവും ആയി തോന്നുന്നെന്ന് അവർ കൂട്ടിച്ചേർത്തു. റെസിഡൻസി പെർമിറ്റ് നീട്ടിയിട്ടുണ്ടെന്നും ഹജ്ജിനായി തന്നെ തെരഞ്ഞെടുത്തിട്ടുണ്ടെന്നുമുള്ള സന്ദേശം ലഭിച്ചത് ദൈവാനുഗ്രഹമായും അതിന് സൽമാൻ രാജാവ് വഴിയൊരുക്കുകയായിരുന്നെന്നും അവർ വിശ്വസിക്കുന്നു.
ഹജ്ജ് സമയത്ത് സൗദി അറേബ്യ നൽകിയ സേവനങ്ങളെ, പ്രത്യേകിച്ചും തീർഥാടകരുടെ സുരക്ഷ, ഹജ്ജ് സംഘാടനം എന്നീ വിഷയങ്ങളിലും ചെയ്ത സേവനങ്ങളെ അവർ പ്രശംസിച്ചു. മികച്ചതും അസാധാരണവുമായ സേവനങ്ങൾ നൽകിയതിന് ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും മന്ത്രാലയങ്ങൾക്കും അവർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.