അറഫ: ഈ വർഷത്തെ ഹജ്ജ് ദൗത്യം വിജയകരമായി പുരോഗമിക്കുകയാണെന്ന് ഹജ്ജ്- ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ. 150 രാജ്യങ്ങളിൽനിന്നെത്തിയ 18,45,045 തീർഥാടകരെ വരവേൽക്കാനും ഹജ്ജ് കർമങ്ങൾ നിർവഹിക്കാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കിനൽകാനും കഴിഞ്ഞതായി അദ്ദേഹം അറഫയിലെ മന്ത്രാലയത്തിന്റെ ക്യാമ്പിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കർമങ്ങളെല്ലാം പൂർത്തീകരിച്ചശേഷം വളരെ സുരക്ഷിതമായി തന്നെ സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോകുന്നതു വരെയും മന്ത്രാലയത്തിന്റെ ജാഗ്രത തുടരും. മന്ത്രാലയവും മറ്റു വകുപ്പുകളും നേരിട്ടും ഫീൽഡ് ടീമുകളിലൂടെയും തീർഥാടകർക്ക് നൽകുന്ന എല്ലാ സേവനങ്ങളും 24 മണിക്കൂറും പിന്തുടരുകയാണ്. തീർഥാടകരുടെ യാത്രയെയും അവരുടെ കർമങ്ങളെയും ബാധിക്കുംവിധം സംവിധാനങ്ങളൊന്നും പരാജയപ്പെടാതിരിക്കാൻ പഴുതടച്ച ജാഗ്രതയും പ്രവർത്തനവുമാണ് തുടരുന്നതെന്നും പ്രതിസന്ധികളെ മന്ത്രാലയം ശക്തമായി നേരിടുമെന്നും മന്ത്രി സൂചിപ്പിച്ചു.
ഇതിനാവശ്യമായ സർവ പിന്തുണയും നൽകുന്ന ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദ് രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസിനും അദ്ദേഹം നന്ദി അറിയിച്ചു.
അതേസമയം, ഇത്തവണ ഹജ്ജിനെത്തിയ തീർഥാടകരുടെ ആകെ എണ്ണം 18,45,045 ആണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. ഇതിൽ 16,60,915 പേർ വിദേശ രാജ്യങ്ങളിൽനിന്ന് വന്നവരും 1,84,130 പേർ ആഭ്യന്തര തീർഥാടകരുമാണ്. വിദേശത്തുനിന്ന് വന്ന തീർഥാടകരിൽ 9,69,694 പേർ പുരുഷന്മാരും 8,75,351 പേർ സ്ത്രീകളുമാണ്. 150 രാജ്യങ്ങളിൽനിന്നാണ് തീർഥാടകരെത്തിയത്.
അറബ് രാജ്യങ്ങളില്‍നിന്ന് 3,46,214 പേരും അറബേതര ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് 10,56,317 പേരും ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് 2,21,863 പേരും യൂറോപ്പില്‍നിന്നും അമേരിക്കയില്‍നിന്നും ആസ്ട്രേലിയയില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നും 36,521 പേരും ഹജ്ജിനെത്തി. വിദേശ തീർഥാടകരില്‍ 15,93,271 പേര് വിമാനമാർഗവും 60,813 പേര് കരമാർഗവും 6,831 പേര് കപ്പല്‍മാർഗവും എത്തി. വിദേശ ഹാജിമാരില്‍ 2,42,272 പേർക്ക് മക്ക റൂട്ട് പദ്ധതി പ്രയോജനം ലഭിച്ചതായും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.