മക്ക: ഹജ്ജിനുശേഷം അരലക്ഷം ഇന്ത്യൻ തീർഥാടകർ നാട്ടിലേക്ക് മടങ്ങി. അതേസമയം ബാക്കിയുള്ള ഇന്ത്യൻ തീർഥാടകരിൽ മുക്കാൽ ലക്ഷം പേർ വെള്ളിയാഴ്ച ജുമുഅയിലും പ്രാർഥനയിലും പങ്കെടുക്കാൻ മക്ക മസ്ജിദുൽ ഹറാമിലും മദീന മസ്ജിദുന്നബവിയിലുമെത്തി. മക്കയിൽ 40 ഡിഗ്രിക്ക് മുകളിലായിരുന്നു വെള്ളിയാഴ്ച രേഖപ്പെടുത്തിയ ചൂട്. എന്നാൽ ഈ ചൂടെല്ലാം അവഗണിച്ച് തീർഥാടകർ ജുമുഅയിൽ പങ്കെടുത്തു. തിരക്കൊഴിവാക്കാൻ രാവിലെ 10 ഓടെ തന്നെ ഹാജിമാരെ ഹറമിലെത്തിച്ചിരുന്നു. ഹാജിമാരുടെ സഹായത്തിന് ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും എത്തിയിരുന്നു.
നമസ്കാരവും പ്രാർഥനയും പൂർത്തിയാക്കി വൈകീട്ട് നാലോടെ ഹാജിമാർ അസീസിയിൽ താമസസ്ഥലത്ത് തിരിച്ചെത്തി. 59,700 ഹാജിമാരാണ് ഇപ്പോൾ മക്കയിലുള്ളത്. 27,220 ഹാജിമാർ മദീന സന്ദർശനത്തിലാണ്. കേരളത്തിൽനിന്നുള്ള മലയാളി ഹാജിമാർ മദീനാസന്ദർശനം തുടരുകയാണ്. പതിനായിരത്തോളം ഹാജിമാർ മദീനയിൽ എത്തിയിട്ടുണ്ട്. 12 വിമാനങ്ങളിലായി രണ്ടായിരത്തോളം ഹാജിമാർ നാട്ടിലെത്തി. 8,200 മലയാളി ഹാജിമാരാണ് ഇപ്പോൾ മക്കയിലുള്ളത്. ഇവർ ഓരോ ദിവസവും മദീന സന്ദർശനത്തിന് പുറപ്പെടുന്നുണ്ട്.
മദീന സന്ദർശത്തിന് മുന്നോടിയായി ഹാജിമാർക്ക് നാട്ടിൽ നിന്നെത്തിയ വളൻറിയർമാരുടെ പ്രത്യേക ക്ലാസുകൾ അവരുടെ താമസസ്ഥലങ്ങളിൽ നടക്കുന്നുണ്ട്. യാത്രക്ക് മുന്നേ ഹാജിമാരുടെ ലഗേജുകൾ മിനിട്രക്കുകളിൽ മദീനയിലേക്ക് അയക്കും. മദീന സന്ദർശനത്തിലുള്ള ഹാജിമാർക്ക് റൗദ സന്ദർശനത്തിനുള്ള അനുമതി പത്രം അധികൃതർ നേരത്തേ തയാറാക്കിയിട്ടുണ്ട്. മദീനയിലെ ചരിത്രസ്ഥലങ്ങുളും ഹാജിമാർ സന്ദർശിക്കും. എട്ടു ദിവസത്തെ മദീനാസന്ദർശനം പൂർത്തിയാക്കിയാണ് ഹാജിമാർ നാട്ടിലേക്ക് മടങ്ങുന്നത്. കോഴിക്കോട്ടേക്കാണ് മലയാളി ഹാജിമാരുടെ മടക്കയാത്ര തുടരുന്നത്. ജൂലൈ 10 മുതൽ കൊച്ചിയിലേക്കും കണ്ണൂരിലേക്കുമുള്ള ഹാജിമാരുടെ മടക്കയാത്ര ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.