മദീന: ഹജ്ജിനെത്തുന്ന തീർഥാടകർക്ക് മക്കയിലും മദീനയിലും ഊഷ്മളമായ വരവേൽപ്പാണ് നൽകുന്നത്. സൗദി മതകാര്യ വകുപ്പിന്റെ നേതൃത്വത്തിലും വിവിധ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മകൾ, മലയാളി പ്രവാസി സംഘടനകൾ എന്നിവരുടെ ആഭിമുഖ്യത്തിലും ഹൃദ്യമായ വരവേൽപ്പാണ് തീർഥാടകർക്കെങ്ങും നൽകുന്നത്. പ്രവാചകൻ മുഹമ്മദ് നബി മക്കയിൽനിന്ന് മദീനയിലേക്ക് പലായനം ചെയ്തു വന്നപ്പോൾ അന്നത്തെ 'യസ്രിബ്' (മദീന) നിവാസികൾ സ്നേഹപൂർവ്വം വരവേൽപ്പു നടത്തിയത് ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. 'ത്വലഅൽ ബദറൂ അലൈനാ..' എന്ന് തുടങ്ങുന്ന പ്രസിദ്ധമായ അറബ് ഈരടികൾ ആലപിച്ചുകൊണ്ടായിരുന്നു പ്രവാചകനെ അന്ന് സ്വീകരിച്ചിരുന്നത്. പതിനാല് നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും മദീന നിവാസികളുടെ 'ത്വലഅൽ ബദറൂ അലൈനാ. എന്ന് തുടങ്ങുന്ന അറബി കവിത ഈരടികൾ ഉരുവിട്ടുകൊണ്ടുള്ള സ്വീകരണ രീതിക്ക് ഒരു മാറ്റവും വന്നിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. മദീനയിലെ വിമാനത്താവളത്തിൽ ഇറങ്ങുന്ന ഹാജിമാരെ പാരമ്പര്യ ആഥിത്യ മര്യാദകളോടെ വരവേൽക്കുന്ന മദീനക്കാർ പനനീർ, ഈത്തപ്പഴം തുടങ്ങിയവ നൽകി 'ത്വലഅൽ ബദറൂ അലൈനാ. എന്ന് മനോഹരമായി ആലപിച്ച് സ്വീകരിക്കുന്ന ഹൃദ്യമായ കാഴ്ചയാണിന്നും കാണാൻ കഴിയുന്നത്.
തീർഥാടകരുടെ സന്ദർശനാനുഭവം സമ്പന്നമാക്കാനും അവരുടെ ആരാധനാകർമങ്ങൾക്ക് നല്ല അന്തരീക്ഷം സൃഷ്ടിക്കാനും തീർഥാടക യാത്ര വിജയകരമാക്കാനും വേണ്ടിയുള്ള എല്ലാവിധ സേവനങ്ങളും വ്യവസ്ഥാപിതമായും കൃത്യമായും ചെയ്യാൻ 'സൗദി മതകാര്യ പ്രസിഡൻസി' പ്രതിജ്ഞാബദ്ധമാണെന്ന് വകുപ്പിന്റെ ഡെപ്യൂട്ടി ഹെഡ് ശൈഖ് മുഹമ്മദ് അൽ ഖുദൈരി പറഞ്ഞു. സൗദി ഭരണകൂടത്തിന്റെ അഭിലാഷങ്ങളും നിർദേശങ്ങളനുസരിച്ച് സാങ്കേതികവിദ്യ, ഡിജിറ്റലൈസേഷൻ, ആധുനിക മാധ്യമങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വിവർത്തന സംവിധാനം എന്നിവ ഉപയോഗിച്ച് തീർഥാടകരെ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളിലൂടെ മഹത്തരമായ സേവനങ്ങൾ വികസിപ്പിക്കുകയാണ് പ്രസിഡൻസിയുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. ഹാജിമാർ രാജ്യത്തെത്തിയത് മുതൽ മടങ്ങുന്നതുവരെ മികച്ച സേവനങ്ങൾ നൽകാൻ സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നേരത്തേ തന്നെ നിർദേശം നൽകിയിട്ടുണ്ട്.
ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് തീർഥാടകർ മക്ക, മദീന പുണ്യനഗരങ്ങളിലേക്കെ ത്തിത്തുടങ്ങിയതോടെ ഈ വർഷത്തെ ഹജ്ജിനുള്ള മുന്നൊരുക്കവും സൗദി ഭരണകൂടം പൂർത്തിയാക്കിക്കഴിഞ്ഞു. മേയ് 9 നാണ് ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘമായ ഇന്ത്യൻ തീർഥാടകരായ 285 പേരടങ്ങുന്ന ഹൈദരാബാദിൽ നിന്നുള്ള സംഘം മദീനയിലെത്തിയത്. സൗദി ഗതാഗത മന്ത്രിയും ഹജ്ജ് ഡെപ്യൂട്ടി മന്ത്രിയും ഇന്ത്യൻ അംബാസഡറും അടങ്ങുന്ന സംഘം അവരെ സ്വീകരിച്ചിരുന്നു. വരും ദിവസങ്ങളിൽ വിമാനങ്ങൾ വഴിയും കപ്പൽ വഴിയും വിവിധ രാജ്യങ്ങളിൽനിന്ന് തീർഥാടകരുടെ വർധിച്ച ഒഴുക്കായിരിക്കും പ്രകടമാകുക. ജൂൺ രണ്ടാം വാരത്തിൽ നടക്കാനിരിക്കുന്ന ഹജ്ജ് കർമങ്ങൾ തീർഥാടകർക്ക് നിർവഹിക്കാൻ കുറ്റമറ്റ ക്രമീകരണങ്ങളാണ് അധികൃതർ പൂർത്തിയാക്കിവരുന്നത്. ഹജ്ജിനെത്തുന്ന തീർഥാടകരിൽ ഏറിയ പേരും മദീനയിലെ മസ്ജിദുന്നബവിയും സന്ദർശിക്കനെത്തുന്നതിനാൽ വർധിച്ച തിരക്ക് ഇവിടെയും അനുഭവപ്പെടും. തിരക്ക് നിയന്ത്രിക്കാനുള്ള എല്ലാവിധ മുന്നൊരുക്കങ്ങളും അധികൃതർ ഇവിടെ പൂർത്തിയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.