ജിദ്ദ: ഹജ്ജ് കഴിഞ്ഞതോടെ സ്വന്തം നാടുകളിലേക്ക് മടങ്ങും മുമ്പ് ആവശ്യമായ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ ഷോപ്പിങ്ങിന്റെ തിരക്കിലമർന്ന് തീർഥാടകർ. മക്കയിലെയും മദീനയിലെയും സൂഖുകളിൽ തീർഥാടകരുടെ നല്ല നിരക്കാണ് അനുഭവപ്പെടുന്നത്.
ജിദ്ദയിലേക്കും ഷോപ്പിങ്ങിനായി വിവിധ രാജ്യക്കാർ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. പ്രധാനമായും ജിദ്ദ ബലദിലെ പുരാതന സൂഖുകളിലാണ് തീർഥാടകരുടെ തിരക്ക് അനുഭവപ്പെടുന്നത്. കുടുംബത്തിനും ബന്ധുക്കൾക്കും വേണ്ടി ഉപഹാരങ്ങളും വിവിധ സുവനീറുകളും പൈതൃക ശേഖരണങ്ങളും വാങ്ങുന്ന തിരക്കിലാണ് അവർ.
പരവതാനികൾ, ജപമാലകൾ, വിലയേറിയ കല്ലുകൾ, സ്വർണം, കഅ്ബയുടെയോ മസ്ജിദുൽ ഹറാമിന്റെയോ മസ്ജിദുന്നബവിയുടെയോ ചിത്രങ്ങൾ എന്നിവയാണ് പ്രധാനമായും തീർഥാടകർ വാങ്ങുന്നത്. ഈത്തപ്പഴം, തുണിത്തരങ്ങൾ എന്നിവ വിൽക്കുന്ന കടകളിലും തിരക്കേറിയിട്ടുണ്ട്.
അതോടൊപ്പം ജിദ്ദയിലെ പ്രധാന ചരിത്രസ്ഥലങ്ങളും മറ്റ് ആകർഷണ കേന്ദ്രങ്ങളും സന്ദർശിക്കാനും കടൽത്തീരത്ത് സമയം ചെലവഴിക്കാനും വിവിധ പരിപാടികളിൽ പങ്കെടുക്കാനും സമയം കണ്ടെത്തുന്നവരുമുണ്ട്. ഹജ്ജ് നിർവഹിച്ച് സ്വദേശത്തേക്ക് തിരിച്ചുപോകുന്നതിനു മുമ്പ് ചില ചരിത്ര പ്രധാന സ്ഥലങ്ങളും സൂഖുകളും സന്ദർശിക്കാനായ സന്തോഷത്തിലാണ് തീർഥാടകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.