മക്ക: ഹജ്ജിനായി ഇന്ത്യയിൽ നിന്നെത്തിയ ആദ്യ സംഘം തീർഥാടകർ മദീന സന്ദർശനം പൂർത്തിയാക്കി മക്കയിൽ എത്തിതുടങ്ങി. കഴിഞ്ഞമാസം 24 ന് മദീനയിൽ എത്തിയ 2400 തീർഥാടകരാണ് വൈകിട്ട് നാലുമണിയോടെ മക്കയിൽ എത്തിയത്. ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ നൂർ റഹ്മാൻ ശൈഖ്, ഹജ്ജ് കോൺസൽ ശാഹിദ് ആലം എന്നിവരുടെനേതൃത്വത്തിൽ ഇന്ത്യൻ ഹജ്ജ് മിഷൻ ഭാരവാഹികളും മുത്തവിഫ് പ്രധിനിധികളും വിവിധ മലയാളി പ്രവാസി സംഘടനകളും ചേർന്ന് സ്വീകരിച്ചു. അറബിയിലുള്ള സ്വീകരണ ഗാനങ്ങൾ ആലപിച്ചും ഈത്തപഴം, റൊട്ടി, ജ്യൂസ്, മുസല്ല, ഇഹ്റാം വസ്ത്രങ്ങൾ എന്നിവ വിതരണം ചെയ്തുമായിരുന്നു സ്വീകരണം. ഡൽഹിയിൽനിന്നുള്ള ഹാജിമാരാണ് ആദ്യ സംഘത്തിൽ ഉണ്ടായിരുന്നത്. അസീസിയ കാറ്റഗറിയിലുള്ളവർക്ക് 191,193,187 നമ്പർ കെട്ടിടങ്ങളിലും ഗ്രീൻ കാറ്റഗറിയിലുള്ളവർക്ക് 532 നമ്പർ കെട്ടിടത്തിലുമാണ് താമസമൊരുക്കിയിട്ടുള്ളത്. അസീസിയ കാറ്റഗറിയിലുള്ളവർക്ക് 24 മണിക്കൂറും ഹറമിലേക്കും തിരിച്ചും ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഹജ്ജിനുശേഷം ജിദ്ദ വഴിയായിരിക്കും ഇവർ മടങ്ങുക. ഹാജിമാർക്ക് വേണ്ട എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി ഹജ്ജ് കോൺസൽ ശാഹിദ് ആലം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.