മദീനയിലെ ഇന്ത്യൻ ഹാജിമാർ നാളെ മുതൽ മക്കയിൽ

മദീന: മദീനയിലെത്തിയ ഇന്ത്യൻ ഹാജിമാർ ബുധനാഴ്​ച മുതൽ മക്കയിലേക്ക്​ തിരിക്കും. 24ാം തിയതി മദീനയിൽ വിമാനമിറങ്ങിയ തീർഥാടകരാണ്​ ആദ്യദിനം മക്കയിൽ എത്തുക. രാവിലെ ഒമ്പതു മണിയോടെ ആദ്യ സംഘം യാത്രതിരിക്കും. ബസ്മാര്‍ഗമാണ് യാത്ര. മൂന്ന് ട്രാന്‍സ്പോര്‍ട്ട് കമ്പനികളുടെ അത്യാധുനിക ബസ്സുകളാണ് ഇത്തവണ സർവീസ് നടത്തുക. 3,000 ഒാളം തീര്‍ഥാടകര്‍ അന്ന് മക്കയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

മസ്ജിദുല്‍ ഹറാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഗ്രീന്‍കാറ്റഗറിയിലും ഏഴ് കിലോമീറ്റര്‍ അകലെ അസീസയ്യയിലുമാണ് മക്കയില്‍ താമസം ഒരുക്കിയിട്ടുള്ളത്. 15,000 പേര്‍ക്ക് ഗ്രീന്‍ ക്യാറ്റഗറിയിലും 1,10,000 പേര്‍ക്ക് അസീസിയ്യയിലുമാണ് താമസം ലഭിക്കുക. ഹാജിമാരെ സ്വീകരിക്കാന്‍ ഹജ്ജ് മിഷന്‍ സംവിധാനങ്ങള്‍ മക്കയില്‍ പൂര്‍ണ്ണ സജ്ജമാണ്. ഇതുവരെയായി 30,000 ഇന്ത്യന്‍ ഹാജിമാര്‍ മദീനയിലെത്തിയിട്ടുണ്ട്. 

ഇതര രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ വരവും ശക്തമായിട്ടുണ്ട്. ജിദ്ദ വിമാനത്തവാളം വഴി 50,000 ഒാളംഹാജിമാര്‍ ഇതുവരെയായി പുണ്യഭൂമിയിലെത്തി. ജിദ്ദ ഹജ്ജ് ടെര്‍മിനലിലും മദീന വിമാനത്താവളത്തിലും തിരക്ക് വർധിച്ചിട്ടുണ്ട്. 250 ലധികം വിമാനങ്ങള്‍ ഹാജിമാരുമായി ജിദ്ദയിലേക്ക് സർവീസ് നടത്തിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇന്ത്യ, പാകിസ്​താന്‍, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് കൂടുതലായി എത്തിയത്. ഞായറാഴ്ച മുതല്‍ ഇറാനില്‍ നിന്നുള്ള തീര്‍ഥാടകരും മദീനയില്‍ എത്തി തുടങ്ങിയിട്ടുണ്ട്. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇറാന്‍ തീര്‍ഥാടകര്‍ ഹജ്ജിനെത്തുന്നത്.

Tags:    
News Summary - hajj-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.