ജിദ്ദ: ഇരുഹറം കാര്യാലയത്തിന് കീഴിൽ ഇൗ വർഷത്തെ ഹജ്ജ് പദ്ധതിക്ക് തുടക്കമായി. രണ്ടുമാസം നീണ്ടുനിൽക്കുന്ന പദ്ധതി ദുൽഹജ്ജ് അവസാനം വരെ തുടരും. തീർഥാടകർക്ക് ആയാസരഹിതമായും സമാധാനത്തോടെയും കർമങ്ങൾ നിർവഹിക്കാൻ അവസരമൊരുക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ഇരുഹറം കാര്യാലയ മേധാവി ശൈഖ് അബ്ദുറഹ്മാൻ അൽ സുദൈസ് പറഞ്ഞു. പ്രമുഖ പണ്ഡിതരും അധ്യാപകരും പെങ്കടുക്കുന്ന സെമിനാറുകൾ, ഖുർആൻ, ലഘുലേഖകൾ എന്നിവയുടെ വിതരണം, വെള്ളിയാഴ്ചകളിലെ ഖുതുബ പ്രഭാഷണത്തിെൻറ തർജമ, മദീന മസ്ജിദുന്നബവിയിലെ പ്രത്യേക സന്ദർശനങ്ങൾ എന്നിവയും നടപ്പാക്കും.
ഹജ്ജ് തീർഥാടന കാലത്ത് മക്ക ഹറമിൽ 210 കവാടങ്ങളും മദീന മസ്ജിദുന്നബവിയിൽ നൂറു കവാടങ്ങളും തുറന്നിടും. മസ്ജിദുൽ ഹറാമിൽ 28 എസ്കലേറ്ററുകൾ തയാറായി കഴിഞ്ഞു. മദീനയിൽ നാലും. പ്രത്യേക കരുതൽ വേണ്ടവർക്കായി 38 കവാടങ്ങളാണ് മക്കയിൽ ഉള്ളത്. വനിതകൾക്ക് ഏഴും. 25,000 സംസം വെള്ളത്തിെൻറ കണ്ടെയ്നറുകളാണ് മസ്ജിദുൽ ഹറാമിൽ. മദീനയിൽ 23,000 വും. 10 ഭാഷകളിലേക്കാണ് പ്രഭാഷണങ്ങൾ തത്സമയം പരിഭാഷപ്പെടുത്തുന്നത്. ബധിരർക്കായി ആംഗ്യഭാഷയിലും ഉണ്ടാകും. വൃദ്ധർക്കും അംഗപരിമിതർക്കുമായി ആവശ്യമായ ഗോൾഫ് കാർട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്.
മത്വാഫിലും മുകൾ നിലകളിലുമായി ഒരുമണിക്കൂർ 1,07,000 പേർക്ക് ത്വവാഫ് ചെയ്യാനാകും. ബേസ്മെൻറിലെയും ഗ്രൗണ്ട് ഫ്ലോറിലേയും ശീതീകരണ സംവിധാനങ്ങൾ പൂർത്തിയായി കഴിഞ്ഞു. ഇരുഹറമുകളിലുമായി ആയിരക്കണക്കിന് പുതിയ ഫാനുകൾ ഘടിപ്പിച്ചിട്ടുണ്ട്. രണ്ടിടത്തുമായി 8,441 ടോയ്ലെറ്റുകളും 6,000 അംഗശുദ്ധി വരുത്തുന്നതിനുള്ള യൂനിറ്റുകളുമുണ്ട്. തീർഥാടനത്തിന് എത്തുന്ന വിശ്വാസികൾക്കായി സൗദി അറേബ്യ ഒരുക്കുന്ന സംവിധാനങ്ങൾ വിശദീകരിക്കുന്ന നിരവധി ടി.വി, റേഡിയോ പരിപാടികളും തയാറായി. ലോകത്തിെൻറ സകല കോണുകളിലുമുള്ള വിശ്വാസികളെ തീർഥാടനത്തിനായി സ്വാഗതം ചെയ്യുകയാണെന്ന് അൽസുദൈസ് പറഞ്ഞു. അവർക്ക് ഏറ്റവും മികച്ച സേവനം നൽകാൻ രാഷ്ട്രം ബദ്ധശ്രദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.