മക്ക: ഒറ്റക്ക് ഹജ്ജിനു പുറപ്പെടുമ്പോള്‍ ആശങ്കയിലായിരുന്നു കശ്മീരിൽനിന്ന് ഹജ് ജിനെത്തിയ നൂറബീഗം. ആദ്യമായാണ് ഗ്രാമത്തിൽനിന്ന് പുറത്തു പോകുന്നത്. ഭര്‍ത്താവും മക നും വിമാനത്താവളത്തിൽ വിട്ടതാണ്. നാട്ടുകാരായ മൂന്നു സ്ത്രീകളുമുണ്ട് കൂടെ. പുണ്യഭൂമി യിൽ എത്തിയതിൽപിന്നെ എന്നും നാട്ടില്‍ വിളിക്കുമായിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടാഴ്ചയായി നാട്ടിലേക്ക് വിളിക്കാനാവുന്നില്ല. വീടിനെക്കുറിച്ച് ഒരു വിവരവുമില്ല. ഇനി തിരിച്ചെത്തുമ്പോള്‍ ആരാണ് കൂട്ടിക്കൊണ്ടുപോകാൻ വരുക എന്നറിയില്ല. നാട്ടിൽ എന്താണ് നടക്കുന്നതെന്ന് കൃത്യമായ വിവരമില്ല.
ഇത് പറയുമ്പോള്‍ ആശങ്കയില്‍ വിതുമ്പി നൂറബീഗം. കശ്മീര്‍ ഹജ്ജ് കമ്മിറ്റി മഖേന വന്ന നൂറ ബീഗം ആൺതുണ ഇല്ലാത്ത (മഹ്റം) വിഭാഗത്തിൽ ഹജ്ജിനെത്തിയതാണ്. ഇതേ വിഭാഗത്തിൽ എത്തിയ 54 വനിത തീർഥാടകരും ഇവരുടെ കൂട്ടത്തിലുണ്ട്. ജമ്മു-കശ്മീർ ഹജ്ജ് കമ്മിറ്റിക്കു കീഴിൽ 11,700 ഹാജിമാരാണ് ഇത്തവണ തീർഥാടനത്തിെനത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയായി തടവറയായി മാറിയ ജമ്മു-കശ്മീരിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന ഹാജിമാർ ഏറെ ആശങ്കയിലാണ്. അസുഖബാധിതനായ മകനെ വിട്ടാണ് ഹജ്ജിന് എത്തിയതെന്നും രണ്ടാഴ്ചയായി ഞങ്ങൾക്ക് നാട്ടിലെ കുടുംബവുമായി ഒരു ബന്ധവുമില്ലെന്നും മാസൂദ അക്തര്‍ പറഞ്ഞു. ഇതുപോലെ നിരവധി ഹാജിമാരാണ് ചെറിയ മക്കളെയും കുടുംബത്തെയും നാട്ടിലാക്കി ഹജ്ജിന് എത്തിയിട്ടുള്ളത്. ഇവരിൽ ആർക്കും കഴിഞ്ഞ രണ്ടാഴ്ചയായി നാട്ടിലേക്ക് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഫോൺ, ഇൻറർനെറ്റ് വഴിയുള്ള എല്ലാ ബന്ധങ്ങളും വിലക്കപ്പെട്ടിരിക്കുന്നു.
തങ്ങളുടെ നാട് വിഭജിക്കപ്പെട്ടു എന്ന് മാത്രം അറിയാം. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 നീക്കം ചെയ്തതും സ്വയം നിർണയാവകാശം നിഷേധിക്കപ്പെട്ടതുമടക്കമുള്ള വിവരങ്ങൾ അറിയുന്നുണ്ട് ഇക്കൂട്ടത്തിൽ ചിലർ. പേക്ഷ, അതിനെക്കുറിച്ച് എന്തെങ്കിലും പറയാൻ ഇവർക്ക് പേടി. നാട്ടിലെത്തിയാൽ അത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചിലർ പറഞ്ഞു. പതിറ്റാണ്ടുകളായി ഇന്ത്യൻ ഭരണകൂടവും സൈന്യവും നടത്തുന്ന അടിച്ചമർത്തലുകൾ ഏറ്റുവാങ്ങേണ്ടിവന്ന ഇവർക്ക് പുതിയ സംഭവവികാസങ്ങൾ അത്ര യാദൃച്ഛികമല്ല. എങ്കിലും പുതിയ സാഹചര്യങ്ങൾ എന്തായിരിക്കുമെന്നാണിവരുടെ ആശങ്ക.
നാട്ടിലെത്തുമ്പോൾ തിരിച്ചു വീട്ടിലെത്താനുള്ള സൗകര്യങ്ങൾ ബന്ധപ്പെട്ടവർ ഒരുക്കണമെന്നാണ് അഭ്യർഥന. ശ്രീനഗര്‍ എംബാർക്കേഷൻ പോയൻറിൽ നിന്നാണ് ഇവർ യാത്ര പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.